ഹൈകോടതി ഉത്തരവ്: നീരട്ടാടി, പുഴമുടി മദ്യശാലകൾ പൂട്ടി

പനമരം/കൽപറ്റ: സമരസമിതിക്കാർ ഹൈകോടതിയെ സമീപിച്ചതോടെ പനമരം നീരട്ടാടി റോഡിലെയും കൽപറ്റ വെള്ളാരംകുന്ന് -പുഴമുടി റോഡിൽ ചുണ്ടപ്പാടിയിലെയും മദ്യശാലകൾക്ക് പൂട്ടുവീണു. ബിവറേജസ് കോർപറേഷെൻറ മാറ്റി സ്ഥാപിക്കപ്പെട്ട ഇൗ ഒൗട്ട്ലെറ്റുകൾക്ക് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രവർത്തന അനുമതി നൽകിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി ഇവയുടെ പ്രവർത്തനം താൽക്കാലികമായി തടഞ്ഞത്. നീരട്ടാടിയിലെ മദ്യഷാപ്പിന് പനമരം ഗ്രാമപഞ്ചായത്തും പുഴമുടിയിലേതിന് കൽപറ്റ നഗരസഭയും അനുമതി നൽകുന്ന മുറക്ക് ഇവക്ക് തുറന്നു പ്രവർത്തിക്കാവുന്നതാണെന്നും ഹൈകോടതി ഉത്തരവിലുണ്ട്. വ്യാഴാഴ്ച ഇരുസ്ഥലത്തും മദ്യശാല തുറക്കാൻ ജീവനക്കാർ എത്തിയെങ്കിലും ഹൈകോടതി ഉത്തരവ് ബോധ്യപ്പെട്ടതോടെ തുറന്നില്ല. സമരസമിതിക്കാരും മദ്യം വാങ്ങാനെത്തിയവരും നേർക്കുനേർ എത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചെങ്കിലും പൊലീസ് ഇടപെട്ട് ഒഴിവാക്കി. പഞ്ചായത്ത് ലൈസൻസില്ലാതെയാണ് നീരട്ടാടിയിൽ മദ്യശാല പ്രവർത്തിച്ചത്. ഈ വസ്തുതയാണ് ഹൈകോടതിക്ക് ബോധ്യപ്പെട്ടത്. കൽപറ്റ മുനിസിപ്പാലിറ്റിയും ചുണ്ടപ്പാടിയിൽ മദ്യഷോപ്പിന് ഒരു കാരണവശാലും അനുമതി നൽകില്ലെന്ന് വ്യക്തമാക്കിയിരുന്നു. കൗൺസിലർ ജൽത്രൂദ് ചാക്കോയടക്കം സമരസമിതിക്കുവേണ്ടി ശക്തമായി രംഗത്തുണ്ടായിരുന്നു. നീരട്ടാടിയിലേക്ക് മദ്യശാല മാറ്റാൻ മുന്നിട്ടിറങ്ങിയവർ പഞ്ചായത്തിെൻറ അനുമതി ഉണ്ടെന്നും മറ്റുമായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, അത്തരത്തിലുള്ള രേഖകളൊന്നും ഹാജരാക്കാൻ ബിവറേജ് അധികൃതർക്കായില്ല. തുടർന്ന് രാവിലെ 11 മണിയോടെ ജീവനക്കാർ തിരിച്ചു പോവുകയായിരുന്നു. അഡ്വ. ജോസ് തേരകമാണ് സമരസമിതിക്കുവേണ്ടി ഹൈകോടതിയിൽ ഹാജരായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.