കു​ടും​ബ​ശ്രീ വി​ഷു ച​ന്ത​ക​ൾ സ​ജീ​വ​മാ​യി; ആ​ദ്യ ദി​നം റെ​ക്കോ​ഡ്​ വി​ൽ​പ​ന

കൽപറ്റ: കുടുംബശ്രീ ആരംഭിച്ച വിഷുച്ചന്തകളിൽ ആദ്യദിനം റെക്കോഡ് വിൽപന. ജില്ലയിലെ 25 സി.ഡി.എസുകളിലായി നടക്കുന്ന ചന്തയിൽ ആദ്യദിനം മാത്രം 10 ലക്ഷത്തോളം രൂപയുടെ വിൽപനയാണ് നടന്നത്. കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളും അയൽക്കൂട്ടങ്ങളും കൃഷി ചെയ്ത നിരവധി ഉൽപന്നങ്ങളാണ് വിഷു വിപണിയിലെത്തിയിട്ടുള്ളത്. ജൈവകൃഷി മാർഗത്തിലൂടെ വിളയിച്ചെടുത്ത ഉൽപന്നങ്ങൾ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. കാന്താരി മുതൽ കണിവെള്ളരി വരെയുള്ള പച്ചക്കറികളും നാടൻ കുത്തരി, പച്ചരി, ഗന്ധകശാല അരി തുടങ്ങിയവയും വിഷു ചന്തകളിൽ യഥേഷ്ടം ലഭ്യമാണ്. മുളക്പൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി തുടങ്ങി വിവിധയിനം പൊടികളും ലഭ്യമാണ്. ഇവയിൽ മായം ചേർക്കുന്നില്ലെന്നതാണ് പ്രത്യേകത. വിഷു സദ്യക്കാവശ്യമായ എല്ലാ പച്ചക്കറികൾക്കും ചന്തകളിൽ ആവശ്യക്കാരേറെയാണ്. അച്ചപ്പം, കുഴലപ്പം, ചിപ്സ്, വറുത്തുപ്പേരി, ശർക്കര ഉപ്പേരി തുടങ്ങിയ നാടൻ പലഹാരങ്ങളും ലഭ്യമാണ്. ജില്ലയിൽ കുടുംബശ്രീ ജില്ല മിഷന് കീഴിൽ ആറായിരത്തോളം കൂട്ടുത്തരവാദിത്ത സംഘങ്ങളാണുള്ളത്. ഇവയിൽ 5000 എണ്ണം സജീവമായി കൃഷി ചെയ്യുന്ന ഗ്രുപ്പുകളാണ്. 500 ഹെക്ടർ സ്ഥലത്ത് കുടുംബശ്രീ അംഗങ്ങൾ നെൽകൃഷി മാത്രം ചെയ്തുവരുന്നു. 200 ഹെക്ടറിൽ പച്ചക്കറി, കിഴങ്ങ് വർഗങ്ങൾ തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. കുടുംബശ്രീ ജില്ല മിഷൻ കാർഷിക സർവകലാശാല പ്രാദേശിക ഗവേഷണകേന്ദ്രം, എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ ജില്ലയിലെ എല്ലാ കാർഷിക സംഘങ്ങൾക്കും ജൈവകൃഷിയിൽ ശാസ്ത്രീയ പരിശീലനം നൽകിയിട്ടുണ്ട്. കുടുംബശ്രീ ചന്തകൾക്ക് പുറമെ പൊതുവിപണിയിലും ഉൽപന്നങ്ങൾ എത്തിക്കുന്നുണ്ട്. മിതമായ വിലയിൽ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നു എന്ന പ്രത്യേകതയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.