വി​ഷ​ര​ഹി​ത​മ​ല്ല വി​ഷു​വി​പ​ണി

സുല്‍ത്താന്‍ ബത്തേരി: ഇതര സംസ്ഥാനത്തു നിന്നും വിഷലിപ്ത പച്ചക്കറികള്‍ എത്തുന്നത് തടയാന്‍ നാമമാത്രമായ നടപടികള്‍ മാത്രം. വിഷുവും ഈസ്റ്ററുമായതിനാല്‍ ഗുണ്ടല്‍പേട്ട്, മൈസൂരു എന്നിവിടങ്ങളില്‍ നിന്നും നൂറുകണക്കിന് ലോഡ് പച്ചക്കറികളാണ് ചെക്ക് പോസ്റ്റുകള്‍ വഴി കടന്നുപോകുന്നത്. ചൊവ്വാഴ്ച മുത്തങ്ങ ചെക്ക് പോസ്റ്റിലൂടെ 200 ലോഡ് പച്ചക്കറിയാണ് കടന്നുപോയത്. എന്നാല്‍, എവിടെ നിന്നാണ് പച്ചക്കറി വരുന്നതെന്നോ എവിടെയാണ് വിപണനം നടത്തുന്നതെന്നോ കൃത്യമായ ഒരു പരിശോധനയും നടത്തുന്നില്ല. അതിനാല്‍ തന്നെ വിഷലിപ്തമായ പച്ചക്കറിയാണോ വിപണിയില്‍ ലഭ്യമാകുന്നതെന്ന് അറിയാന്‍ സാധിക്കില്ല. ഭക്ഷ്യസുരക്ഷ വകുപ്പിെൻറ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പച്ചക്കറി വാഹനങ്ങളെ മാത്രമേ ചെക്ക് പോസ്റ്റിൽ നിന്നും കടത്തിവിടേണ്ടതുള്ളുവെന്നാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍, ചെക്ക് പോസ്റ്റുകളിലൊന്നും കാര്യമായ പരിശോധന നടത്തുന്നില്ല. ഇതിനുള്ള സംവിധാനങ്ങളോ ജീവനക്കാരോ ഭക്ഷ്യസുരക്ഷാ വകുപ്പിനില്ല. എവിടെ നിന്നാണ് പച്ചക്കറികള്‍ കൊണ്ടുവരുന്നതെന്ന് തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റ് മാത്രമാണ് വില്‍പന നികുതി ചെക്ക് പോസ്റ്റില്‍ പരിശോധിക്കുന്നത്. പച്ചക്കറികള്‍ വിഷമുക്തമാണോ എന്ന് പരിശോധിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമല്ലാത്തതിനാല്‍ വിൽപന നികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ കാര്യമായ പരിശോധന നടത്താറില്ല. കര്‍ണാടകത്തിലെ ഗുണ്ടല്‍പേട്ട നിന്നും മൈസൂരു നിന്നുമാണ് വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലേക്കാവശ്യമായ പച്ചക്കറികള്‍ എത്തുന്നത്. മുത്തങ്ങ, ബാവലി, കുട്ട എന്നീ വഴികളിലൂടെയാണ് പ്രധാനമായും പച്ചക്കറികള്‍ കടന്നുപോകുന്നത്. മൂന്നിടത്തും കാര്യമായ പരിശോധനയില്ല. ഏറെ നാളുകള്‍ക്ക് ശേഷം ബുധനാഴ്ച, മുത്തങ്ങ ചെക്ക് പോസ്റ്റില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഭക്ഷ്യസുരക്ഷ വകുപ്പിെൻറ കോഴിക്കോടുള്ള ലാബിലാണ് പച്ചക്കറികള്‍ പരിശോധിക്കുന്നത്. ഒരു മാസത്തോളം കഴിഞ്ഞാലെ പരിശോധന ഫലം ലഭ്യമാകൂ. പച്ചക്കറികള്‍ ശേഖരിക്കുന്ന സ്ഥലം ബോധ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റാണ് വില്‍പന നികുതി ചെക്ക് പോസ്റ്റിൽ കാണിക്കേണ്ടത്. എന്നാല്‍, പല കച്ചവടക്കാരും സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലത്തു നിന്നല്ല പച്ചക്കറികള്‍ ശേഖരിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ചെക്ക് പോസ്റ്റുകളിലും പച്ചക്കറി പരിശോധിക്കുന്നതിന് ലബോറട്ടറികള്‍ സ്ഥാപിക്കാന്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് നീക്കം നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഒന്നുമായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.