മാനന്തവാടി: നിരവധി വിദ്യാർഥികള്‍ പഠിക്കുന്ന വെള്ളമുണ്ട എ.യു.പി സ്‌കൂളിെൻറ മാനേജര്‍ വി.എം. മുരളീധരനെ അയോഗ്യനാക്കി. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറാണ് ഉത്തരവിറക്കിയത്. പ്രവൃത്തിദിവസമായ കഴിഞ്ഞ ശനിയാഴ്ച വിദ്യാലയം തുറക്കാതെ പൂട്ടിയിരുന്നു. ഇതിനെക്കുറിച്ച് എ.ഇ.ഒ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മാനേജറെ നീക്കംചെയ്തത്. പുതിയ മാനേജര്‍ നിലവില്‍ വരുന്നതുവരെ വിദ്യാലയത്തിെൻറ ചുമതല എ.ഇ.ഒക്ക് കൈമാറിക്കൊണ്ടാണ് ഉത്തരവിറക്കിയത്. വെള്ളമുണ്ട എ.യു.പി സ്‌കൂളില്‍ പ്രധാനാധ്യാപക നിയമനവുമായി ബന്ധപ്പെട്ട് മാനേജറും വിദ്യാലയത്തിലെ അധ്യാപകരും പി.ടി.എയും തമ്മില്‍ തര്‍ക്കം നിലനിൽക്കുന്നതിനിടെയാണ് ശനിയാഴ്ച സ്‌കൂള്‍ തുറക്കാനനുവദിക്കാതെ മാനേജര്‍ പൂട്ടിയത്. മാനേജര്‍ നിർദേശിച്ച അധ്യാപികക്ക് പ്രധാനാധ്യാപിക ചുമതല കൈമാറി റിപ്പോര്‍ട്ട് നല്‍കിയില്ലെന്നാരോപിച്ചായിരുന്നു സ്‌കൂള്‍ അടച്ചുപൂട്ടിയത്. എന്നാല്‍, നിലവില്‍ സീനിയോറിറ്റി പ്രകാരം ചുമതല ലഭിക്കേണ്ട അധ്യാപികക്ക് പകരം മറ്റൊരു അധ്യാപികക്ക് ചുമതല നല്‍കാനായിരുന്നു മാനേജറുടെ നിർദേശം. ഇത് നടപ്പാക്കാത്തതില്‍ പ്രകോപിതനായാണ് വിദ്യാലയം അടച്ചത്. ഇതുസംബന്ധിച്ച എ.ഇ.ഒ, ഡി.ഡി.ഇക്ക് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് ഇപ്പോള്‍ മാനേജര്‍ക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്. മാനേജര്‍ക്കെതിരെ കഴിഞ്ഞ വര്‍ഷംതന്നെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് എ.ഇ.ഒ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും വ്യക്തമായ മറുപടി മാനേജര്‍ നല്‍കിയിരുന്നില്ലെന്ന് അയോഗ്യനാക്കിക്കൊണ്ട് ഉപഡയറക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ശല്യക്കാരനായ വ്യവഹാരിയും സ്വേച്ഛാധിപതിയായ മാനേജറുമെന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് മുരളീധരനെ നീക്കം ചെയ്തിരിക്കുന്നത്. മാനേജര്‍ എന്ന നിലയില്‍ സ്‌കൂളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുകയും രേഖകള്‍ മുഴുവന്‍ പ്രധാനാധ്യാപികക്ക് മാറാനാവശ്യപ്പെടുകയും ചെയ്തുകൊണ്ടാണ് ഉപഡയറക്ടര്‍ ഉത്തരവിറക്കിയത്. ജില്ലയില്‍ ആദ്യമായാണ് എയ്ഡഡ് സ്‌കൂള്‍ മാനേജറെ വിദ്യാഭ്യാസ വകുപ്പ് അയോഗ്യനാക്കുന്നത്. ഡി.ഡി.ഇയുടെ നടപടിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കെ.എസ്.ടി.എ പ്രവര്‍ത്തകര്‍ വെള്ളമുണ്ടയില്‍ പ്രകടനം നടത്തുകയും കെ.പി.എസ്.ടി.എ ലഡുവിതരണം നടത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.