മാനന്തവാടി: വാടക ക്വാർട്ടേഴ്‌സിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പാസ്റ്ററുടെ കാറും സ്കൂട്ടറും സാമൂഹികവിരുദ്ധര്‍ കത്തിച്ചു. പടിഞ്ഞാറത്തറ ഗ്രേസ്ഫുള്‍ ഫെലോഷിപ് പെന്തകോസ്ത് പ്രാർഥനാലയത്തിലെ പാസ്റ്റര്‍ മാത്യു ഫിലിപ്പിെൻറ കാറും സ്കൂട്ടറുമാണ് കത്തിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഈ സമയം വീട്ടിനുള്ളിലുണ്ടായിരുന്ന പാസ്റ്ററും കുടുംബവും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. 12 വര്‍ഷത്തോളമായി പടിഞ്ഞാറത്തറയിലും പരിസരങ്ങളിലും മതബോധനപ്രവർത്തനങ്ങളുമായി കഴിയുന്ന പാസ്റ്റര്‍ മാത്യു ഫിലിപ്പ് രണ്ടു വര്‍ഷത്തോളമായി പാല്‍ സൊസൈറ്റിക്കു മുന്നിലുള്ള വാടക ക്വാർട്ടേഴ്‌സിലാണ് താമസിച്ചുവരുന്നത്. ക്വാര്‍ട്ടേഴ്‌സിന് താഴെ തരുവണ-പടിഞ്ഞാറത്തറ റോഡിന് ചേര്‍ന്നാണ് ഇദ്ദേഹത്തിെൻറ വാഹനങ്ങള്‍ എല്ലാ ദിവസവും നിര്‍ത്തിയിട്ടിരുന്നത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെ റോഡില്‍നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഉണര്‍ന്നപ്പോൾ വാഹനങ്ങള്‍ കത്തുന്നതാണ് കണ്ടത്. അപ്പോള്‍തന്നെ റോഡിലൂടെ ചിലർ ബൈക്ക് ഓടിച്ചുപോകുന്നത് കണ്ടതായി ഇദ്ദേഹം പറഞ്ഞു. തുടര്‍ന്ന് നാട്ടുകാരെ വിളിച്ചുണര്‍ത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കൽപറ്റയില്‍നിന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് ഒരു മണിക്കൂറിനുശേഷം തീ പൂര്‍ണമായും അണച്ചത്. തീപടര്‍ന്നതോടെ താഴേക്ക് ഇറങ്ങാന്‍ കഴിയാതെ പാസ്റ്ററും കുടുംബവും ക്വാർട്ടേഴ്‌സിന് പിറകിലൂടെയാണ് രക്ഷപ്പെട്ടത്. താമസിക്കുന്ന മുറിയോട് തൊട്ട് ചേര്‍ന്നുതന്നെയാണ് പ്രാർഥനാലയവുമുള്ളത്. ഞായറാഴ്ച ദിവസങ്ങളില്‍ മുപ്പതോളം പേര്‍ ഇവിടെ പ്രാർഥനക്കായെത്താറുണ്ട്. തീപിടിത്തത്തില്‍ താഴെനിലയിലെ ക്ഷീരസംഘത്തിെൻറ മുറിയിലുണ്ടായിരുന്ന കന്നുകാലിത്തീറ്റകളും മരുന്നുകളും നശിച്ചിട്ടുണ്ട്. പാസ്റ്ററുടെ പരാതിയില്‍ പടിഞ്ഞാറത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് സയൻറിഫിക് വിഭാഗം, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഡിവൈ.എസ്.പി കെ. മുഹമ്മദ് ഷാഫി, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി കുഞ്ഞൻ, വൈത്തിരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുൽ ഷരീഫ്, പടിഞ്ഞാറത്തറ എസ്.ഐ ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മോട്ടോര്‍ വാഹന വകുപ്പിെൻറയും വിദഗ്ധ പരിശോധനകളുടെയും ഫലങ്ങള്‍ ലഭിച്ചാല്‍ മാത്രേമ സംഭവം സംബന്ധിച്ച് വ്യക്തത ഉറപ്പാക്കാന്‍ കഴിയുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.