വേ​ന​ല്‍മ​ഴ : ഇ​ഞ്ചി ക​ര്‍ഷ​ക​ര്‍ ആ​ശ​ങ്ക​യി​ൽ

സുല്‍ത്താന്‍ ബത്തേരി: വേനല്‍മഴ പെയ്തിറങ്ങിയതോടെ കൃഷിയിടങ്ങളും സജീവമാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മീനങ്ങാടി, വാകേരി, കാക്കവയല്‍ എന്നിവിടങ്ങളില്‍ നല്ല മഴ ലഭിച്ചു. മണ്ണ് നന്നായി നനഞ്ഞതിനാല്‍ നിലമൊരുക്കുന്ന തിരക്കിലാണ് കൃഷിക്കാർ. ഇഞ്ചി, കപ്പ, ചേന തുടങ്ങിയവയാണ് കൃഷിയിറക്കുന്നത്. എന്നാല്‍, വളരെ കുറച്ചാളുകള്‍ മാത്രമാണ് കൃഷിയിടത്തിലിറങ്ങിയത്. വരള്‍ച്ചമൂലം കനത്ത നഷ്ടം സംഭവിച്ച കര്‍ഷകര്‍ ഇനിയും കൃഷിയിറേക്കണ്ടതുണ്ടോ എന്ന ആശയക്കുഴപ്പത്തിലാണ്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ വ്യാപകമായി ഇഞ്ചികൃഷി ചെയ്തിരുന്നു. കൊടിയ വേനലില്‍ ലക്ഷക്കണക്കിന് രൂപയുടെ കൃഷിയാണ് നശിച്ചത്. നല്ല വിളവ് ലഭിച്ചവരാണെങ്കില്‍ വിലയില്ലാത്തതിനെത്തുടര്‍ന്ന് ഇഞ്ചി പറിക്കാനും തയാറായിട്ടില്ല. 900 രൂപയാണ് നിലവില്‍ ഇഞ്ചിക്ക് വില. പറിച്ചാല്‍ കൂലിപോലും നല്‍കാന്‍ സാധിക്കാത്ത അവസ്ഥയാണ്. മഴ പെയ്ത് മണ്ണിന് ഇളക്കംതട്ടിയാല്‍ എളുപ്പത്തില്‍ പറിക്കാന്‍ സാധിക്കും. ഇതിനാല്‍ മഴ ശക്തമാകാന്‍ കാത്തിരിക്കുകയാണ് കര്‍ഷകർ. മഴ പെയ്ത് ഇഞ്ചി പറിക്കാന്‍ ആരംഭിക്കുന്നതോെട വീണ്ടും വിലയിടിയാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. വിപണിയില്‍ ചേനക്കു മാത്രമാണ് വിലയുള്ളത്. ചാക്കിന് 1700 രൂപയാണ് വില. ചേനലഭ്യത കുറവായതിനാല്‍ ഇനിയും വില വര്‍ധിക്കാനും സാധ്യതയുണ്ട്. 20 രൂപ വരെയാണ് മൊത്തക്കച്ചവടത്തില്‍ കപ്പയുടെ വില. ചെറുകിട കച്ചവടക്കാര്‍ 30 രൂപക്കാണ് വില്‍ക്കുന്നത്. നോട്ടുനിരോധനം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി ഏറക്കുറെ മറികടക്കാന്‍ വിപണിക്ക് സാധിച്ചു. എന്നാല്‍, വ്യാപാരം വലിയ രീതിയില്‍ നടക്കുന്നില്ല. ചെറുകിട കര്‍ഷകര്‍ മാത്രമാണ് കൃഷിയിടത്തില്‍ പണി ചെയ്യുന്നത്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവര്‍ ആരുംതന്നെ ഇത്തവണ സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമം നടത്തുന്നില്ല. അടുത്ത വര്‍ഷം ഇഞ്ചികൃഷിയില്‍ ഇടിവുണ്ടാകുമെന്നാണ് കൃഷിക്കാര്‍ പറയുന്നത്. 10 ഏക്കര്‍ കൃഷി ചെയ്തിരുന്നവര്‍ ഈ വര്‍ഷം അഞ്ച് ഏക്കര്‍ മാത്രമാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. കര്‍ണാടകത്തില്‍ ജലക്ഷാമം രൂക്ഷമായതില്‍ ഇവിടെയും കൃഷി ചെയ്യാന്‍ സാധിക്കാതെ വരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.