മ​ദ്യ വി​ൽ​പ​ന​ശാ​ല​ക്കെ​തി​രെ നാ​ട്ടു​കാ​ർ പ്ര​ക്ഷോ​ഭ​ത്തി​ന്​

കൽപറ്റ: മാർച്ച് 30ന് കൽപറ്റക്കടുത്ത് ചുണ്ടപ്പാടിയിൽ പ്രവർത്തനം തുടങ്ങിയ മദ്യ വിൽപനശാലക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ. ജനവാസ മേഖലയിൽ സ്ഥാപിച്ച മദ്യവിൽപനശാല നാട്ടുകാർക്ക് ശല്യമാകുന്നുവെന്നും നഗരസഭയുടെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഇവിടെനിന്ന് ഉടൻ മാറ്റണമെന്നും പ്രദേശവാസികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രദേശവാസികൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്ന രീതിയിലാണ് ബിവറേജസ് മദ്യവിൽപനശാല പ്രവർത്തിക്കുന്നത്. സ്വകാര്യബസ് സർവിസുള്ള ഇടുങ്ങിയ റോഡിനരികെയാണ് ഇത് പ്രവർത്തിക്കുന്നത്. വെള്ളാരംകുന്ന് - പുഴമുടി റോഡിൽ ഒരു ബസ് വന്നാൽ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തവിധം വീതി കുറഞ്ഞ റോഡിൽ മദ്യവിൽപന നടക്കുന്നതിനാൽ വാഹനങ്ങൾ തോന്നുംപോലെ പാർക്ക് ചെയ്യുകയാണ്. ഇതുവഴി സഞ്ചരിക്കുന്ന കുട്ടികൾക്കും സ്ത്രീകൾക്കും ബിവറേജസ് ഔട്ലെറ്റ് ഭീഷണിയായി മാറിയിരിക്കുകയാണ്. രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനുപോലും സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇൗ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവൺമെൻറ് കോളജ്, ക്രിസ്തുരാജ പബ്ലിക് സ്കൂൾ, സെമിനാരി, മൂവട്ടി ആദിവാസി കോളനി, കൂനാമ്മൽ കോളനി, തലയാരംകുന്ന് കോളനി, കരുമാലി നായ്ക്കകോളനി, പുഴമുടി സെൻറ് മേരീസ് ദേവാലയം എന്നിവക്കെല്ലാം മദ്യ വിൽപനശാല ഏറെ ഭീഷണി ഉയർത്തുന്നുണ്ട്. വാഹനങ്ങൾ തോന്നുംപടി നിർത്തിയിടുന്നതിനു പുറമെ മദ്യ വിൽപനശാലയുടെ സമീപം മദ്യപിച്ച് ബഹളമുണ്ടാക്കുന്നതും റോഡിൽ തടസ്സം സൃഷ്ടിക്കുന്നതും പതിവാണ്. ചുണ്ടപ്പാടിയിലെ സ്വകാര്യവ്യക്തിയുടെ വീട്ടിൽ പ്രവർത്തിക്കുന്ന മദ്യവിൽപനശാല നഗരസഭയുടെ അനുമതിയില്ലാതെയാണ് പ്രവർത്തിക്കുന്നത്. എത്രയും വേഗം മദ്യവിൽപനശാല ഇവിടെ നിന്നു മാറ്റിസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് രൂപം കൊടുക്കുമെന്ന് മുനിസിപ്പൽ കൗൺസിലർ ജെൽത്രൂദ് ചാക്കോ, പ്രദേശവാസികളായ ഷെൽസ് ജോസ്, എം.ജെ. വിൽസൺ, ബാബു മാത്യു, ടി.എ. ബൽറാം എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.