കൃഷിനാശം: കുടിശ്ശിക 26 കോടി; കര്‍ഷകര്‍ പ്രതിസന്ധിയില്‍

മാനന്തവാടി: വരള്‍ച്ചയിലും വെള്ളപ്പൊക്കത്തിലും ജില്ലയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ലഭിക്കേണ്ട കുടിശ്ശിക 26,14,26,930 കോടി രൂപ. കര്‍ഷകര്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. 2014 മുതല്‍ മൂന്നുവര്‍ഷങ്ങളായി കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുകയുടെ കണക്കാണിത്. ഒന്നരവര്‍ഷമായി സര്‍ക്കാറില്‍നിന്ന് ഫണ്ടുകള്‍ അനുവദിക്കാത്തതാണ് നഷ്ടപരിഹാര വിതരണം കുടിശ്ശികയാകാന്‍ കാരണം. ഏറ്റവും അവസാനമായി 2013ലെ നഷ്ടപരിഹാരത്തുകയായ രണ്ടുകോടി രൂപ വിതരണം ചെയ്തത് 2015 ഫെബ്രുവരിയിലാണ്. ജനുവരി മുതല്‍ മേയ് വരെയുള്ള വേനല്‍ മഴയിലുണ്ടായ 4,98,10,643 രൂപ, തെക്കുവടക്കന്‍ കാലവര്‍ഷമായി അറിയപ്പെടുന്ന ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലെ രണ്ടുകോടി 25 ലക്ഷം രൂപ, ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള വടക്കുകിഴന്‍ കാലാവസ്ഥയിലുള്ള 1.98 കോടി രൂപ എന്നിങ്ങനെ 9, 21,10,643 രൂപ 2014ലെ നഷ്ടമായി കര്‍ഷകര്‍ക്ക് നല്‍കാനുണ്ട്. 2015ലെ 15,36,67,000 രൂപയും നടപ്പുവര്‍ഷത്തെ വരള്‍ച്ചാ ദുരിതാശ്വാസവും ഉള്‍പ്പെടെയാണ് 26,14,26,930 രൂപ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. ജില്ലയിലെ കൃഷിഭവന്‍ മുഖേന 5000ത്തിലധികം കര്‍ഷകരുടെ നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തിയ തുകയാണ് നല്‍കാനുള്ളത്. നെല്ല്, വാഴ, കവുങ്ങ്, തെങ്ങ്, കപ്പ, കാപ്പി, കുരുമുളക് തുടങ്ങിയ കൃഷിനാശത്തിന്‍െറ നഷ്ടപരിഹാരമാണ് ഇത്രയും തുക. വാഴകൃഷിക്കുള്‍പ്പെടെ കുറഞ്ഞ നഷ്ടപരിഹാരമാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ ഒരു വാഴക്ക് 150ലധികം രൂപ കര്‍ഷകന് മുടക്ക് വരുമെങ്കിലും സര്‍ക്കാര്‍ നല്‍കുന്നത് 100 രൂപയാണ്. നെല്‍കൃഷി നഞ്ചക്ക് ഹെക്ടറിന് 6800 രൂപയും പുഞ്ചക്ക് 13,500 രൂപയുമാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം. ഇതുപോലും കൃത്യമായി ലഭിക്കാതെ വരുന്നതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് കൃഷിയിറക്കി കാലവര്‍ഷത്തില്‍ നഷ്ടം സംഭവിച്ചവര്‍ ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന തുച്ഛമായ നഷ്ടപരിഹാരത്തിനായി കൃഷിഭവനുകള്‍ കയറിയിറങ്ങുകയാണ്. ബാങ്ക് പലിശയെങ്കിലും നല്‍കാനുള്ള പ്രതീക്ഷ മാത്രമാണ് ഇവര്‍ക്കുള്ളത്. ഇത്തരത്തില്‍ കടക്കെണിയിലായവരില്‍ ഭൂരിഭാഗവും വാഴക്കര്‍ഷകരാണ്. ഇത്തവണ വാഴക്കുലക്ക് മാന്യമായ വില ലഭിച്ചതുകൊണ്ടുമാത്രമാണ് കര്‍ഷകര്‍ പിടിച്ചുനില്‍ക്കുന്നത്. തങ്ങള്‍ അധികാരത്തിലത്തെിയാല്‍ ഉടന്‍ കര്‍ഷകരുടെ നഷ്ടപരിഹാരം വിതരണം ചെയ്യുമെന്നായിരുന്നു എല്‍.ഡി.എഫിന്‍െറ വാഗ്ദാനം. എന്നാല്‍, മാസങ്ങള്‍ പിന്നിട്ടിട്ടും നടപടിയൊന്നുമായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.