ജൈക്കോ കാര്‍ഡ് ജില്ലയിലും പരീക്ഷിക്കുന്നു

മാനന്തവാടി: പാലക്കാട് നെല്‍വയലുകളില്‍ പരീക്ഷിച്ച് വിജയംകണ്ട ജൈക്കോ കാര്‍ഡ് (മിത്ര കീട വ്യാപന പദ്ധതി) വയനാട്ടിലെ നെല്‍പാടങ്ങളിലേക്കും. ജില്ലയിലെ നെല്‍പാടങ്ങളിലെ അമിത കീടനാശിനിപ്രയോഗം നിയന്ത്രിക്കുന്നതിനായാണ് കൃഷിയിടങ്ങളില്‍ ഇവ പരീക്ഷിക്കുന്നത്. നെല്‍ച്ചെടികളുടെ ശത്രുഗണത്തില്‍പെട്ട തണ്ടുതുരപ്പന്‍, ഓലചുരുട്ടി പ്രാണികളെ നശിപ്പിക്കാനാണ് പാലക്കാട് ജില്ലയില്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന കൃഷിമിത്ര ഗണത്തില്‍പെട്ട വേട്ടാളവിഭാഗത്തിലെ കടന്നല്‍ കുഞ്ഞുങ്ങളുടെ വ്യാപനം ജില്ലയിലും വര്‍ധിപ്പിക്കുന്നത്. കൃഷിക്ക് ദോഷം ചെയ്യാത്തതും എന്നാല്‍, കൃഷിക്കാരന് ലാഭകരമായതുമായ രീതി ആത്മക്ക് കീഴിലുള്ള ലീഡ്സ് വിജ്ഞാനവ്യാപന പദ്ധതിയിലൂടെ ജില്ലയിലെ കര്‍ഷകര്‍ക്ക് ലഭ്യമാക്കും. ജില്ലയിലെ നെല്‍പാടങ്ങളില്‍ നെല്‍ച്ചെടികളില്‍ വ്യാപകമായി കണ്ടുവരുന്ന തണ്ടുതുരപ്പന്‍, ഓലചുരുട്ടി പ്രാണികളെ നശിപ്പിക്കാന്‍ മാരക വിഷങ്ങളടങ്ങിയ എക്കാലക്സ്, കരാട്ടേ തുടങ്ങിയ കീടനാശിനികളാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കര്‍ഷകര്‍ ഉപയോഗിക്കാറുള്ളത്. ഒരു ഏക്കര്‍ കൃഷിയിടത്തില്‍ ഇത്തരത്തില്‍ മരുന്നുപ്രയോഗത്തിനായി തൊഴിലാളികളുടെ കൂലി ഉള്‍പ്പെടെ വന്‍ സാമ്പത്തിക ബാധ്യതയും കര്‍ഷകനുണ്ടാവുന്നു. ഇതിനുപുറമെ കൃഷിയിടങ്ങളിലെ കൃഷിമിത്ര പ്രാണിവിഭാഗത്തില്‍പെട്ട ചിലന്തികള്‍, വിവിധയിനം വണ്ടുകള്‍, പുല്‍ച്ചാടികള്‍ തുടങ്ങി എട്ടോളം പ്രാണികളും രാസവളപ്രയോഗത്തിലൂടെ നശിക്കുന്നു. ഇത് കൃഷിക്ക് ദോഷം വരുത്തുകയും ചെയ്യുന്നു. ജൈവകൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കുപോലും കീടനാശിനിപ്രയോഗത്തില്‍നിന്ന് മാറിനില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജൈവകൃഷി പ്രോത്സാഹനത്തിനായി പ്രവര്‍ത്തിക്കുന്ന ആത്മക്ക് കീഴിലുള്ള ലീഡ്സ് വിജ്ഞാനവ്യാപന പദ്ധതിപ്രകാരം ജില്ലയിലെ കര്‍ഷകര്‍ക്ക് തൃശൂര്‍ മണ്ണൂത്തിയില്‍നിന്ന് ജൈക്കോ കാര്‍ഡുകളത്തെിച്ച് നല്‍കുന്നത്. കൃത്രിമ രീതിയില്‍ ഉല്‍പാദിപ്പിക്കപ്പെട്ട ആയിരക്കണക്കിന് വേട്ടാളകടന്നല്‍ മുട്ടകളാണ് ജൈക്കോകാര്‍ഡുകളിലുണ്ടാവുക. ട്രൈക്കോഗ്രാമ ചിലോണീസ്, ട്രൈക്കോഗ്രാമ്മ ജാപോണിക്ക എന്നപേരുകളിലറിയപ്പെടുന്ന രണ്ട് തരം കാര്‍ഡുകള്‍ കൃഷിയിടത്തില്‍ ഇടവിട്ട് സ്ഥാപിക്കുകയാണ് വേണ്ടത്. അരയേക്കര്‍ വയലില്‍ 45 രൂപ വരുന്ന ഒരു സി.സി കാര്‍ഡാണ് ഇടവിട്ട് നെല്ളോലകള്‍ക്കിടയില്‍ സ്ഥാപിക്കേണ്ടത്. കാര്‍ഡുകള്‍ നെല്ളോലകള്‍ക്കടിയില്‍ സ്റ്റാപ്പിള്‍ ചെയ്ത് വെക്കുകയോ നൂലില്‍ കോര്‍ത്ത് കമ്പില്‍ കെട്ടി തൂക്കിയിടുകയോ ചെയ്യാം. ഇത്തരത്തില്‍ മൂന്നു തവണയെങ്കിലും നെല്‍കൃഷിയിടത്തില്‍ മാറ്റി സ്ഥാപിക്കണം. നേരിയ താപം ലഭിക്കുന്നതോടെ കാര്‍ഡിലുള്ള മുട്ടകള്‍ വിരിഞ്ഞ് കൃഷിയിടത്തില്‍ വ്യാപിക്കും. പിന്നിട് ഇവ ഓലചുരുട്ടിയുടെയും തണ്ടുതുരപ്പന്‍െറയും മുട്ടകള്‍ക്ക് മുകളില്‍ മുട്ടയിട്ട് അവയുടെ പ്രജനനം പൂര്‍ണമായും തടയും. ഒരുവര്‍ഷം കൊണ്ടുതന്നെ ഇവ കൃഷിയിടത്തില്‍ വ്യാപിച്ചുകഴിഞ്ഞാല്‍ അടുത്തവര്‍ഷത്തിലും കീടങ്ങളുടെ ശല്യം ഉണ്ടാവില്ളെന്നതാണ് ഇതിന്‍െറ പ്രത്യേകത. കല്‍പറ്റ ബ്ളോക്കിലെ പടിഞ്ഞാറത്തറ, തരിയോട്, മുട്ടില്‍ വെങ്ങപ്പള്ളി പഞ്ചായത്തുകളിലാണ് തുടക്കത്തില്‍ പരീക്ഷണാര്‍ഥം ഇത് പ്രയോഗിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.