തെരുവുനായ്ക്കളെ വന്ധ്യംകരിക്കാന്‍ പദ്ധതി

കല്‍പറ്റ: തെരുവുനായ്ക്കളെ വന്ധ്യംകരിക്കാന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി) സംവിധാനം താമസിയാതെ ജില്ലയിലും പ്രവര്‍ത്തന സജ്ജമാകും. പശ്ചാത്തല സൗകര്യങ്ങളെല്ലാം ഒരുങ്ങുന്ന മുറക്ക് നവംബറോടെ തെരുവുനായ്ക്കള്‍ അടക്കമുള്ള മൃഗങ്ങളെ വന്ധ്യംകരിക്കാനുള്ള സംവിധാനം പ്രാബല്യത്തിലാവും. സുല്‍ത്താന്‍ ബത്തേരി കേന്ദ്രീകരിച്ചാണ് പദ്ധതി തുടക്കത്തില്‍ നടപ്പാവുന്നത്. ജില്ലാ പഞ്ചായത്തും ആനിമല്‍ ഹസ്ബെന്‍ഡറി വകുപ്പും സംയുക്തമായാണ് വയനാട്ടില്‍ പദ്ധതി തയാറാക്കുന്നത്. ഇതിനായി ജില്ലാ പഞ്ചായത്ത് 44 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കെട്ടിട നിര്‍മാണമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഈ തുക ഉപയോഗിച്ച് സജ്ജമാക്കും. ബത്തേരി മൃഗാശുപത്രിക്കടുത്തായാണ് ഇതിനുള്ള സജ്ജീകരണങ്ങളൊരുക്കുന്നത്. എല്ലാ സംവിധാനങ്ങളുമുള്ള മൊബൈല്‍ വെറ്ററിനറി ആംബുലന്‍സിന്‍െറ സഹായത്താലാവും പദ്ധതി തുടക്കത്തില്‍ മുന്നോട്ടുപോവുക. മറ്റു പഞ്ചായത്തുകളില്‍നിന്നുള്ള നായ്ക്കളെയും പിടികൂടി ബത്തേരിയിലത്തെിച്ച് വന്ധ്യംകരിക്കും. കാസര്‍കോട്, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ എ.ബി.സി പദ്ധതിക്ക് ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്. ജില്ലയില്‍ മൂവായിരത്തോളം തെരുവുനായ്ക്കളുണ്ടെന്ന് വെറ്ററിനറി അധികൃതര്‍ പറഞ്ഞു. വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ 25000ത്തോളം വരും. വളര്‍ത്തുനായ്ക്കള്‍ക്ക് വാക്സിനേഷന് രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എ.ബി.സി പദ്ധതിക്കായി മൂന്നു വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും. സംസ്ഥാനത്തുടനീളം ഇതിനായി ഡോക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുകയാണ് ചെയ്യുന്നത്. വന്ധ്യംകരിക്കുന്നതിനു പുറമെ പേവിഷബാധക്കെതിരെയുള്ളതടക്കം വാക്സിനേഷനുകളും നല്‍കും. ദിവസം 15 നായ്ക്കളെ വന്ധ്യംകരിക്കാനുള്ള സജ്ജീകരണങ്ങളാണ് കേന്ദ്രത്തില്‍ ഒരുക്കുക. ശാസ്ത്രക്രിയക്കായി നായ്ക്കളെ പിടികൂടാന്‍ പ്രത്യേക ആളുകളെ നിയോഗിക്കും. വന്ധ്യംകരിച്ചതിനുശേഷം ഇവയെ പരിചരിക്കാനും ആളുകളുണ്ടാവും. തെരുവുനായ്ക്കളെ മൂന്നുദിവസം ഇത്തരം കേന്ദ്രങ്ങളില്‍ താമസിപ്പിക്കും. വന്ധ്യംകരിച്ചശേഷം രണ്ടുദിവസം ഇവയെ പ്രത്യേകം നിരീക്ഷിക്കും. വാക്സിനേഷന്‍ നല്‍കിയശേഷം ഇവയെ ഏറ്റെടുക്കാന്‍ മൂന്നു ദിവസങ്ങള്‍ക്കിടെ ആരെങ്കിലും വന്നാല്‍ അവര്‍ക്ക് കൈമാറുമെന്നും അധികൃതര്‍ പറഞ്ഞു. അല്ലാത്ത പക്ഷം ഇവയെ എവിടെ നിന്നാണോ പിടികൂടിയത് ആ സ്ഥലത്ത് കൊണ്ടുവിടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.