ട്രാഫിക് നിയമം തെറ്റിച്ച് ഡ്രൈവര്‍മാര്‍; വൈത്തിരിയില്‍ വാഗ്വാദം പതിവ്

വൈത്തിരി: ട്രാഫിക് പരിഷ്കാരമനുസരിച്ച് വൈത്തിരിയില്‍ സ്റ്റോപ്പുള്ള എല്ലാ ബസുകളും പഞ്ചായത്ത് ബസ്സ്റ്റാന്‍ഡില്‍ കയറണമെന്ന പൊലീസ് നിര്‍ദേശം തെറ്റിച്ച് ട്രാന്‍സ്പോര്‍ട്ട് ബസുകള്‍. ഇതുമൂലം പൊലീസും ട്രാന്‍. ബസ് ഡ്രൈവര്‍മാരും തമ്മിലുള്ള വാഗ്വാദം പലപ്പോഴും സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പകല്‍ മുഴുവനും ട്രാഫിക് പൊലീസിനെ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിയോഗിച്ചിട്ടുണ്ട്. ബസുകളില്‍ ചിലത് സ്റ്റാന്‍ഡിനു പുറത്തു മെയിന്‍ റോഡില്‍ നിര്‍ത്തി ആളെ കയറ്റുന്നതുമൂലം യാത്രക്കാര്‍ റോഡിനു കുറുകെ ഓടുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നുമുണ്ട്. വൈത്തിരിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പൊലീസ് കൊണ്ടുവന്ന പരിഷ്കരണങ്ങളിലൊന്നായ എല്ലാ ബസുകളും സ്റ്റാന്‍ഡില്‍ കയറ്റുക എന്നതിനോട് പല കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരും സഹകരിക്കുന്നില്ളെന്ന് മാത്രമല്ല, നടുറോഡില്‍ ബസ് നിര്‍ത്തി പ്രതിഷേധിക്കുകയും ചെയ്തു. നാലു തവണ വൈത്തിരി പൊലീസ് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തെങ്കിലും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവും എന്നതിനാല്‍ ബസ് പിടിച്ചെടുക്കാതിരുക്കുകയായിരുന്നുവെന്ന് എസ്.ഐ പറഞ്ഞു. ഞായറാഴ്ച പെരിക്കല്ലൂരിലേക്ക് പോകുന്ന ടി.ടി ബസ്സ്റ്റാന്‍ഡില്‍ കയറ്റാതെ പോയത് ചോദ്യംചെയ്ത ജോളി എന്ന പൊലീസുകാരനെ ഡ്രൈവര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇത് നേരിയ സംഘര്‍ഷത്തിനിടയാക്കി. ടാക്സി, ഓട്ടോറിക്ഷ ഡ്രൈവര്‍മാരും പൊലീസിന്‍െറ സഹായത്തിനത്തെി. ഞായറാഴ്ച ട്രാഫിക് പൊലീസുകാരനെ ബസ് ഇടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് നാട്ടുകാര്‍ ചേര്‍ന്ന് ഏറെനേരം ബസ് തടഞ്ഞിട്ട് പ്രതിഷേധിച്ചു. ട്രാന്‍. ഡ്രൈവര്‍മാരുടെ ധിക്കാരം തുടര്‍ന്നാല്‍ ശക്തമായി നേരിടുമെന്ന് നാട്ടുകാര്‍ അറിയിച്ചു. റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ബോര്‍ഡ് മീറ്റിങ് ഉത്തരവിറക്കിയിട്ടും പൂക്കോട് തടാകം (തളിപ്പുഴ) ബസ്സ്റ്റോപ്പില്‍ ടി.ടി ബസുകള്‍ നിര്‍ത്താന്‍ തയാറാകാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. നിരവധി തവണ നിവേദനം നല്‍കിയിട്ടും മുന്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രി നിര്‍ദേശം നല്‍കിയിട്ടും മുടന്തന്‍ ന്യായങ്ങള്‍ നിരത്തി ബസുകള്‍ നിര്‍ത്തുകയില്ളെന്ന പിടിവാശിയിലാണ് കെ.എസ്.ആര്‍.ടി.സിയെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഫെബ്രുവരി 26ന് കലക്ടറേറ്റില്‍ ചേര്‍ന്ന റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ബോര്‍ഡ് മീറ്റിങ്ങില്‍ തളിപ്പുഴയില്‍ എല്ലാ ടി.ടി ബസുകളും നിര്‍ത്താന്‍ ഉത്തരവിറക്കിയിരുന്നു. ഓര്‍ഡറിന്‍െറ പകര്‍പ്പുമായി നാട്ടുകാര്‍ പലതവണ കെ.എസ്.ആര്‍.ടി.സി എം.ഡിയെയും ഓപറേഷന്‍സ് ഡയറക്ടറെയും സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. അധികൃതരുടെ നിഷേധാത്മക നിലപാടില്‍ നാട്ടുകാര്‍ രോഷാകുലരാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.