ശാന്തിനഗര്‍ കോളനിക്കാര്‍ക്ക് വെള്ളം കിട്ടണമെങ്കില്‍ പണിമുടക്കണം

തരിയോട്: കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് ശാന്തിനഗര്‍ കോളനിവാസികള്‍ ദുരിതത്തില്‍. തരിയോട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ ഉയര്‍ന്ന പ്രദേശത്താണ് ശാന്തിനഗര്‍ കോളനി സ്ഥിതി ചെയ്യുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ ആരംഭിച്ച കുടിവെള്ള പദ്ധതി മാസങ്ങള്‍ക്കുള്ളില്‍ നിലച്ചു. അതിനാല്‍തന്നെ പല കുടുംബങ്ങള്‍ക്കും ആവശ്യത്തിന് കുടിവെള്ളം എത്തിക്കാന്‍ അധികൃതര്‍ നടപടികളെടുക്കുന്നില്ളെന്ന് ആക്ഷേപമുണ്ട്. മുപ്പതോളം പട്ടികവര്‍ഗ കുടുംബങ്ങളാണ് ശാന്തിനഗര്‍ കോളനിയില്‍ താമസിക്കുന്നത്. കുടിവെള്ള ക്ഷാമം ഏറ്റവും കൂടുതല്‍ നേരിടുന്ന തരിയോട് പഞ്ചായത്തിലെ പ്രധാന മേഖലയാണിത്. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് പതിറ്റാണ്ടുകളായി പല പദ്ധതികളും ആവിഷ്കരിക്കുന്നുണ്ടങ്കിലും അവയൊന്നും പ്രാവര്‍ത്തികമായിരുന്നില്ല. 2008-09 സാമ്പത്തിക വര്‍ഷത്തില്‍ പഞ്ചായത്ത് ലക്ഷങ്ങള്‍ ചെലവിട്ട് രാജീവ്ഗാന്ധി പ്രത്യേക കുടിവെള്ള പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയിരുന്നു. ഇതിനായി പ്രദേശത്ത് കിണര്‍ കുഴിച്ച് പമ്പ് സെറ്റും സംഭരണിയും സ്ഥാപിച്ച് ഓരോ വീടുകളിലേക്കും കുടിവെള്ളം വിതരണം ചെയ്യുകയായിരുന്നു പദ്ധതി. എന്നാല്‍, ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ പദ്ധതി നിലച്ചു. പദ്ധതിയുടെ ഭാഗമായ മോട്ടോറുകളുടെ എന്‍ജിന്‍ ഇടക്കിടെ തകരാറിലാവുന്നതായിരുന്നു പ്രധാന കാരണം. കുടിവെള്ള പ്രശ്നം രൂക്ഷമായതോടെ കോളനിക്ക് താഴെ സ്ഥാപിച്ചിട്ടുള്ള ഒരു പൊതു പൈപ്പിനെയാണ് നിലവില്‍ ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്. അതും ആഴ്ചയില്‍ രണ്ടു ദിവസം മാത്രം വിതരണം ചെയ്യുന്ന വെള്ളമായതിനാല്‍ വെള്ളം പിടിക്കേണ്ട പലര്‍ക്കും അന്നത്തെ ദിവസങ്ങളില്‍ ജോലിക്ക് പോവാന്‍ സാധിക്കില്ല. ഒരേ സമയത്തായതിനാല്‍ നിരവധി പേര്‍ വെള്ളം ശേഖരിക്കാന്‍ എത്തുന്നത് തിരക്ക്മൂലം പലപ്പോഴും വാക്കേറ്റങ്ങള്‍ക്കും കാരണമാകാറുണ്ട്. പ്രദേശവാസികള്‍ നിരവധി തവണ ഈ വിഷയം ബന്ധപ്പെട്ടവരുടെ മുന്നില്‍ അവതരിപ്പിച്ചെങ്കിലും പ്രാദേശിക ഭരണകൂടവും ഉദ്യോഗസ്ഥരും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.