കാശുവാരുമ്പോഴും കര്‍ളാടിനോട് അവഗണനതന്നെ

മാനന്തവാടി: ഡി.ടി.പി.സിക്ക് കീഴിലുള്ള കര്‍ളാട് വിനോദസഞ്ചാര കേന്ദ്രത്തില്‍ സൗകര്യം ഒരുക്കാന്‍ അധികൃതര്‍ക്ക് വിമുഖത. വിനോദസഞ്ചാരികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോഴും നവീകരണം പൂര്‍ത്തിയാക്കുന്നതിലും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിലും ഡി.ടി.പി.സിക്ക് തികഞ്ഞ അനാസ്ഥ. ഇക്കഴിഞ്ഞ ബക്രീദ്, ഓണം അവധി ദിവസങ്ങളില്‍ സന്ദര്‍ശനത്തിനത്തെിയ വിനോദ സഞ്ചാരികളുടെ എണ്ണം കേന്ദ്രം തുടങ്ങിയതിനുശേഷമുള്ള റെക്കോഡായിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ 10,230 പേര്‍ സന്ദര്‍ശിക്കുകയും 8,29,070 രൂപ വരുമാനം ലഭിക്കുകയും ചെയ്തു. ആറുമാസം മുമ്പ് ഭാഗിക നവീകരണം നടത്തി തുറന്ന കേന്ദ്രത്തിന് ഇതിനോടകംതന്നെ മുടക്കുമുതലിനേക്കാളേറെ വരുമാനം ലഭിച്ചിട്ടുണ്ട്. എന്നിട്ടും നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതില്‍ അധികൃതര്‍ക്ക് അലംഭാവമെന്നാണ് ആക്ഷേപം. പായല്‍ മൂടിയ തടാകവും കാടുപിടിച്ച പൂന്തോട്ടവും നവീകരിച്ചതിനെ തുടര്‍ന്നാണ് ഈവര്‍ഷം കൂടുതല്‍ പേര്‍ ഇവിടെയത്തെിയത്. 74 ലക്ഷം രൂപയുടെ നവീകരണപ്രവൃത്തികള്‍ ഭാഗികമായി പൂര്‍ത്തിയാക്കിയത് ആറുമാസം മുമ്പാണ്. തടാകത്തിന് കുറുകെയുള്ള സിപ്ലൈന്‍, വാച്ച്ടവറിന് മുകളിലേക്കുള്ള റോപ്പ് കൈ്ളമ്പിങ്, കയാക്കിങ് എന്നിവയാണ് പുതുതായി തുടങ്ങിയ വിനോദ ഇനങ്ങള്‍. ഈ മൂന്നിനങ്ങളിലായി മാത്രം കഴിഞ്ഞ ആറുമാസത്തിനിടെ കേന്ദ്രത്തിന് 54 ലക്ഷത്തോളം രൂപ വരുമാനം ലഭിച്ചതായാണ് കണക്കുകള്‍. ഇതിനുപുറമെ എന്‍ട്രന്‍സ് ഫീ ഇനത്തിലും ബോട്ടുപയോഗത്തിലൂടെയും നല്ല വരുമാനം ലഭിച്ചിട്ടുണ്ട്. ഈ മാസം 15 ന് മാത്രം ലഭിച്ചത് 1,41,050 രൂപയാണ്. എന്നാല്‍, നവീകരണപ്രവൃത്തിയുടെ ഒരുഭാഗംമാത്രം പൂര്‍ത്തിയാക്കിയശേഷം ഇത്രയധികം വരുമാനമുണ്ടാക്കിയിട്ടും ബാക്കി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതില്‍ ഡി.ടി.പി.സി തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ടെന്‍റുകള്‍ ഉപയോഗപ്രദമാക്കാനോ അഡ്വഞ്ചര്‍ പാര്‍ക്കിലെ ബാക്കിയുള്ള ഇനങ്ങള്‍ ആരംഭിക്കാനോ നടപടിയായിട്ടില്ല. ഒരുവര്‍ഷം മുമ്പ് ഡി.ടി.പി.സി കരാര്‍ ഏറ്റെടുത്ത് സ്വകാര്യ കമ്പനി നിര്‍മിച്ച ലക്ഷക്കണക്കിന് രൂപാ ചെലവുവന്ന പത്ത് സ്വിസ് കോട്ടേജ് ടെന്‍റുകളാണ് ഒരിക്കല്‍പോലും ഉപയോഗപ്പെടുത്താത്തത്. നിര്‍മാണത്തിലെ അപാകതയെ തുടര്‍ന്ന് ഇവ മാറ്റിസ്ഥാപിക്കാന്‍ സ്വകാര്യ കമ്പനിക്ക് നിര്‍ദേശം നല്‍കിയെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും പ്രതികരണമില്ല. 2010 ല്‍ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ നിര്‍മിച്ച നാല് കോട്ടേജുകള്‍ ഒരിക്കല്‍പോലും വാടകക്ക് നല്‍കാതെ നശിച്ചുനില്‍ക്കുമ്പോഴാണ് പത്ത് ടെന്‍റുകളും അതേ പാതയിലേക്ക് നീങ്ങുന്നത്. അഡ്വഞ്ചര്‍ ടൂറിസം കേന്ദ്രമാക്കുന്നതിന്‍െറ ഭാഗമായി തുടങ്ങുമെന്നറിയിച്ചിരുന്ന ലാന്‍റ് സോര്‍ബിങ് ബാള്‍, പെയിന്‍റിങ് ബാള്‍, ആര്‍ച്ചറി യൂനിറ്റ് തുടങ്ങിയവയുടെ പ്രവൃത്തികളും തുടങ്ങിയിട്ടില്ല. നിസ്സാര വിലയ്ക്ക് ലഭിക്കുന്ന സിപ്ലൈന്‍ ബിയറിങ്ങുകള്‍പോലും വാങ്ങിനല്‍കാത്തതിനാല്‍ സിപ്ലൈനിലെ തിരക്കൊഴിവാക്കാന്‍ കഴിയുന്നില്ല. ആവശ്യത്തിന് പെഡല്‍ ബോട്ടുകള്‍, കൂടുതല്‍ പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടുകള്‍ എന്നിവ എത്തിക്കാനും കുട്ടികളുടെ പാര്‍ക്കിന്‍െറയും കാന്‍റീനിന്‍െറയും പണികള്‍ പൂര്‍ത്തിയാക്കാനും കഴിഞ്ഞിട്ടില്ല. പൂന്തോട്ടം വെച്ചുപിടിപ്പിച്ച് ഗാര്‍ഡന്‍ സീറ്റുകള്‍ പണിയുമെന്നറിയിച്ചിരുന്നെങ്കിലും നിലവിലുള്ള പൂന്തോട്ടം സംരക്ഷിക്കാനാവശ്യമായ ജീവനക്കാരെ പോലും നിയോഗിച്ചിട്ടില്ല. 30 രൂപാ പ്രവേശ ഫീസ് നല്‍കി കേന്ദ്രത്തിനുള്ളിലേക്ക് കയറുന്നവര്‍ക്ക് സ്വസ്ഥമായി ഇരിക്കാനുള്ള സൗകര്യം പോലുമില്ലാത്ത അവസ്ഥയാണ്. എന്നിട്ടും വരുമാനം ഇത്രകണ്ട് വര്‍ധിച്ചു. കേന്ദ്രം ലാഭത്തിലായിട്ടുപോലും എല്ലാ കാലാവസ്ഥയിലും ഉപയോഗപ്പെടുത്താവുന്ന കര്‍ളാടിന് ഡി.ടി.പി.സി വേണ്ടത്ര പരിഗണന നല്‍കുന്നില്ളെന്നാണ് ആക്ഷേപം ഉയരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.