പൊതുസ്ഥലത്ത് വിസര്‍ജനമില്ലാത്ത ജില്ലയാവാന്‍ വയനാട്

കല്‍പറ്റ: വയനാട് ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളും ഒക്ടോബര്‍ 15നകം സമ്പൂര്‍ണ ഒ.ഡി.എഫ് (പൊതുസ്ഥലത്ത് മലവിസര്‍ജനമില്ലാത്ത) പ്രദേശങ്ങളായി മാറ്റാന്‍ തീരുമാനം. ജില്ലാ കലക്ടര്‍ ബി.എസ്. തിരുമേനിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, വില്ളേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാര്‍, ജലനിധി ടീം അംഗങ്ങള്‍, ബ്ളോക് പഞ്ചായത്ത് സെക്രട്ടറിമാര്‍, ഗ്രാമവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. കേരളത്തെ പൊതുസ്ഥല മലവിസര്‍ജനമില്ലാത്ത സംസ്ഥാനമാക്കുന്നതിന്‍െറ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്. പൊതുസ്ഥലത്ത് മലവിസര്‍ജനം ഒഴിവാക്കുന്നതിന്‍െറ ഭാഗമായി ജില്ലയില്‍ 13981 ടോയ്ലറ്റ് യൂനിറ്റുകള്‍ നിര്‍മിച്ച് നല്‍കും. പൂര്‍ണമായും ശൗചാലയ സൗകര്യമില്ലാത്ത കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ മുന്‍ഗണന. ഉള്‍നാടന്‍ ആദിവാസി ഗ്രാമപ്രദേശങ്ങളില്‍ അധിക ധനസഹായം നല്‍കി പ്രവൃത്തി നടപ്പാക്കുന്നതിനായി യൂനിറ്റ് നിരക്ക് കണക്കാക്കി സാങ്കേതിക സഹായം നല്‍കും. ഇതിന് എല്‍.എസ്.ജി.ഡി എന്‍ജിനീയറിങ് വിഭാഗത്തെ സഹായിക്കുന്നതിനായി തൊഴിലുറപ്പ് പദ്ധതി എന്‍ജിനീയര്‍മാരെക്കൂടി ഉപയോഗപ്പെടുത്താന്‍ കലക്ടര്‍ നിര്‍ദേശിച്ചു. പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിനായി അതാത് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് കീഴിലെ മുഴുവന്‍ ഉദ്യോഗസ്ഥരും ഊര്‍ജിതമായി രംഗത്തിറങ്ങാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. ഗ്രാമപഞ്ചായത്ത്തലത്തില്‍ സെക്രട്ടറിമാര്‍ ഒ.ഡി.എഫ് പുരോഗതി ദിവസവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അവലോകനം നടത്തണം. യോഗത്തില്‍ സബ്കലക്ടര്‍ ശീറാം സാംബശിവ റാവു, തൊഴിലുറപ്പ് പദ്ധതി ജോയന്‍റ് പ്രോഗ്രാം കോഓഡിനേറ്റര്‍ എസ്. ഉണ്ണികൃഷ്ണന്‍ നായര്‍, പ്രോജക്ട് ഡയറക്ടര്‍ പി.എ.യു. പി.ജി വിജയകുമാര്‍, ശുചിത്വമിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പി.കെ. അനൂപ്, ജില്ലാ പ്ളാനിങ് ഓഫീസര്‍ സനല്‍കുമാര്‍, ഡി.ഡി.പി രജീഷ്, ജലനിധി ആര്‍.പി.എം.യു ഡയറക്ടര്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.