ആദിവാസി ഭൂമി അഴിമതി: ഭരണകക്ഷി സംഘടനാ നേതാവിനെതിരെ കേസ്

മാനന്തവാടി: കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് നടന്ന ആദിവാസികള്‍ക്ക് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഭരണകക്ഷി അനുകൂല സംഘടനയുടെ ജില്ലാ നേതാവിനെതിരെ വിജിലന്‍സ് കേസെടുത്തു. റവന്യൂ വകുപ്പ് ഭരിക്കുന്ന സി.പി.ഐയുടെ കീഴിലുള്ള ജോയന്‍റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്‍റും, കേരള റവന്യൂ ഡിപ്പാര്‍ട്മെന്‍റ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ ഭാരവാഹിയും പാടിച്ചിറ വില്ളേജ് ഓഫിസറുമായിരുന്ന രണകുമാറിനെതിരെയാണ് ജില്ലാ വിജിലന്‍സ് ഡിവൈ.എസ്.പി മാര്‍ക്കോസ് കേസെടുത്തത്. 2014 ല്‍ പാടിച്ചിറ വില്ളേജില്‍ ആദിവാസികള്‍ക്ക് നല്‍കാനായി ആശിക്കും ഭൂമി പദ്ധതിയില്‍ ഏറ്റെടുത്ത ആറേക്കര്‍ ഭൂമി സംബന്ധിച്ച് സ്വകാര്യ വ്യക്തി നല്‍കിയ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഒരു ബ്രോക്കര്‍ മുഖേന 13 ലക്ഷം രൂപക്ക് സ്ഥലം വില്‍ക്കാന്‍ തയാറായി. എഗ്രിമെന്‍റ് സമയത്ത് സ്ഥലമുടമ വില്‍പനയില്‍നിന്ന് പിന്മാറി. പിന്നീട് ഏക്കറിന് 28 ലക്ഷം രൂപക്ക് ഭൂമി വില്‍പന നടന്നു. ഇത് മനസ്സിലാക്കിയ ബ്രോക്കര്‍ അമിത വില നല്‍കി ഭൂമി ഏറ്റെടുത്തതായി കാണിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതി പ്രകാരമാണ് കേസെടുത്തത്. ആദിവാസി ഭൂമി തട്ടിപ്പുമായി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സി.പി.ഐയുടെ നേതൃത്വത്തില്‍ മാനന്തവാടി സബ് കലക്ടര്‍ ഓഫിസിന് മുന്നില്‍ 48 മണിക്കൂര്‍ ഉപവാസസമരം നടത്തിയിരുന്നു. ഇതിന് പിന്നാലെ സംഘടനാനേതാവിനെതിരെ വിജിലന്‍സ് കേസ് വന്നതോടെ പാര്‍ട്ടി പ്രതിരോധത്തിലായിരിക്കുകയാണ്. ഇതോടെ മുഖം രക്ഷിക്കാനായി ഇയാളെ ഭാരവാഹി സ്ഥാനത്തുനിന്ന് നീക്കാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയതായാണ് സൂചന. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പുതിയ സര്‍ക്കാര്‍ പട്ടികവര്‍ഗ കമീഷനെ നിയോഗിച്ചിരുന്നു. ഇതുപ്രകാരം കമീഷന്‍ ജില്ലാ പൊലീസ് മേധാവിയോട് പ്രാഥമിക റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ആദിവാസി വിഭാഗത്തിന്‍െറ വിഷയമായതിനാല്‍ പൊലീസ് മേധാവി എസ്.എം.എസ് ഡിവൈ.എസ്.പി.യെ ചുമതലപ്പെടുത്തുകയും ചെയ്തു. ഡിവൈ.എസ്.പി അശോക് കുമാര്‍ മാനന്തവാടി താലൂക്ക് ഓഫിസിലത്തെി ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ചരേഖകള്‍ പരിശോധിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അന്വേഷണത്തിന്‍െറ ഭാഗമായി ജില്ലയിലെ വിവിധ വില്ളേജ് ഓഫിസുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനുളള നീക്കം നടക്കുന്നുണ്ട്. ഇതിന് പുറമെ, അരിവാള്‍ രോഗികള്‍ക്ക് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം ഐ.എന്‍.ടി.യു.സി ജില്ലാ ജന. സെക്രട്ടറി ടി.എ. റെജി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യൂ വിജിലന്‍സ് നടത്തിവരുന്ന അന്വേഷണം അവസാന ഘട്ടത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.