സുല്‍ത്താന്‍ ബത്തേരി: സ്വന്തമായി കെട്ടിടം നിര്‍മിച്ചിട്ട് ഏറെക്കാലമായെങ്കിലും ബത്തേരി സബ് രജിസ്ട്രാര്‍ ഓഫിസ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് വാടകക്കെട്ടിടത്തിലെ ഇടുങ്ങിയ മുറിയില്‍. ചുങ്കത്ത് സര്‍വിസ് സഹകരണ ബാങ്കിനോട് ചേര്‍ന്നാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ജീവനക്കാര്‍ക്ക് ഇരുന്ന് ജോലിചെയ്യാനോ ഫയലുകള്‍ സൂക്ഷിക്കാനോ ഇവിടെ സ്ഥലമില്ല. ഫയലുകളെല്ലാം തറയില്‍ കൂട്ടിയിട്ടിരിക്കുകയാണ്. 23 സെന്‍റ് സ്ഥലത്ത് 80 ലക്ഷം രൂപ മുടക്കി പൊലീസ് സ്റ്റേഷന് സമീപത്തായാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 2016 ജനുവരിയില്‍തന്നെ ഓഫിസ് ഇവിടേക്ക് മാറ്റാനായിരുന്നു നീക്കം. നാമമാത്രമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളതിനാലാണ് പുതിയ കെട്ടിടത്തിലേക്ക് ഓഫിസ് പ്രവര്‍ത്തനം മാറ്റാന്‍ സാധിക്കാത്തത്. കെട്ടിടത്തിന്‍െറ ഒരു വശത്ത് മതില്‍ കെട്ടാനുണ്ട്. കഴിഞ്ഞ മഴക്കാലത്ത് മരം വീണ് ഓടുകള്‍ പൊട്ടിയെങ്കിലും ഇത് മാറ്റിയിട്ടു. വാതിലുകളില്‍ ചിലത് പാകമല്ലാത്തതിനാല്‍ ഇവയും നന്നാക്കണം. പി.ഡബ്ള്യു.ഡിയാണ് നിര്‍മാണം നടത്തിയിരിക്കുന്നത്. ബാക്കിയുള്ള പണികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പി.ഡബ്ള്യു.ഡിയുടെ പക്കല്‍നിന്ന് ഏറ്റുവാങ്ങി രജിസ്ട്രാര്‍ ഓഫിസ് ഇവിടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കൂ. കെട്ടിടത്തിന് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നടപടികളും അവസാനഘട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.