അതിര്‍ത്തിയില്‍ പിടിമുറുക്കി മദ്യമാഫിയ

പുല്‍പള്ളി: കര്‍ണാടക അതിര്‍ത്തിഗ്രാമങ്ങളില്‍ മദ്യമാഫിയ വേരുറപ്പിക്കുന്നു. വയനാട് അതിര്‍ത്തിയില്‍നിന്ന് ഏറെ അകലെയല്ലാത്ത മച്ചൂരില്‍ ഈയടുത്ത് വിദേശമദ്യ വില്‍പനകേന്ദ്രം ആരംഭിച്ചിരുന്നു. ഇവിടെ നിത്യവും ലക്ഷങ്ങളുടെ മദ്യവില്‍പനയാണ് നടക്കുന്നത്. നാഗര്‍ഹോള ടൈഗര്‍ റിസര്‍വില്‍ ഉള്‍പ്പെട്ട പ്രദേശമാണ് മച്ചൂര്‍. ബാവലിയില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രമുള്ള ഇവിടേക്ക് പുല്‍പള്ളി മരക്കടവില്‍നിന്ന് മിനിറ്റുകളുടെ മാത്രം യാത്രയാണുള്ളത്. കേരളത്തില്‍നിന്നുള്ളവരെ മദ്യശാലയിലേക്ക് കൊണ്ടുവരുന്നതിനും തിരികെ കൊണ്ടുപോകുന്നതിനും നിരവധി തോണികളാണ് മരക്കടവിലുള്ളത്. മദ്യം വാങ്ങാന്‍ വില്‍പനകേന്ദ്രത്തില്‍ എത്തണമെന്നില്ല. വിദേശമദ്യം മരക്കടവിലത്തെിച്ചുകൊടുക്കാന്‍ വിവിധ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാത്രി കബനി നദി വഴി വയനാട്ടിലെ വിവിധ ഭാഗങ്ങളിലേക്ക് വന്‍തോതില്‍ സ്പിരിറ്റും കടത്തുന്നുണ്ട്. ജില്ലയിലെ വിവിധ കള്ളുഷാപ്പുകളിലേക്ക് ഇത് എത്തുന്നതായാണ് വിവരം. സ്പിരിറ്റിനു പുറമെ വന്‍തോതില്‍ വ്യാജമദ്യവും കര്‍ണാടക അതിര്‍ത്തിഗ്രാമങ്ങളില്‍നിന്ന് ഉല്‍പാദിപ്പിച്ച് വയനാട്ടിലെ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തുന്നുണ്ട്. വ്യാജമദ്യ നിര്‍മാണത്തിന് പേരുകേട്ട സ്ഥലമാണ് ആനമാളവും മറ്റും. കേരളത്തിലെ മദ്യനയം കണക്കിലെടുത്ത് കര്‍ണാടകയുടെ ഭാഗമായ കുട്ട, ബാവലി പ്രദേശങ്ങളില്‍ 17 പുതിയ ബാറുകള്‍ക്കും മദ്യശാലകള്‍ക്കുമുള്ള അപേക്ഷകളാണ് കര്‍ണാടക എക്സൈസ് വകുപ്പിന്‍െറ പരിഗണനയിലുള്ളത്. ആദിവാസി സമൂഹത്തിന്‍െറ തകര്‍ച്ചക്ക് വ്യാപകമായ മദ്യ ഉപയോഗം കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു. അതിര്‍ത്തിയിലെ മദ്യലോബികളെ നിയന്ത്രിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് തിരുനെല്ലി പഞ്ചായത്ത് അധികൃതര്‍ മൈസൂരു ജില്ലാ കലക്ടറോട് രേഖാമൂലം അഭ്യര്‍ഥിച്ചിരുന്നു. ഓണക്കാലത്ത് വ്യാപകമായി വ്യാജമദ്യവും മയക്കുമരുന്നുകളും കര്‍ണാടകയില്‍നിന്ന് വയനാട്ടിലേക്ക് എത്തിയിരുന്നു. പെരിക്കല്ലൂര്‍, കൊളവള്ളി, മരക്കടവ് എന്നിവിടങ്ങളിലൂടെയായിരുന്നു ഇതേറെയും. ഇവിടങ്ങളില്‍ കാര്യക്ഷമമായ പരിശോധനകളില്ല. പെരിക്കല്ലൂരില്‍ പൊലീസ് ഒൗട്ട്പോസ്റ്റുണ്ടെങ്കിലും നോക്കുകുത്തിയായ നിലയിലാണ്. ഇവിടെ വാഹനസൗകര്യങ്ങളടക്കം നല്‍കിയിട്ടില്ല. രണ്ട് പൊലീസുകാരുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. കബനി വഴി കടത്തിക്കൊണ്ടുവരുന്ന മദ്യം ഊടുവഴികളിലൂടെയാണ് വിവിധ കേന്ദ്രങ്ങളിലത്തെിക്കുന്നത്. ആഡംബര വാഹനങ്ങളിലും മറ്റും അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇവ വ്യാപകമായി കടത്തിക്കൊണ്ടുപോകുന്നുണ്ട്. കര്‍ണാടകയില്‍നിന്ന് ചെറിയ വിലക്ക് ലഭിക്കുന്ന ലഹരിവസ്തുക്കള്‍ വയനാട് അതിര്‍ത്തി കടക്കുന്നതോടെ വന്‍ വിലക്കാണ് വില്‍ക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.