മറക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്നത് വന്‍ ദുരന്തം

കല്‍പറ്റ: കണ്‍മുന്നിലുണ്ടായ ദുരന്തം മറന്നിരിക്കുകയാണ് അധികാരികള്‍. കല്‍പറ്റ നഗരത്തില്‍ ദേശീയപാതയോടു ചേര്‍ന്ന് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം പൊളിഞ്ഞുവീണ സ്ഥലം വലിയൊരു അപകടത്തിനു കാതോര്‍ത്തു നില്‍ക്കുമ്പോഴും അധികൃതര്‍ക്ക് തരിമ്പും കുലുക്കമില്ലാത്തത് അതിശയമുണര്‍ത്തുകയാണ്. വലിയൊരു അപായഭീതിയെ കേവലം തകര ഷീറ്റുകൊണ്ട് ജനങ്ങളുടെ കാഴ്ചയില്‍നിന്ന് മറച്ചുനിര്‍ത്തി എത്രകാലം വേണമെങ്കിലും ഒളിച്ചുകളിക്കാമെന്ന് റിയല്‍ എസ്റ്റേറ്റ് മാഫിയക്കൊപ്പം അധികൃതരും ചിന്തിക്കുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കെ.എസ്.ആര്‍.ടി.സി ഡിപ്പോക്കരികിലാണ് റോഡിനോടു ചേര്‍ന്ന് ചരിവുള്ള സ്ഥലത്ത് അശാസ്ത്രീയമായി നിര്‍മിച്ച നാലുനില കെട്ടിടം ഇക്കഴിഞ്ഞ ജൂലൈ 12ന് പുലര്‍ച്ചെ പൊളിഞ്ഞുവീണത്. ആളപായമില്ലാതിരുന്നത് ഭാഗ്യം കൊണ്ടായിരുന്നു. കെട്ടിടം വീണപ്പോള്‍ റോഡിനോടു ചേര്‍ന്ന് ഏറെ മണ്ണിടിയുകയും ചെയ്തു. ഉടന്‍തന്നെ ഇവിടെ സിമന്‍റുഭിത്തി കെട്ടി, കൂടുതല്‍ മണ്ണിടിച്ചില്‍ ഒഴിവാക്കാന്‍ ധാരണയായിരുന്നെങ്കിലും അങ്ങനെയൊന്നുമുണ്ടായില്ല. ഒരുപാട് താഴ്ചയുള്ള ഭാഗത്ത് വന്‍തോതില്‍ മണ്ണിടിഞ്ഞതോടെ ഏതു നിമിഷവും മണ്ണിടിച്ചില്‍ ഉണ്ടായേക്കാമെന്ന ഭീതി ശക്തമായിരുന്നു. എന്നാല്‍, മാസങ്ങളായിട്ടും, മുന്‍കരുതല്‍ എന്ന നിലയില്‍ കൈക്കൊണ്ടത് മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ വാഹനങ്ങള്‍ സൂക്ഷിക്കണമെന്ന ഒരു ബോര്‍ഡ് പ്രദര്‍ശിപ്പിക്കുകയെന്നതു മാത്രം. അപകടം നടന്ന ഉടന്‍ അന്നത്തെ കലക്ടര്‍ കേശവേന്ദ്രകുമാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കെട്ടിടം തകര്‍ന്ന ഭാഗത്തെ സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതുപ്രകാരം, പൊളിഞ്ഞ കെട്ടിടത്തിന്‍െറ അവശിഷ്ടങ്ങള്‍ നീക്കുക എന്നതാണ് തങ്ങള്‍ക്ക് നിശ്ചയിച്ചു നല്‍കിയ ചുമതലയെന്ന് കല്‍പറ്റ നഗരസഭാ അധികൃതര്‍ പറയുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ ഉടമ നീക്കം ചെയ്തിട്ടുണ്ട്. കുന്നിന്‍ചരുവിലെ തോട്ടിലേക്കാണ് കെട്ടിടം മറിഞ്ഞുവീണത്. ഈ ഭാഗത്ത് അവശിഷ്ടങ്ങള്‍ മാറ്റി നീരൊഴുക്ക് പഴയതുപോലെയാക്കിയിട്ടുണ്ട്. ഉടമ തന്നെ ഇക്കാര്യങ്ങള്‍ ചെയ്തതോടെ ഈ വിഷയത്തില്‍ നഗരസഭയുടെ ഉത്തരവാദിത്തം കഴിഞ്ഞു. ഭിത്തികെട്ടി സംരക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്യേണ്ടത് ദേശീയപാതാ അധികൃതരാണ്. നഗരസഭാ എന്‍ജിനീയര്‍ ലയണല്‍ സ്ഫടികം ‘മാധ്യമ’ത്തോടു പറഞ്ഞു. എന്നാല്‍, ‘തങ്ങള്‍ക്ക് ഇതുസംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ളെന്ന് ദേശീയപാതാ അധികൃതര്‍ പറയുന്നു. റവന്യൂ വകുപ്പ് നഷ്ടം കണക്കാക്കി പ്രസ്തുത തുക കെട്ടിട ഉടമയുടെ കൈയില്‍നിന്ന് പിഴയായി ഈടാക്കുമെന്നായിരുന്നു കലക്ടറുടെ യോഗത്തിലുണ്ടായ ധാരണ. ഈ തുക സ്വീകരിച്ച് കൈമാറുന്നതിനനുസരിച്ച് സംരക്ഷണ ഭിത്തി നിര്‍മിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതുവരെ ആ തുക ഡെപോസിറ്റ് ചെയ്തിട്ടില്ല. ആ തുക ലഭിക്കുന്നതിനനുസരിച്ചേ നിര്‍മാണം തുടങ്ങാനാവൂ’ -പി.ഡബ്ള്യൂ.ഡി ദേശീയപാതാ വിഭാഗം അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഹാഷിം പറഞ്ഞു. കെട്ടിട ഉടമകളുടെ പക്കല്‍നിന്ന് പിഴയായി ഈടാക്കാനുള്ള തുക സര്‍ക്കാര്‍ ഖജനാവിലത്തെിക്കാന്‍ ഇതുവരെ വേണ്ട നടപടിയെടുക്കാത്തതാണ് സംരക്ഷണ ഭിത്തി കെട്ടാന്‍ വൈകുന്നത്. മറിഞ്ഞുവീണ കെട്ടിടത്തിന്‍െറ ഒരു ഭാഗം ഇപ്പോഴും ഈ മണ്‍തിട്ടയിലുണ്ട്. അതെടുത്തുമാറ്റിയാല്‍ ദേശീയപാത അടക്കം ഇടിയുമെന്ന ആശങ്ക കാരണമാണ് നീക്കാതിരുന്നത്. കുത്തനെയുള്ള ചരിവില്‍ മഴക്കാലത്തു ഭാഗ്യംകൊണ്ടാണ് മണ്ണിടിച്ചിലുണ്ടാകാതിരുന്നത്. മഴയില്‍ മണ്ണ് കുത്തിയൊലിച്ച് കെ.എസ്.ആര്‍.ടി.സി ഡിപ്പോ പരിസരം മുഴുവന്‍ ചളിക്കളമായി മാറിയിരിക്കുകയാണ്. കെട്ടിടം വീണപ്പോള്‍ ഡിപ്പോ പരിസരത്തെ കിണറിന് കേടുപാടുകള്‍ പറ്റിയിരുന്നു. ഇത് പൂര്‍വസ്ഥിതിയിലായിട്ടില്ല. കേടുപറ്റിയ ബാത്ത്റൂമും നന്നാക്കിയിട്ടില്ല. നിര്‍ത്തിയിട്ട ബസിനടക്കം കേടുപാട് പറ്റിയതിനെ തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡിപ്പോ അധികൃതര്‍ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.