കല്‍പറ്റ: മീനങ്ങാടി പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് മൂന്നാനക്കുഴി കോളനിക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല. തെരഞ്ഞെടുപ്പ് സമയത്ത് പഞ്ചായത്ത് അംഗം മുതല്‍ മന്ത്രിമാര്‍ വരെ വാഗ്ദാനങ്ങള്‍ ചൊരിഞ്ഞ് മടങ്ങിപ്പോയതല്ലാതെ നിയമപ്രകാരം ഭൂമി ലഭിക്കുന്നതിനായുള്ള ഒരു നടപടികളും എങ്ങുമത്തെിയിട്ടില്ല. എട്ടു വര്‍ഷം മുമ്പ് ബത്തേരി പഞ്ചായത്തിലെ ചൂതുപാറയില്‍ നിന്നും സി.പി.എമ്മിന്‍െറ കീഴിലുള്ള ആദിവാസി ഐക്യസമിതിയുടെ നേത്വത്തില്‍ മീനങ്ങാടി പഞ്ചായത്തിലെ മൂന്നാനക്കുഴി ടൗണിന് സമീപത്തായി കുടില്‍ കെട്ടിയവരാണ് മുപ്പതോളം വരുന്ന ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍. നിയമപ്രകാരമല്ലാതെ കുടില്‍കെട്ടിയ ഇവരെ അന്നത്തെ സര്‍ക്കാര്‍ വനംവകുപ്പിന്‍െറ ഭൂമിയെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്‍െറ ഭാഗമായി മാസങ്ങളോളം വിവിധ ജയിലുകളില്‍ ശിക്ഷയനുഭവിച്ചവരാണ് സ്ത്രീകളടക്കം വരുന്ന കുടുംബങ്ങള്‍. കോടതിയും കേസും നിലവിലുണ്ടെങ്കിലും ജീവിക്കാന്‍ ഒരുതുണ്ട് ഭൂമി നേടിയെടുക്കുക എന്ന സമരപോരട്ടത്തിന്‍െറ ഭാഗമായി ഇന്നും ഇവിടെ കഴിയുന്നത് ഏതെങ്കിലും ഒരുകാലത്ത് സര്‍ക്കാര്‍ കനിയുമെന്ന പ്രതീക്ഷയിലാണ്. നിലവില്‍ പണിയ വിഭാഗം താമസിക്കുന്ന ഇവിടെ ആര്‍ക്കും അന്തിയുറങ്ങാന്‍ നല്ല വീടുകളില്ലാത്തത് പലരെയും കടുത്ത പ്രയാസത്തിലാക്കുന്നുണ്ട്. ബഹുഭൂരിഭാഗം വീടുകളും പാളകള്‍കൊണ്ടും ചാക്കുകള്‍ കൊണ്ടും മറച്ച ചെറു ഷെഡുകളാണ്. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ശുചിമുറിയോ കുടിക്കാന്‍ വെള്ളമടക്കമുള്ള സൗകര്യങ്ങളോ ഇല്ലാതെയായിട്ട് വര്‍ഷങ്ങളായി. ദുരിതക്കയത്തില്‍നിന്നുള്ള മോചനത്തിനായി പലരെ സമീപിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കാറില്ളെന്ന് കോളനിക്കാര്‍ പറയുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്ലാ രാഷ്ട്രീയ കക്ഷിനേതാക്കളും കോളനിയിലെ സ്ഥിരം സന്ദര്‍ശകരായി മടങ്ങിയതല്ലാതെ ജയിച്ചു കഴിഞ്ഞ ആരും പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല. സ്ഥാനാര്‍ഥികള്‍ക്ക് മുന്നില്‍ ദുരിതങ്ങളും ആശങ്കകളും പങ്കുവെച്ച പലര്‍ക്കും നിരാശയായിരുന്നുഫലം. മുത്തങ്ങ സമരത്തിന്‍െറ ഭാഗമായി പട്ടയ വിതരണം നടത്തിയതുപോലെ സര്‍ക്കാര്‍ തങ്ങളുടെ സമരത്തെ ഗൗനിക്കുമെന്ന പ്രതീക്ഷയിലാണ് കോളനിക്കാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.