ഉദ്ഘാടനം കഴിഞ്ഞ് ഒന്നരമാസം: ജില്ലാ മൃഗസംരക്ഷണകേന്ദ്രം തുറന്നില്ല

സുല്‍ത്താന്‍ ബത്തേരി: ഉദ്ഘാടനം കഴിഞ്ഞ് ഒന്നരമാസമായിട്ടും ജില്ലാ മൃഗസംരക്ഷണകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചില്ല. ജീവനക്കാരെ നിയമിക്കാത്തതും ആവശ്യത്തിന് ഫര്‍ണിച്ചറുകള്‍ ഇല്ലാത്തതുമാണ് കേന്ദ്രം തുറന്നു പ്രവര്‍ത്തിക്കാന്‍ തടസ്സം. ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്കും പുതുസംരംഭകര്‍ക്കും മൃഗപരിപാലനത്തിലെ നൂതന മാര്‍ഗങ്ങളും സാങ്കേതികവിദ്യകളും പരിശീലിപ്പിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുന്നതിനാണ് കേന്ദ്രം നിര്‍മിച്ചത്. കേന്ദ്രം പ്രവര്‍ത്തിക്കണമെങ്കില്‍ ഡെപ്യൂട്ടി ഡയറക്ടര്‍, അസി. ഡയറക്ടര്‍, വെറ്ററിനറി സര്‍ജന്‍, ഡ്രൈവര്‍ കം മൈക്ക് ഓപറേറ്റര്‍, പ്യൂണ്‍, പാര്‍ട്ട്ടൈം സ്വീപ്പര്‍, നൈറ്റ് വാച്ച്മാന്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തണം. എന്നാല്‍, ഇതൊന്നും ഇല്ലാതെ കേന്ദ്രം തിടുക്കത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. വര്‍ക്കിങ് അറേഞ്ച്മെന്‍റില്‍ ഉദ്യോഗസ്ഥരെ നിയമിച്ച് പ്രവര്‍ത്തനം ഒരു മാസത്തിനകം ആരംഭിക്കുമെന്നാണ് കേന്ദ്രം ഉദ്ഘാടനംചെയ്ത സമയത്ത് വകുപ്പുമന്ത്രി പറഞ്ഞത്. എന്നാല്‍, രണ്ടു മാസമായിട്ടും ഇതുവരെ പ്രവര്‍ത്തനമാരംഭിച്ചില്ല. 65 ലക്ഷം രൂപ മുടക്കി ബത്തേരി വെറ്ററിനറി പോളിക്ളിനിക് വളപ്പിലാണ് കേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ രണ്ട് ക്ളാസ് മുറികള്‍, ഡൈനിങ് ഹാള്‍, ഓഫിസ്, ലൈബ്രറി, ഓഫിസേഴ്സ് റൂം എന്നീ സൗകര്യങ്ങളാണുള്ളത്. അതേസമയം, കേന്ദ്രത്തിലേക്ക് ഒരു അസി. ഡയറക്ടറെ പോസ്റ്റ് ചെയ്തുവെന്നും ഒക്ടോബര്‍ ഒന്നു മുതല്‍ കേന്ദ്രം തുറന്നു പ്രവര്‍ത്തിക്കുമെന്നും വെറ്ററിനറി അധികൃതര്‍ പ്രതികരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.