കര്‍ണാടക സംഘര്‍ഷം: കെ.എസ്.ആര്‍.ടി.സിക്ക് വന്‍ നഷ്ടം

സുല്‍ത്താന്‍ ബത്തേരി: ഓണക്കാലത്ത് നേട്ടമുണ്ടാക്കുന്ന കെ.എസ്.ആര്‍.ടി.സിക്ക് ഇത്തവണ വന്‍ നഷ്ടം. കഴിഞ്ഞ വര്‍ഷം ലഭിച്ചതിനേക്കാള്‍ വളരെ കുറവ് വരുമാനമാണ് ഇത്തവണ കിട്ടിയത്. കാവേരി പ്രശ്നത്തത്തെടുര്‍ന്ന് ബംഗളൂരു, മൈസൂരു എന്നീ സ്ഥലങ്ങളിലേക്കുള്ള സര്‍വിസുകള്‍ നടത്താന്‍ സാധിക്കാതിരുന്നതാണ് കെ.എസ്.ആര്‍.ടി.സിക്ക് പ്രധാനമായും നഷ്ടം വരുത്തിവെച്ചത്. ബത്തേരി ഡിപ്പോയില്‍ ഈ മാസം 13ന് 10,00,997 രൂപയും 14ന് 8,40,285 രൂപയും 15ന് 8,71,863 രൂപയും 16ന് 11,24,047 രൂപയുമാണ് ലഭിച്ചത്. ഈ ദിവസങ്ങളിലെല്ലാംകൂടി ആകെ ലഭിച്ച തുക 38,37,192 രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസങ്ങളില്‍ 50 ലക്ഷത്തോളം രൂപ ലഭിച്ചതാണ്. ബത്തേരി ഡിപ്പോയില്‍ ഈ മാസത്തെ ഏറ്റവും കൂടിയ കലക്ഷന്‍ ലഭിച്ചത് 10ാം തീയതിയാണ്. 12,19,432 രൂപയാണ് ലഭിച്ചത്. മാനന്തവാടി ഡിപ്പോയില്‍ ഈ ദിവസങ്ങളില്‍ ആകെ ലഭിച്ചത് 30,64,145 രൂപയാണ്. 13ന് 7,95,158 രൂപയും 14ന് 6,19,728 രൂപയും 15ന് 6,77,638 രൂപയും 16ന് 9,71,621 രൂപയും ലഭിച്ചു. കല്‍പറ്റ ഡിപ്പോയിലും 30 ലക്ഷത്തോളമാണ് ആകെ ലഭിച്ചത്. കര്‍ണാടകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിരവധി മലയാളികള്‍ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. ഇവരെല്ലാംതന്നെ പല ദിവസങ്ങളിലായി നാട്ടിലേക്ക് തിരിച്ചുവരാന്‍ സീറ്റ് റിസര്‍വ് ചെയ്തിരുന്നു. എന്നാല്‍, ട്രിപ്പുകള്‍ റദ്ദാക്കേണ്ടിവന്നതോടെ റിസര്‍വ് ചെയ്ത മുഴുവന്‍ തുകയും യാത്രക്കാര്‍ക്ക് തിരിച്ചുനല്‍കി. ഓണവും ബക്രീദും അടുത്തടുത്ത ദിവസങ്ങളില്‍ വന്നതോടെ പല സര്‍വിസുകളും കൃത്യമായി ക്രമീകരിക്കാനും സാധിക്കാതെ വന്നു. ഇതും വരുമാനത്തെ ബാധിച്ചു. എട്ടാം തീയതി മുതല്‍തന്നെ കാവേരി പ്രശ്നം സര്‍വിസുകളെ ബാധിക്കാന്‍ തുടങ്ങിയിരുന്നു. ഏറ്റവും കൂടുതല്‍ ആളുകള്‍ നാട്ടിലേക്ക് വരുകയും പോകുകയും ചെയ്യുന്ന സമയത്ത് കാവേരി ജലവുമായി ബന്ധപ്പെട്ട പ്രശ്നം രൂക്ഷമായതോടെ സര്‍വിസുകള്‍ ഒന്നുംതന്നെ നടത്താന്‍ സാധിക്കാതെ വന്നു. വെള്ളിയാഴ്ചയോടെ മാത്രമാണ് സര്‍വിസുകള്‍ ഏറക്കുറെ പുനരാരംഭിക്കാന്‍ സാധിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.