കാവേരി നദി തര്‍ക്കം ഒരുഭാഗത്ത് : ജലനിരപ്പ് താഴ്ന്ന് കബനി

പുല്‍പള്ളി: കാവേരി നദീജലത്തര്‍ക്കം രൂക്ഷമായി നിലനില്‍ക്കുന്നതിനിടെ കബനി നദിയിലെ ജലനിരപ്പ് ഗണ്യമായി താഴുന്നു. കാവേരിയിലേക്ക് ഒഴുകുന്ന വെള്ളത്തില്‍ നല്ളൊരു പങ്കും കബനി നദിയില്‍നിന്നാണ്. കഴിഞ്ഞ ദിവസം കോടതി നിര്‍ദേശത്തത്തെുടര്‍ന്ന് കര്‍ണാടക തമിഴ്നാടിന് വെള്ളം വിട്ടുകൊടുത്തത് ബീച്ചനഹള്ളി അണക്കെട്ടില്‍ തടഞ്ഞുനിര്‍ത്തിയിരുന്ന വെള്ളമാണ്. കേരള അതിര്‍ത്തിയില്‍നിന്ന് 30 കി.മീ. അകലെയാണ് ബീച്ചനഹള്ളി അണക്കെട്ട്. വയനാട്ടിലെ പുഴകളില്‍നിന്നും തോടുകളില്‍നിന്നും ഒഴുകിയത്തെുന്ന വെള്ളം പൂര്‍ണമായും കബനി വഴി കാവേരിയിലേക്കാണ് പോകുന്നത്. വെള്ളം തുറന്നുകൊടുത്തതോടെയാണ് കബനി നദിയിലെ ജലനിരപ്പ് കുത്തനെ കുറഞ്ഞത്. നിലവില്‍ വയനാട്ടിലാണ് സംസ്ഥാനത്തെ ഏറ്റവും കുറവ് മഴ ലഭിച്ചത്. 59 ശതമാനം മഴയുടെ കുറവാണ് വയനാട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കബനി ജലം ഉപയോഗപ്പെടുത്തി വയനാട്ടില്‍ കാര്യമായ പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ളെങ്കിലും ജലനിരപ്പ് താഴുന്നത് വയനാടന്‍ കാര്‍ഷികമേഖലക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. കര്‍ഷകര്‍ സ്വന്തംനിലയില്‍ കബനിയില്‍നിന്ന് വെള്ളം പമ്പുചെയ്താണ് പലയിടത്തും ജലസേചനം നടത്തുന്നത്. പെരിക്കല്ലൂര്‍ മുതല്‍ കൊളവള്ളി വരെയുള്ള ഭാഗത്ത് പാറക്കെട്ടുകള്‍ പുഴയില്‍ തെളിഞ്ഞുതുടങ്ങി. വരുംദിവസങ്ങളിലും ബീച്ചനഹള്ളി അണക്കെട്ടില്‍നിന്ന് വെള്ളം തുറന്നുവിട്ടാല്‍ വരള്‍ച്ചാസമയത്തെപ്പോലെയാകും കബനി. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ കബനിയില്‍ ജലനിരപ്പ് കുറഞ്ഞിരുന്നു. പലയിടത്തും നീരൊഴുക്കും നിലച്ചിരുന്നു. കുടിവെള്ളത്തിനടക്കം നാട്ടുകാര്‍ പാടുപെട്ടിരുന്നു. ഈയൊരവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്കിപ്പോള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.