പരിസ്ഥിതി ദിനം കഴിഞ്ഞു: നടാന്‍ തയാറാക്കിയ വൃക്ഷതൈകള്‍ നശിക്കുന്നു

മാനന്തവാടി: പരിസ്ഥിതി ദിനത്തിന് നടാന്‍ തയാറാക്കിയ തൈകള്‍ നശിക്കുന്നു. ജൂണ്‍ അഞ്ചിന് വെച്ചുപിടിപ്പിക്കാനായി തയാറാക്കിയ വൃക്ഷതൈകളാണിവ. എന്നാല്‍, ദിനാചരണം കഴിഞ്ഞിട്ടും നടാതായതോടെ നശിക്കുകയാണ്. പടിഞ്ഞാറത്തറ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ബേങ്ക് കുന്നിലാണ് ആയിരക്കണക്കിന് തൈകള്‍ വാടിക്കരിഞ്ഞ് നശിക്കുന്നത്. പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി പ്രകാരമാണ് 5,000 തൈകള്‍ തയാറാക്കിയത്. 16 വാര്‍ഡുകളിലും ഇതിനായി എ.ഡി.എസുമാരുടെ കീഴില്‍ തൊഴിലുറപ്പു തൊഴിലാളികളെ നിയോഗിക്കുകയും ചെയ്തു. വനംവകുപ്പുമായി സഹകരിച്ച് സമാഹരിച്ച തൈകളാണ് ഇതിനായി വിനിയോഗിച്ചത്. മുള, മഹാഗണി, കുന്നി, വാക തുടങ്ങിയ തൈകള്‍ വനം വകുപ്പില്‍നിന്ന് സമാഹരിച്ച് തെഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്ളാസ്റ്റിക് കൂടുകളില്‍ വെച്ചുപിടിപ്പിച്ചത്. പരിസ്ഥിതി ദിനത്തില്‍ റോഡരികുകളിലും പൊതുസ്ഥലങ്ങളിലും നട്ടുപിടിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി ചെലവുവരുന്ന തുകയും പഞ്ചായത്ത് വകയിരുത്തിയിരുന്നു. എന്നാല്‍, പരിസ്ഥിതി ദിനം കഴിഞ്ഞ് രണ്ടരമാസം പിന്നിട്ടിട്ടും നട്ടുപിടിപ്പിച്ചില്ല. ആയിരക്കണക്കിന് തൈകളാണ് പലയിടങ്ങളിലും ഇത്തരത്തില്‍ വെറുതെയായത്. അഞ്ചാം വാര്‍ഡിലെ ബേങ്ക് കുന്നിലുള്ള ഒരു സ്വകാര്യ കെട്ടിടത്തിന് പിറകിലായി മാത്രം ആയിരക്കണക്കിന് തൈകള്‍ നശിച്ചു. പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ വാര്‍ഡിലാണ് വനവത്കരണത്തിന് ഈ ദുരവസ്ഥ. തൈകള്‍ വെച്ചുപിടിപ്പിക്കുന്നതിനു പുറമെ ഇവയുടെ തുടര്‍സംരക്ഷണവും ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച പഞ്ചായത്താണ് പരിസ്ഥിതിദിനവും ആഘോഷവും കഴിഞ്ഞതോടെ അവശേഷിക്കുന്ന തൈകള്‍പോലും നട്ടുപിടിപ്പിക്കാതെ സര്‍ക്കാര്‍ ഫണ്ട് പാഴാക്കിയത്. നട്ടുപിടിപ്പിച്ച തൈകളാവട്ടെ സംരക്ഷിക്കപ്പെടാതെ നാശത്തിന്‍െറ വക്കിലുമാണ്. വര്‍ഷാവര്‍ഷം മുറപോലെ നടത്തുന്ന പരിസ്ഥിതി ദിനാചരണം എന്തിനു വേണ്ടിയാണെന്ന് ചിന്തിപ്പിക്കുന്നതാണ് പടിഞ്ഞാറത്തറയിലെ കാഴ്ച.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.