മത്സ്യ–മാംസ മാര്‍ക്കറ്റ് പൂട്ടിയതോടെ കച്ചവടം തെരുവിലേക്ക്

മേപ്പാടി: ഹൈകോടതി ഉത്തരവനുസരിച്ച് സെപ്റ്റംബര്‍ 15ന് മത്സ്യ-മാംസ മാര്‍ക്കറ്റ് ആരോഗ്യ വകുപ്പ് അധികൃതര്‍ അടച്ചുപൂട്ടിയതോടെ മത്സ്യവ്യാപാരം തെരുവോരത്തേക്ക് മാറിയത് മേപ്പാടി ഗ്രാമപഞ്ചായത്തിന് പുതിയ തലവേദനയാകുന്നു. മാര്‍ക്കറ്റിലെ എട്ട് മുറികളിലായി പ്രവര്‍ത്തിച്ചുവന്ന മത്സ്യം-ചിക്കന്‍ സ്റ്റാളുകളില്‍ വ്യാപാരികളും തൊഴിലാളികളുമടക്കം മുപ്പതില്‍പരം പേര്‍ ജോലി ചെയ്തുവന്നിരുന്നു. അവരും ഇപ്പോള്‍ പ്രതിസന്ധിയിലാണ്. 50 ലക്ഷത്തോളം രൂപ ചെലവില്‍ മാര്‍ക്കറ്റ് കെട്ടിടം നിര്‍മിച്ച് 2014ല്‍ ഉദ്ഘാടനവും നിര്‍വഹിച്ചു. എന്നാല്‍, മാലിന്യ സംസ്കരണത്തിനടക്കമുള്ള സംവിധാനങ്ങളേര്‍പ്പെടുത്തുന്നതില്‍ അന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചു. അതാണ് ഇപ്പോള്‍ കോടതി ഉത്തരവിലും അടച്ചുപൂട്ടലിലും കലാശിച്ചത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറയും ആരോഗ്യ വകുപ്പിന്‍െറയും അംഗീകാരം ലഭിക്കാത്തതിനാല്‍ സ്റ്റാളുകള്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ ഗ്രാമപഞ്ചായത്തിന് കഴിയാതെ വരുകയും ചെയ്തു. രേഖകള്‍ ഹാജരാക്കാന്‍ ഹൈകോടതി അനുവദിച്ച സമയത്തിനുള്ളില്‍ അവ ഹാജരാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞതുമില്ല. മാര്‍ക്കറ്റ് അടച്ചുപൂട്ടാന്‍ കോടതി ഉത്തരവിടാന്‍ കാരണവുമതാണ്്. ആവശ്യമായ അംഗീകാരം മാര്‍ക്കറ്റിന് നേടിയെടുക്കുകയെന്നത് ഗ്രാമപഞ്ചായത്തിന്‍െറ ഉത്തരവാദിത്തമാണ്. ആവശ്യമായ രേഖകള്‍ കോടതിയില്‍ ഹാജരാക്കി ബോധ്യപ്പെടുത്തിയാലേ ഉത്തരവ് പിന്‍വലിക്കാനിടയുള്ളൂ. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ അംഗീകാരം ഇതിനകം ലഭിച്ചിട്ടുണ്ടെങ്കിലും ആരോഗ്യ വകുപ്പിന്‍െറ അംഗീകാരം ലഭിക്കണം. വ്യാപാരികള്‍ക്ക് പഞ്ചായത്തിന്‍െറ ലൈസന്‍സ് നല്‍കണം. അവയൊക്കെ കോടതിയില്‍ ഹാജരാക്കുകയും വേണം. ഇപ്പോള്‍ കോടതി അവധിയുമാണ്. അവധി കഴിഞ്ഞതിന് ശേഷമേ ഇതെല്ലാം നടക്കൂ. ഉത്തരവ് പിന്‍വലിക്കുന്നതുവരെ മാര്‍ക്കറ്റ് അടഞ്ഞുകിടക്കും. അത് വാടകയിനത്തിലുള്ള പഞ്ചായത്ത് വരുമാനത്തെയും ബാധിക്കും. മാര്‍ക്കറ്റിലല്ലാതെ ടൗണില്‍ മത്സ്യ-മാംസ വ്യാപാരം നടത്തുന്നത് പഞ്ചായത്ത് നിരോധിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അറിയിപ്പ് ബോര്‍ഡുകള്‍ ടൗണില്‍ പലയിടത്തായി സ്ഥാപിച്ചിട്ടുമുണ്ട്. ഇതുസംബന്ധിച്ച് പഞ്ചായത്ത് ബോര്‍ഡ് എടുത്ത തീരുമാനവും നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് പൂട്ടിയിടല്‍ ഗ്രാമപഞ്ചായത്തിനും തലവേദനയാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.