തനി ‘വയനാടന്‍’ ഇനി ബയോവിന്‍ ട്രേഡ് മാര്‍ക്കില്‍

മാനന്തവാടി: ജില്ലയിലെ തനത് ഭക്ഷ്യോല്‍പന്നങ്ങള്‍ ഇനി ‘ബയോവിന്‍ അഗ്രോ റിസര്‍ച്’ എന്ന ട്രേഡ് മാര്‍ക്കില്‍ എത്തും. സുഗന്ധവ്യഞ്ജനങ്ങള്‍, ഭക്ഷ്യോല്‍പന്നങ്ങള്‍, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ എന്നിവയെല്ലാം ഇതിന് കീഴിലാണ് ഇനി വരുക. വയനാട് സോഷ്യല്‍ സര്‍വിസ് സൊസൈറ്റിക്ക് കീഴില്‍ 2014ല്‍ രൂപവത്കരിച്ച ബയോവിന്‍ അഗ്രോ റിസര്‍ച് കമ്പനി കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് ജില്ലയില്‍നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് ചെന്നൈയിലെ ട്രേഡ് മാര്‍ക്ക് ഏജന്‍സി വയനാടന്‍ എ ട്രേഡ്മാര്‍ക്ക് അനുവദിച്ചത്. വിവിധ അന്തര്‍ദേശീയ ഏജന്‍സികളില്‍നിന്ന് ജൈവ സര്‍ട്ടിഫിക്കറ്റ് നേടിയ വയനാട്ടിലെ പതിമൂവായിരത്തിലധികം കര്‍ഷകര്‍ക്ക് ഇതിന്‍െറ പ്രയോജനം ലഭിക്കും. നിലവില്‍ മാര്‍ക്കറ്റ് വിലയെക്കാള്‍ വിലകൂട്ടി നല്‍കിയാണ് ഇഞ്ചി, മഞ്ഞള്‍, കുരുമുളക്, കാപ്പി, നേന്ത്രക്കായ, മാങ്ങ, ഏലം, ജാതി, കറുവപ്പട്ട, സര്‍പ്പഗന്ധി, വാനില, കാന്താരിമുളക്, കറിവേപ്പില, തെരുവപ്പുല്ല് എന്നിവ ബയോവിന്‍ സംഭരിക്കുന്നത്. സംഭരിക്കുന്ന ഉല്‍പന്നങ്ങള്‍ സംസ്കരിച്ച് ഉയര്‍ന്ന ഗുണനിലവാരത്തിലും മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കിയും ഇപ്പോള്‍ വിദേശത്തേക്ക് കയറ്റി അയക്കുന്നുണ്ട്.സ്പൈസസ് ബോര്‍ഡ്, കോഫി ബോര്‍ഡ് എന്നിവയുടെയും ബയോവിന്‍ വികസിപ്പിച്ചെടുത്ത രീതികളും ഉപയോഗിച്ചാണ് സംസ്കരണം നടത്തുന്നത്. ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളുടെ ഫ്രീസ് ഡ്രൈയിങ് സാങ്കേതിക വിദ്യയാണ് ഇവിടെ ഉപയോഗിക്കുത്. നബാര്‍ഡ്, കിന്‍ഫ്ര, കോഫീ ബോര്‍ഡ്, സ്പൈസസ് ബോര്‍ഡ് എന്നിവരുടെ സാമ്പത്തിക സഹായമാണ് ബയോവിന്‍ കമ്പനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.