വാര്‍ത്തകള്‍ ദുരുദ്ദേശ്യപരം; അന്വേഷണം നേരിടാന്‍ തയാര്‍ –പി.കെ. ജയലക്ഷ്മി

മാനന്തവാടി: പട്ടികവര്‍ഗ വകുപ്പിന്‍െറ ക്ഷേമപദ്ധതികളെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ഏത് അന്വേഷണത്തെയും നേരിടാനൊരുക്കമാണെന്നും മുന്‍ പട്ടികവര്‍ഗ ക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞു. മുന്‍ സര്‍ക്കാറിന്‍െറ കാലത്തെ പദ്ധതികളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. ഗോത്രസാരഥി പദ്ധതിയില്‍ ഗുണഭോക്താക്കളായ വിദ്യാര്‍ഥികളെ കണ്ടത്തെിയതും വാഹനങ്ങള്‍ക്ക് ടെന്‍ഡര്‍ നടത്തിയതും ഓടിയ വാഹനങ്ങള്‍ക്ക് തുക കൈപ്പറ്റിയതും അതാത് സ്കൂള്‍ അധികൃതരാണ്. ഇവര്‍ക്കുള്ള പണം കൈമാറുകമാത്രമാണ് പട്ടികവര്‍ഗ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. ഗോത്രസാരഥി പദ്ധതിക്ക് ഓരോ സ്കൂളിലും പി.ടി.എയുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. കമ്മിറ്റിയെ മറികടന്ന് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കോ മന്ത്രിക്കോ ഇടപെടാന്‍ കഴിയില്ല എന്നതാണ് വസ്തുത. ജനറല്‍ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കെല്ലാം വാഹനസൗകര്യങ്ങള്‍ ഉണ്ടാവുകയും ദുര്‍ഘടപ്രദേശങ്ങളിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ പോകാന്‍ ബുദ്ധിമുട്ടാവുകയും ചെയ്തതോടെയാണ് കഴിഞ്ഞ സര്‍ക്കാര്‍ ഗോത്രസാരഥി പദ്ധതി ആരംഭിച്ചത്. പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ഈ പദ്ധതി ഗുണം ചെയ്തിട്ടുണ്ട്. ജനനി ജന്മരക്ഷാ പദ്ധതിയില്‍ ഗര്‍ഭിണികളായ യുവതികള്‍ക്ക് ആദ്യം മണിയോര്‍ഡര്‍ വഴിയായിരുന്നു പണം നല്‍കിയിരുന്നത്. എന്നാല്‍, ധനസഹായ വിതരണത്തില്‍ പോസ്റ്റല്‍ വകുപ്പിന്‍െറ കാലതാമസം കാരണം മാസങ്ങള്‍ വൈകിയാണ് പലര്‍ക്കും പണം ലഭിച്ചിരുന്നത്. ഇത് ശ്രദ്ധയില്‍പെട്ടതോടെയാണ് പട്ടികവര്‍ഗ വകുപ്പിലെ പ്രാദേശിക ഓഫിസുകള്‍ വഴി ധനസഹായ വിതരണം നല്‍കിയത്. ‘ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം’ പദ്ധതിയില്‍ റവന്യൂ, വനം, കൃഷി, പട്ടികവര്‍ഗക്ഷേമം രജിസ്ട്രേഷന്‍ തുടങ്ങി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ അടങ്ങിയ മൂന്ന് തട്ടുള്ള സമിതിയാണ് സ്ഥലമെടുപ്പ്, വിതരണം തുടങ്ങിയ കാര്യങ്ങളില്‍ ഇടപ്പെട്ടത്. ഓരോ ജില്ലയിലും ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും ഉള്‍പ്പെടെയുള്ള ഇത്തരം സമിതികളുടെ തീരുമാനം പലതവണ ജില്ലാ കലക്ടറുടെയും സബ് കലക്ടറുടെയും നേതൃത്വത്തില്‍ സൂക്ഷ്മപരിശോധന കഴിഞ്ഞാണ് നടപ്പാക്കിയിരുന്നത്. ഹാംലെറ്റ് ഡെവലപ്മെന്‍റ് പദ്ധതിയില്‍ കോളനികളെ തെരഞ്ഞെടുത്തതും പദ്ധതി നടപ്പാക്കിയതും ഊരുവികസന സമിതികളും ഉദ്യോഗസ്ഥ സംഘവുമാണ്. മന്ത്രിക്കോ ഒന്നോ രണ്ടോ ഉദ്യോഗസ്ഥര്‍ക്കോ ഈ കാര്യത്തില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പദ്ധതിയില്‍ മാറ്റംവരുത്താന്‍ കഴിയില്ല. ഏതെങ്കിലും പദ്ധതിയില്‍ ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തുകയോ അഴിമതികാണിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ വകുപ്പിനെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. സര്‍ക്കാര്‍ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരുണ്ടെങ്കില്‍ അവരെ പൊതുസമൂഹത്തിനുമുന്നില്‍ കൊണ്ടുവരുകയാണ് വേണ്ടത്. ഇപ്പോള്‍ നടക്കുന്നത് ആക്ഷേപങ്ങളും അവഹേളനങ്ങളുമാണ്. മാധ്യമങ്ങള്‍ വസ്തുതകള്‍ പരിശോധിച്ച് വേണം വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍. ആരോപണങ്ങളുടെയും ഊഹാപോഹങ്ങളുടെയും പേരില്‍ ജനക്ഷേമ പദ്ധതികള്‍ അട്ടിമറിക്കപ്പെടാന്‍ പാടില്ളെന്നും ജയലക്ഷ്മി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.