മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതായി പറയപ്പെടുന്ന സംഭവത്തില്‍ ദുരൂഹത. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാവിലെയാണ് അരണപ്പാറ റോഡരികില്‍ വനത്തോട് ചേര്‍ന്ന് അരണപ്പാറ വാകേരി കോട്ടക്കല്‍ തോമസിനെ (ഷിമി-28) മരിച്ചനിലയില്‍ കണ്ടത്തെിയത്. വെള്ളിയാഴ്ച രാത്രി വീട്ടിലേക്ക് പോകും വഴി തോമസിനെ കാട്ടാന ആക്രമിച്ച് കൊന്നുവെന്നാണ് പറയപ്പെടുന്നത്. ഇയാളുടെ ദേഹത്ത് പരിക്കേറ്റ പാടുകളും ഉണ്ടായിരുന്നു. കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മൃതദേഹം കൊണ്ടുപോകുന്നത് തടഞ്ഞിരുന്നു. മണിക്കൂറുകളോളം അന്തര്‍ സംസ്ഥാന പാതയായ മാനന്തവാടി-കുട്ട റോഡ് ഉപരോധിക്കുകയും ചെയ്തു. ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരത്തെി നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. അതേസമയം, തോമസിന്‍െറ മരണത്തില്‍ തുടക്കം മുതല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചതെന്നും സൂചനയുണ്ട്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ തെളിവെടുപ്പിനായി സ്ഥലത്ത് പൊലീസ് നായയെ കൊണ്ടുവന്നിരുന്നു. നായ മൃതദേഹം കണ്ടത്തെിയതിന് സമീപത്തെ കുളത്തിനരികില്‍ വരെ എത്തി തിരിച്ചുവരുകയായിരുന്നു. ഇവിടെനിന്ന് ഇരുമ്പ് വടിയും കണ്ടെടുത്തിട്ടുണ്ട്. ഇതോടെ, മരണത്തില്‍ ദുരൂഹതയേറി. കൊല്ലപ്പെടുന്നതിന് രണ്ടുദിവസം മുമ്പ് തോമസ് പ്രദേശവാസികളില്‍ ചിലരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതായും പറയപ്പെടുന്നുണ്ട്. വനം വകുപ്പും മരണവുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവൂ എന്ന് മാനന്തവാടി സി.ഐ ടി.എന്‍. സജീവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.