പൊടിശല്യം രൂക്ഷം; മേപ്പാടി-കല്‍പറ്റ റോഡില്‍ ദുരിതയാത്ര

മേപ്പാടി: പ്രവൃത്തി പാതിവഴിയില്‍ നിലച്ച മേപ്പാടി-കല്‍പറ്റ റോഡില്‍ പൊടിശല്യം മൂലം ജനങ്ങള്‍ക്ക് ദുരിതയാത്ര. കുണ്ടും കുഴികളും നിറഞ്ഞതിന്‍െറ ദുരിതങ്ങള്‍ വേറെയും. ഒരു വാഹനത്തിന് പിന്നില്‍ സഞ്ചരിക്കേണ്ടിവരുന്നവരാണ് പൊടി തിന്നേണ്ടിവരുന്നത്.റോഡ് പ്രവൃത്തി നിര്‍ത്തിവെച്ചിട്ട് മാസങ്ങളായി.ഏറ്റവുമൊടുവില്‍ ഒക്ടോബര്‍ 14ന് പണി പുനരാരംഭിക്കുമെന്ന കരാറുകാരന്‍െറ ഉറപ്പും പാഴ്വാക്കായി. സ്കൂള്‍ തുറക്കുന്നതിനു മുമ്പ് റോഡ് ഗതാഗത യോഗ്യമാക്കുമെന്ന് എം.എല്‍.എ പരസ്യമായി ഉറപ്പുനല്‍കി മാസങ്ങള്‍ പിന്നിട്ടിട്ടും മേഖലയിലെ ആയിരക്കണക്കിന് ജനങ്ങള്‍ ഇപ്പോഴും ദുരിതയാത്ര തുടരുകയാണ്. പ്രവൃത്തി വൈകിപ്പിക്കുന്നതിനു പിന്നില്‍ പൊതുമരാമത്ത് വകുപ്പിലെ ചില ഉന്നതന്മാരും കരാറുകാരനും ചേര്‍ന്ന റാക്കറ്റാണെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഏഴരക്കോടി രൂപ എസ്റ്റിമേറ്റില്‍ 2016 സെപ്റ്റംബര്‍ 30നകം പണി പൂര്‍ത്തീകരിക്കണമെന്ന വ്യവസ്ഥയിലാണ് പ്രവൃത്തി തുടങ്ങിയത്. എന്നാല്‍, പണി തുടങ്ങിയശേഷം പല കാരണങ്ങള്‍ പറഞ്ഞ് കരാറുകാരന്‍ ഉഴപ്പി. നിശ്ചിത കാലാവധി കഴിഞ്ഞ് ഒരുമാസം പിന്നിടുമ്പോഴും പണി പാതിവഴിയിലാണ്. മാസങ്ങളായി പ്രവൃത്തി നിര്‍ത്തിവെച്ചിരിക്കുകയുമാണ്. ഈ സാമ്പത്തിക വര്‍ഷം കഴിഞ്ഞാല്‍ എസ്റ്റിമേറ്റ് പുതുക്കണമെന്നാവശ്യപ്പെടാം. അങ്ങനെ ഖജനാവില്‍നിന്ന് വീണ്ടും കോടികള്‍ കവരാനുള്ള തന്ത്രമാണ് ഇതില്‍ പിന്നിലുള്ളതെന്ന ആക്ഷേപം ശക്തമാണ്. അതിന് പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യാഗസ്ഥരുടെ ഒത്താശയുമുണ്ടെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. മുമ്പെടുത്ത പ്രവൃത്തികളൊന്നും നിശ്ചിത സമയത്ത് തീര്‍ക്കാത്തയാളത്തെന്നെ വീണ്ടും പ്രവൃത്തികളേല്‍പ്പിക്കുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.