വയനാട് ഇനി ഒ.ഡി.എഫ് ജില്ല

കല്‍പറ്റ: വയനാട് ജില്ലയെ ഒ.ഡി.എഫ് ജില്ലയായി പ്രഖ്യാപിച്ചു. ശനിയാഴ്ച വൈകീട്ട് നാലുമണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനാണ് പൊതു സ്ഥലത്ത് വിസര്‍ജനം നടത്താത്ത ജില്ലയായി പ്രഖ്യാപിച്ചത്. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഒ.ഡി.എഫ് പ്രഖ്യാപനത്തിലൂടെ കേരള സംസ്ഥാനം ആരോഗ്യ രംഗത്ത് പുത്തന്‍ ചുവടുവെപ്പ് നടത്തുകയാണെന്ന് ഉദ്ഘാടന വേളയില്‍ മന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ഒരു കുടുബത്തിന് പോലും ടോയ്ലറ്റ് സൗകര്യം ഇല്ലാത്ത അവസ്ഥ ഉണ്ടാകാന്‍ പാടില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. അയതിനായുള്ള പ്രവര്‍ത്തനങ്ങളാണ് ഒ.ഡി.എഫ് കാമ്പയിന്‍െറ ഭാഗമായി സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ചുവരുന്നത്. ശുചിത്വ കേരളം യാഥാര്‍ഥ്യമാക്കുക എന്നതാണ് കേരള സര്‍ക്കാറിന്‍െറ പ്രഖ്യാപിത നയം. സുസ്ഥിര വികസിത കേരളത്തിനായി ശുദ്ധവായുവും ശുദ്ധജലവും ഉറപ്പുവരുത്തേണ്ട ബോധപൂര്‍വമായ ഇടപെടലുകള്‍ ഇതിന് അനിവാര്യമാണ്. ആതിന്‍െറ അദ്യഘട്ടമാണ് ഒ.ഡി.എഫ് കാമ്പയിന്‍ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലയെ ഒ.ഡി.എഫ് ആക്കി മാറ്റുന്നതിനായി 13,981 ടോയ്ലറ്റുകള്‍ എന്ന ലക്ഷ്യത്തിലേക്ക് നമ്മുക്ക് സമയബന്ധിതമായി എത്തിച്ചേരാനായെന്നും മന്ത്രി വ്യക്തമാക്കി. വരും ദിവസങ്ങളില്‍ ഗ്രാമപഞ്ചായത്ത്, വാര്‍ഡ് അടിസ്ഥാനത്തില്‍ തുടര്‍ പരിശോധന നടത്തി 100 ശതമാനം പൂര്‍ത്തീകരണം ഉറപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. സര്‍ക്കാര്‍ നവംബര്‍ ഒന്നിന് സംസ്ഥാനതല ഒ.ഡി.എഫ് പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.എല്ലാവര്‍ക്കും ശുചിമുറി, എല്ലാവര്‍ക്കും ഭവനം, സംസ്ഥാനത്ത് ഉന്നത ഗുണനിലവാരമുളള 1000 പൊതുവിദ്യാലയങ്ങള്‍ എന്നിവ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്ന വിഷയങ്ങളാണെന്നും ആയതിലേക്കാ യി ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനവിഭാഗങ്ങളുടെയും സജീവ പിന്തുണയും സഹകരണവും മന്ത്രി അഭ്യര്‍ഥിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത്, ശുചിത്വമിഷന്‍ ഡയറക്ടര്‍ സി.വി. ജോയ്, എ.ഡി.എം കെ.എം. രാജു എന്നിവര്‍ സംസാരിച്ചു.ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ പി.കെ. അനില്‍ കുമാര്‍, എ. ദേവകി, ശ്രീമതി അനില തോമസ്, കെ. മിനി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍, ജലനിധി കണ്ണൂര്‍ ആര്‍.പി.ഡി ചന്ദ്രന്‍, ഡി.ഡി.പി രജീഷ് എന്നിവര്‍ പങ്കെടുത്തു. ശുചിത്വമിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പി.കെ. അനൂപ് നന്ദി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.