പുല്‍പള്ളി: മഴക്കുറവ് വന്യജീവികള്‍ക്കും തിരിച്ചടിയാകുന്നു. ശക്തമായ മഴ ലഭിക്കാത്തതിനാല്‍ വനത്തിലെ ജലാശയങ്ങളില്‍ പലതിലും വെള്ളം ആവശ്യത്തിനില്ല. ചിലയിടങ്ങളില്‍ ഇവ വറ്റി വരണ്ടുകിടക്കുന്നു. ഇടക്കാലത്ത് പെയ്ത മഴയുടെ കരുത്തില്‍ കാടുകള്‍ പച്ചപ്പിലാണെങ്കിലും കുളങ്ങളിലും മറ്റും ഉറവയായിട്ടില്ല. കേരള-കര്‍ണാടക-തമിഴ്നാട് വനങ്ങളിലെല്ലാം ഇതാണ് അവസ്ഥ. രാജീവ് ഗാന്ധി വന്യജീവി സങ്കേതത്തോട് ചേര്‍ന്നാണ് കബനി നദി ഒഴുകുന്നത്. കബനിയിലും നീരൊഴുക്ക് നന്നേ കുറഞ്ഞിട്ടുണ്ട്. വെള്ളം തേടി വന്യജീവികള്‍ കൂട്ടത്തോടെ രാവിലെയും വൈകീട്ടും കബനി നദിയില്‍ എത്തുന്നു. ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തോടു ചേര്‍ന്നാണ് കന്നാരംപുഴ ഒഴുകുന്നത്. കന്നാരം പുഴയില്‍ നീരൊഴുക്ക് നിലച്ചിരിക്കുകയാണ്. മുളങ്കാടുകളുടെയടക്കം നാശം കാട്ടില്‍ ആനയടക്കമുള്ള വന്യജീവികള്‍ക്ക് ഭക്ഷ്യക്ഷാമത്തിനും കാരണമായിട്ടുണ്ട്. വയനാട് വന്യജീവി സങ്കേതത്തില്‍പെട്ട കാടുകളിലും വെള്ളക്ഷാമം രൂക്ഷമായിത്തുടങ്ങിയിട്ടുണ്ട്. തമിഴ്നാട്ടിലെ മുതുമല വന്യജീവി സങ്കേതത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ വരള്‍ച്ച കാലത്ത് വന്യജീവികള്‍ക്കാവശ്യമായ വെള്ളം എത്തിച്ചുകൊടുത്തിരുന്നു. വനത്തില്‍ ടാങ്കുകള്‍ നിര്‍മിച്ച് വെള്ളം നിറച്ചുകൊടുക്കുകയായിരുന്നു ചെയ്തത്. വെയിലിന്‍െറ കാഠിന്യം അനുദിനം കൂടിവരുകയാണ്. ഈയൊരവസ്ഥയില്‍ വന്യജീവികളുടെ നിലനില്‍പ് അപകടത്തിലാകുമെന്നും വനംവകുപ്പ് വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.