കല്‍പറ്റ: ജില്ലയില്‍ വിനോദകേന്ദ്രങ്ങളില്‍ ഗ്രീന്‍ കാര്‍പറ്റ് പദ്ധതി മുന്നേറുന്നു. ശുചിയായതും വൃത്തിയുള്ളതുമായ പരിസരങ്ങള്‍ എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സെപ്റ്റംബര്‍ ഒന്നു മുതലാണ് വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ ഗ്രീന്‍ കാര്‍പറ്റ് പദ്ധതിക്ക് തുടക്കമിട്ടത്. ആദ്യഘട്ടത്തില്‍ പരിസര ശുചീകരണമാണ് നടന്നത്. രണ്ടാം ഘട്ടത്തില്‍ മാലിന്യ നിര്‍മാര്‍ജനം, ടോയ്ലറ്റുകളുടെ നവീകരണവും ശുചീകരണവും എന്നിവക്കാണ് ഊന്നല്‍ നല്‍കുന്നത്. ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളായ പൂക്കോട് തടാകം, കറളാട് തടാകം, കാന്തന്‍പാറ വെള്ളച്ചാട്ടം, എടക്കല്‍ ഗുഹ, കുറുവ ദ്വീപ്, പ്രിയദര്‍ശിനി ടീ എന്‍വിറോണ്‍സ് എന്നിവിടങ്ങളില്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി. തെരഞ്ഞെടുത്ത ഓരോ കേന്ദ്രങ്ങളിലെയും മാലിന്യ സംസ്കരണം, ടോയ്ലറ്റ് സംവിധാനങ്ങളുടെ നവീകരണം, ഭിന്നശേഷിക്കാര്‍ക്കുള്ള ടോയ്ലറ്റ് നിര്‍മാണം, ഇവിടങ്ങളിലേക്കുള്ള ലൈറ്റിങ് സംവിധാനം ഏര്‍പ്പെടുത്തല്‍, പാത്ത്വേ എന്നിവ ഏര്‍പ്പെടുത്തും. സഞ്ചാരികള്‍ക്കാവശ്യമായ സൂചന ബോര്‍ഡുകള്‍, ഓരോ കേന്ദ്രത്തിലും കുടിവെള്ള സൗകര്യം ഉറപ്പുവരുത്തുക, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുക, സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായിട്ടുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തല്‍, ഇന്‍ഫര്‍മേഷന്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കല്‍, പരാതി പരിഹാര സെല്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ജീവനക്കാര്‍ക്കുള്ള പരിശീലനം, ജില്ലയിലെ തനത് വിഭവങ്ങളായ കരകൗശല വസ്തുക്കള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, തേന്‍, കാര്‍ഷിക വിഭവങ്ങള്‍ എന്നിവക്ക് വിപണനം സാധ്യമാക്കുന്ന രീതിയില്‍ ടൂറിസം മേഖലയുമായി കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയും നടത്തും. ജില്ലയില്‍ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്‍, മറ്റു വിവിധ വകുപ്പുകള്‍ എന്നിവരുടെ സഹകരണത്തോടുകൂടിയാണ് ടൂറിസം വകുപ്പ് ഡി.ടി.പി.സി, ഡി.എം.സി എന്നിവയിലൂടെ ഗ്രീന്‍ കാര്‍പറ്റ് നടപ്പാവുക. കറളാട് തടാകത്തിന് ഒരു കോടി രൂപയും കുറുവ ദ്വീപിലെ പ്രവൃത്തികള്‍ക്കായി 42 ലക്ഷം രൂപയും കാന്തന്‍പാറ വെള്ളച്ചാട്ടത്തില്‍ സുരക്ഷ സംവിധാനങ്ങളും വികലാംഗര്‍ക്കുള്ള ടോയ്ലറ്റ് സൗകര്യം, പാത്ത്വേ എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി 21 ലക്ഷം രൂപയും പ്രിയദര്‍ശിനി ടീ എന്‍വിറോണ്‍സിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 50 ലക്ഷം രൂപയുമാണ് ഇതിനായി അനുവദിച്ചത്. ടൂറിസം വകുപ്പ്-ഡി.ടി.പി.സി, തരിയോട് ഗ്രാമപഞ്ചായത്ത്, എന്‍ജിനീയറിങ് കോളജ് മാനന്തവാടി, മറ്റ് സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ എന്നിവയുടെ ആഭിമുഖ്യത്തില്‍ കറലാട് തടാകത്തില്‍ ശുചീകരണം, തണ്ണീര്‍പന്തല്‍, ജൈവപച്ചക്കറി കൃഷി, വീല്‍ചെയര്‍ ഏര്‍പ്പെടുത്തല്‍ എന്നിവ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റീന സുനില്‍ അധ്യക്ഷത വഹിച്ചു. ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍ സി.എന്‍. അനിതകുമാരി, തരിയോട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.വി. ചന്ദ്രശേഖരന്‍, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അജിത്കുമാര്‍, കറലാട് മാനേജര്‍ എം.എസ്. ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. കറളാട് തടാകത്തില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമായി ടൂറിസം ഓര്‍ഗനൈസേഷന്‍ വീല്‍ചെയര്‍ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.