കല്‍പറ്റ: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെയുള്ള പ്രചാരണം ശക്തമാക്കാന്‍ ജില്ല വികസന സമിതി യോഗം തീരുമാനിച്ചു. ഇതിനായി വിദ്യാഭ്യാസ ആരോഗ്യ ടൂറിസം എക്സൈസ് വകുപ്പുകള്‍ സംയുക്തമായും പദ്ധതി ആവിഷ്കരിക്കും. ഇതിന്‍െറ ഭാഗമായി ഡിസംബറില്‍ ജില്ലയിലെ എല്ലാ സ്കൂളുകളിലും ഒരു ദിവസം ഉച്ചക്കുശേഷം ലഹരി വിരുദ്ധ ബോധവത്കരണ ക്ളാസുകള്‍ നടത്തും. ആധുനിക സൗകര്യങ്ങളോടെയുള്ള ലഹരിമുക്ത കേന്ദ്രം തുടങ്ങാന്‍ നടപടി സ്വീകരിക്കും. ജില്ലയിലേക്ക് മാലിന്യങ്ങള്‍ കടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് ലേലം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന പഞ്ചായത്തീ രാജ് നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച് വാഹനം ലേലംചെയ്യാനുള്ള നടപടികള്‍ തുടങ്ങിയതായി കലക്ടര്‍ അറിയിച്ചു. പ്ളാസ്റ്റിക് രഹിത ജില്ലയായി വയനാടിനെ മാറ്റാനുള്ള ശ്രമത്തിനെതിരെയുള്ള സ്റ്റേ കോടതി നീക്കിയ സാഹചര്യത്തില്‍ ലക്ഷ്യപൂര്‍ത്തീകരണത്തിനായുള്ള ശ്രമങ്ങള്‍ കര്‍ശനമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലഹരി വ്യാപനത്തിനെതിരെ അടിയന്തര ജാഗ്രത പുലര്‍ത്തണമെന്നും പരിഹാര നടപടികള്‍ ഊര്‍ജിതപ്പെടുത്തണമെന്നും സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ലയിലേക്ക് മദ്യവും മയക്കുമരുന്നും ഒഴുകുന്നത് പ്രധാനമായും അയല്‍സംസ്ഥാനങ്ങളില്‍ നിന്നാണെന്നും ഇതിനെതിരെ നടപടി ശക്തമാക്കണമെന്നും ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. ജില്ലയിലെ ട്രൈബല്‍ ഹോസ്റ്റലുകളില്‍ വിദ്യാര്‍ഥികള്‍ വെറ്റിലമുറുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ചില ഹോസ്റ്റലുകളില്‍ അധ്യാപകരും ഈ ദുശ്ശീലത്തിന് വശപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു. ബൈരക്കുപ്പയില്‍ നിലവിലുള്ള പൊലീസ് ഒൗട്ട് പോസ്റ്റ് നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണം. ജില്ലയിലെ പട്ടികവര്‍ഗ കുടുംബങ്ങളെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ക്ക് വേഗം കൂട്ടണം- അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയില്‍ ഡിസംബര്‍ ആറിനു ശേഷം ക്വാറികള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ പ്രത്യേക പാരിസ്ഥിതിക അനുമതി ആവശ്യമുണ്ടെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച കലക്ടര്‍ ബി.എസ്. തിരുമേനി അറിയിച്ചു. അഞ്ച് ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്ക് ജില്ലാതല വിദഗ്ധ സമിതിയും അതിനു മുകളിലുള്ളവക്ക് സംസ്ഥാനതല വിദഗ്ധ സമിതിയുമാണ് അംഗീകാരം നല്‍കേണ്ടത്. ഇതിനായി ക്വാറി ഉടമകള്‍ ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതുണ്ടെങ്കിലും ഇതുവരെ ഒരപേക്ഷപോലും ലഭിച്ചിട്ടില്ല. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ നിബന്ധന. കാരാപ്പുഴ ടൂറിസം പദ്ധതി പ്രവൃത്തി ഏറ്റെടുത്ത ഏജന്‍സി സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തില്‍ ഏജന്‍സി പ്രതിനിധികളെ വിളിച്ചുവരുത്താനും യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.