ബത്തേരി താലൂക്ക് ആശുപത്രി: പുതിയകെട്ടിടം എന്നാണ് ഉപകാരപ്പെടുക?

സുല്‍ത്താന്‍ ബത്തേരി: താലൂക്കിന്‍െറ ആതുര സേവന രംഗത്ത് കാതലായ മാറ്റംവരുമെന്ന് പ്രതീക്ഷ നല്‍കിക്കൊണ്ട് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കി. 17.5 കോടി രൂപ ചെലവിലാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. ആശുപത്രി പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായാല്‍ ജില്ല ആശുപത്രിയേക്കാള്‍ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാകും. മോര്‍ച്ചറി, ബ്ളഡ് ബാങ്ക്, സി.ടി സ്കാന്‍, അഞ്ച് ഓപറേഷന്‍ തിയറ്റര്‍, രണ്ട് ലാബ്, അഞ്ച് ഡോക്ടര്‍ റൂം, മൂന്ന് ഫാര്‍മസി, ഡയാലിസിസ് സെന്‍റര്‍, 35 വാര്‍ഡ് എന്നിവയെല്ലാം പുതിയ കെട്ടിടത്തിലുണ്ട്. ആശുപത്രിയോട് ചേര്‍ന്ന് പബ്ളിക് ഹെല്‍ത്ത് ലാബ് സ്ഥാപിക്കുന്നതിനുള്ള കെട്ടിട നിര്‍മാണവും പൂര്‍ത്തിയാക്കി. ആശുപത്രിയിലേക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് മാത്രമായി രണ്ട് കോടി രൂപയുടെ പ്രപ്പോസല്‍ നല്‍കി. 2016 ജനുവരിയില്‍ തന്നെ പുതിയ കെട്ടിടത്തിന്‍െറ ഉദ്ഘാടനം നടത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍, 2017 ജനുവരിയിലും ആശുപത്രി പ്രവര്‍ത്തനക്ഷമമാകാന്‍ സാധ്യതയില്ല. കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയതല്ലാതെ അനുബന്ധ പ്രവര്‍ത്തനങ്ങളൊന്നുംതന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. കെട്ടിടത്തിന് നമ്പര്‍ ലഭിക്കാത്തതിനാല്‍ വൈദ്യുതി ലഭ്യമായിട്ടില്ല. കഴിഞ്ഞ വേനല്‍ക്കാലത്ത് നിലവിലെ കിണര്‍ വറ്റിയതോടെ ആശുപത്രിയില്‍ ജലക്ഷാമം നേരിട്ടു. പുതിയ ആശുപത്രിയിലേക്ക് കൂടുതല്‍ വെള്ളം ആവശ്യമായതിനാല്‍ ഇതിനും മാര്‍ഗം കണ്ടത്തെണം. മാലിന്യസംസ്കരണ പ്ളാന്‍റ് സ്ഥാപിക്കുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍, പ്ളാന്‍റ് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല. ഇതെല്ലാം ആയാല്‍ തന്നെ ആശുപത്രി നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഡോക്ടര്‍മാരുടെ കുറവാണ്. 1960ലെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും തുടരുന്നത്. 40 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് 21 തസ്തികയാണുള്ളത്. ഇതില്‍ പകുതിയും ഒഴിഞ്ഞു കിടക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുമായി ഒരു ദിവസം ആയിരത്തിലധികം രോഗികളാണ് ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്തെുന്നത്. ഡോക്ടര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് നിലവില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ അടക്കം നിരധി രാഷ്ട്രീയ സംഘടനകളും മറ്റും സമരം നടത്തി. കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കി പുതിയ ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന മുറക്ക് പുതിയ തസ്തികകളും സൃഷ്ടിക്കേണ്ടി വരും. ജീവനക്കാരില്ലാതെ ആശുപത്രി കെട്ടിടം മാത്രം ഉദ്ഘാടനം ചെയ്യുന്നതുകൊണ്ട് പ്രത്യേകിച്ച് ഉപകാരമൊന്നുമില്ളെന്ന് അഭിപ്രായമുണ്ട്. കെട്ടിടവും അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കുന്നതോടെ ആശുപത്രിയിലേക്ക് ജീവനക്കാരെയും നിയമിക്കണമെന്ന് ശക്തമായ ആവശ്യമുയരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.