കല്‍പറ്റ: എല്ലാം കൈവിട്ടുവെന്ന് കരുതിയ ഘട്ടത്തില്‍, കളത്തിനു പുറത്തെ ആരവങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അവര്‍ പൊരുതിക്കയറിയപ്പോള്‍ വയനാടിന് ലഭിച്ചത് ആവേശകരമായ ക്വാര്‍ട്ടര്‍ പ്രവേശം. സംസ്ഥാന സീനിയര്‍ ഫുട്ബാളില്‍ താഴെ അരപ്പറ്റ ഗ്രൗണ്ടിലേക്ക് ഒഴുകിയത്തെിയ കാണികളെ ആവേശം കൊള്ളിച്ചാണ് വയനാടിന്‍െറ യുവനിര അര്‍ഹിച്ച ജയത്തിലേക്ക് നിറയൊഴിച്ചത്. പത്തനംതിട്ടക്കെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ മേധാവിത്വം കാട്ടിയിട്ടും ഗോള്‍ മാത്രം അകന്നുനിന്നപ്പോള്‍ പരാജയം ടീമിനെ തുറിച്ചുനോക്കിയിരുന്നു. 48ാം മിനിറ്റില്‍ കളിയുടെ ഗതിക്കെതിരായി ലീഡ് നേടിയശേഷം പ്രതിരോധം ശക്തമാക്കി പിടിച്ചുനില്‍ക്കുകയായിരുന്നു സന്ദര്‍ശകര്‍. പത്തനംതിട്ടയാകട്ടെ, സമയം കൊല്ലാന്‍ പന്തുവെച്ചുതാമസിപ്പിക്കുകയും ഫൗള്‍ അഭിനയിക്കുകയുമൊക്കെ ചെയ്യുന്നത് സജീവമാക്കുകയും ചെയ്തു. കളി തൊണ്ണൂറാം മിനിറ്റിലത്തെിനില്‍ക്കുമ്പോള്‍ പത്തനംതിട്ട ഒരു ഗോളിന് മുന്നില്‍. ഓരോ നീക്കങ്ങള്‍ക്കും, ത്രോഇന്നിനു പോലും ആര്‍പ്പുവിളികളോടെ പിന്തുണ നല്‍കിയ കാണികള്‍ക്ക് ടീം ആക്രമിച്ചുകളിച്ച രണ്ടാം പകുതിയില്‍ അവസാന നിമിഷം വരെ നിരാശ മാത്രമായിരുന്നു ഫലം. കളി നിശ്ചിത സമയം കഴിഞ്ഞ് ഇഞ്ചുറി ടൈമിലേക്കത്തെിയതോടെ കാണികള്‍ ടീമിന്‍െറ തോല്‍വി ഏറക്കുറെ ഉറപ്പിച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍, മധ്യനിരയില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്ത സെന്‍ട്രല്‍ എക്സൈസ് താരം മുനീറിന്‍െറ സമര്‍ഥമായ കരുനീക്കം ഇഞ്ചുറി ടൈമില്‍ സമനിലഗോളിലേക്ക് വിത്തിട്ടു. ജിജീഷുമൊത്ത് പത്തനംതിട്ട ബോക്സിലേക്ക് ഇരച്ചുകയറിയ മുനീര്‍ എതിര്‍പ്രതിരോധത്തിന് പഴുതൊന്നും നല്‍കാതെ പന്ത് മുന്നിലേക്ക് മറിച്ചുനല്‍കി. ഉടനടി മുന്നോട്ടുകയറി പന്തെടുത്ത ജിജീഷ് നിലംപറ്റെ സമാന്തരമായുതിര്‍ത്ത പാസ് എതിര്‍ ഡിഫന്‍ഡര്‍മാര്‍ക്കിടയില്‍നിന്ന് നിസാമുദ്ദീന്‍ ക്ളോസ്റേഞ്ചില്‍ വലയിലേക്ക് തള്ളുകയായിരുന്നു. കാണികള്‍ ഗ്രൗണ്ടിലേക്കിറങ്ങി താരങ്ങളെ കെട്ടിപ്പിടിച്ച് ഗോള്‍നേട്ടം ‘ഗംഭീര’മായി ആഘോഷിച്ചു. നിശ്ചിതസമയത്തെ കളിക്കുശേഷം ഇരുടീമും സമനില പാലിച്ചാല്‍ വിധിനിര്‍ണയം ഷൂട്ടൗട്ടിലത്തെും. സമയക്കുറവു കാരണം എക്സ്ട്രാടൈമൊന്നുമില്ല. ഈ സാഹചര്യത്തില്‍ ടൈബ്രേക്കറിന്‍െറ സാധ്യതകളിലേക്ക് ഫുട്ബാള്‍ പ്രേമികള്‍ കണക്കുകൂട്ടിയിരിക്കുമ്പോഴാണ് വയനാടന്‍ വിജയത്തിലേക്ക് തകര്‍പ്പന്‍ ഗോള്‍ പിറന്നത്. എതിര്‍ ഡിഫന്‍സില്‍നിന്ന് പന്തു റാഞ്ചിയെടുത്തായിരുന്നു ഗോളിന്‍െറ പിറവി. വലതുവിങ്ങില്‍നിന്ന് നിസാം ഉതിര്‍ത്ത ക്രോസ് ബോക്സില്‍ കാത്തിരുന്ന ആതിഥേയ താരങ്ങള്‍ക്കിടയിലേക്ക് പറന്നിറങ്ങുമ്പോള്‍ സെന്‍ട്രല്‍ ഡിഫന്‍സില്‍നിന്ന് അര്‍ഷാദ് സൂപ്പി മുന്നോട്ടുകയറിയത്തെിയിരുന്നു. പന്ത് വീഴേണ്ട താമസം അര്‍ഷാദിന്‍െറ കിറുകൃത്യമായ ഷോട്ട് വലയിലേക്ക് പാഞ്ഞുകയറുമ്പോള്‍ പത്തനംതിട്ട ഗോളി കണ്ണന്‍രാജു ഡൈവ് ചെയ്യുന്നതേ ഉണ്ടായിരുന്നുള്ളൂ. കാണികളുടെ കാതടപ്പിക്കുന്ന കരഘോഷങ്ങള്‍ നിലയ്ക്കും മുമ്പ് റഫറി അന്തിമ വിസില്‍ മുഴക്കിയതോടെ അരപ്പറ്റ ആവേശത്തില്‍ മുങ്ങി. ആദ്യ പകുതിയില്‍ ആധികാരികമായിരുന്നില്ല വയനാടിന്‍െറ നീക്കങ്ങള്‍. മധ്യനിരയില്‍ മുനീര്‍ പലപ്പോഴും ഒറ്റപ്പെട്ടപ്പോള്‍ വിങ്ങുകളിലൂടെയുള്ള ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച തീരെ കുറവായിരുന്നു. ഇതിനിടയിലും ചില നീക്കങ്ങള്‍ ഗോളിനടുത്തുാവരെയത്തെുകയും ചെയ്തു. നിസാമുദ്ദീന്‍െറ ഗോളെന്നുറച്ച ശ്രമം കണ്ണന്‍രാജു ശ്രമകരമായി തട്ടിയകറ്റി. പിന്നാലെ നിസാമിന്‍െറ തൊട്ടാല്‍ ഗോളാകുമായിരുന്ന ക്രോസ് കണക്ട് ചെയ്യുന്നതില്‍ മനുപ്രസാദും ഷാനവാസും പരാജയപ്പെട്ടു. ജാക്സണ്‍-നിസാം-ഷാനവാസ് ത്രയം ബോക്സിലേക്ക് കയറിയത്തെിയെങ്കിലും ഒത്തിണക്കം ഇല്ലാതെ പോയപ്പോള്‍ ഉറച്ചൊരു ഗോളാണ് വയനാടിന് നഷ്ടമായത്. പകരക്കാരായി മുനീര്‍ അച്ചൂരും ലത്തീഫും കളത്തിലത്തെിയതോടെ രണ്ടാം പകുതിയില്‍ മുന്നേറ്റത്തിന് ഉശിരുകൂടി. നിസാമുദ്ദീന്‍െറ മൂര്‍ച്ചയേറിയ ഷോട്ട് പത്തനംതിട്ട ഗോളി തട്ടിയകറ്റിയതിനുപിന്നാലെ മനുവിന്‍െറ ക്രോസില്‍ മുനീര്‍ അച്ചൂരിന്‍െറ ഹെഡര്‍ ഇഞ്ചുകള്‍ക്ക് പാളി. അവസാന നിമിഷങ്ങളില്‍ നിസാമിന്‍െറ ഹെഡര്‍ വലയിലേക്ക് കുതിക്കവേ, വായുവില്‍ പറന്നുവീണ് കണ്ണന്‍രാജു പന്തിന്‍െറ ഗതി മാറ്റിയൊഴുക്കി. തുടര്‍ന്ന് തുടരെ മൂന്നു കോര്‍ണര്‍ കിക്കുകള്‍ കിട്ടിയിട്ടും ഗോള്‍മുഖത്തെ കൂട്ടപ്പൊരിച്ചിലില്‍ വല കുലുങ്ങാതെപോയ നിരാശയെ അവസാന നിമിഷത്തിലെ മിടുക്കുകൊണ്ട് ടീം മാറ്റിയെഴുതുകയായിരുന്നു. കരുത്തരായ എറണാകുളം-ആലപ്പുഴ മത്സരവിജയികളുമായി ശനിയാഴ്ച ക്വാര്‍ട്ടില്‍ ഏറ്റുമുട്ടുമ്പോഴും കാണികളുടെ പിന്തുണയില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് ഷഫീഖ് പരിശീലിപ്പിക്കുന്ന ജില്ല ടീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.