സുല്‍ത്താന്‍ ബത്തേരി: നഗരസഭയില്‍ ഡിസംബര്‍ എട്ട് മുതല്‍ പ്ളാസ്റ്റിക് കാരിബാഗുകള്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും നിര്‍ത്തലാക്കുമെന്ന് ഭരണസമിതി അംഗങ്ങളും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹരിത കേരളം മിഷന്‍ 2016 കാമ്പയിന്‍െറ ഭാഗമായാണ് പ്ളാസ്റ്റിക് കാരിബാഗുകള്‍ ഒഴിവാക്കുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നഗരത്തിലെ മുഴുവന്‍ വ്യാപാരികള്‍ക്കും പ്ളാസ്റ്റിക് കാരിബാഗുകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കുലര്‍ നല്‍കുകയും ബോധവത്കരണ കാമ്പയിന്‍ നടത്തുകയും ചെയ്യും. പ്ളാസ്റ്റിക് കാരിബാഗുകള്‍ക്ക് പകരം തുണിസഞ്ചികള്‍ പ്രോത്സാഹിപ്പിക്കും. ഡിസംബര്‍ എട്ടിന് ശേഷം കടകളില്‍ നഗരസഭയുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന നടത്തുകയും നിരോധിത പ്ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ കണ്ടത്തെുകയാണെങ്കില്‍ കനത്ത പിഴ ചുമത്തുകയും ചെയ്യും. നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള ഉപയോഗശൂന്യമായ ഫ്ളക്സുകള്‍, ബോര്‍ഡുകള്‍ എന്നിവ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും സഹായത്തോടെ നീക്കം ചെയ്യും. ടൗണില്‍ അലക്ഷ്യമായി മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെതിരെയും ഓവുചാലിലേക്ക് കടകളില്‍നിന്നും മറ്റു സ്ഥാപനങ്ങളില്‍നിന്നും മലിനജലം ഒഴുക്കുന്നതിനെതിരെയും കര്‍ശന നടപടി സ്വീകരിക്കും. ഫ്ളക്സുകളുടെയും ബോര്‍ഡുകളുടെയും വ്യാപക ഉപയോഗം നിയന്ത്രിക്കുന്നതിന് ഒരു സ്ഥാപനത്തിന് ഒരു ബോര്‍ഡ് എന്ന രീതി നടപ്പാക്കും. നടപ്പാതയിലും നടപ്പാതയോടു ചേര്‍ന്നുമുള്ള തോരണങ്ങള്‍ നീക്കും. പുതിയവ സ്ഥാപിക്കുന്നത് ഒഴിവാക്കും. ബത്തേരി നഗരത്തിലെ കടകളിലേക്കാവശ്യമായ തുണിസഞ്ചികള്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. നഗരസഭയുടെ നേതൃത്വത്തില്‍ കുടുംബശ്രീയുമായി ബന്ധപ്പെട്ട് തുണിസഞ്ചികള്‍ ഇവിടെതന്നെ നിര്‍മിച്ച് വിതരണം ചെയ്യുന്നതിനും പദ്ധതികള്‍ ആവിഷ്കരിക്കും. ക്ളീന്‍ സിറ്റി, ഗ്രീന്‍ സിറ്റി പദ്ധതി നടപ്പാക്കുന്നതിനായി വ്യാപാരി വ്യവസായി ഏകോപന സമിതിയും നഗരസഭയും സംയുക്തമായി പദ്ധതികള്‍ ആസൂത്രണം ചെയ്യും. നഗരസഭ ചെയര്‍മാന്‍ സി.കെ. സഹദേവന്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.എല്‍. സാബു, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ബാബു അബ്ദുറഹിമാന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്‍റ് സി. അബ്ദുല്‍ ഖാദര്‍, ജനറല്‍ സെക്രട്ടറി പി.വൈ. മത്തായി, ട്രഷറന്‍ അനില്‍കുമാര്‍, യു.പി. ശ്രീജിത്ത്, ആരിഫ് കല്ലങ്കോടന്‍, യൂസഫ് ചേനക്കല്‍, വി.കെ. റഫീഖ് എന്നിവര്‍ വാര്‍ത്താസമ്മേളത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.