ഹെലികോപ്ടര്‍ താഴ്ന്നുപറന്നു; വന്‍ നാശം

കല്‍പറ്റ: ഹെലികോപ്ടര്‍ താഴ്ന്നുപറന്നത് വീടുകള്‍ക്ക് നാശം വിതച്ചു. എയര്‍ഫോഴ്സ് അസോസിയേഷന്‍ സംസ്ഥാന കണ്‍വെന്‍ഷനോടനുബന്ധിച്ച് എയര്‍ വൈസ് മാര്‍ഷല്‍ ജി. അമല്‍ പ്രസാദ് ബാബു എത്തിയ എയര്‍ഫോഴ്സ് ഹെലികോപ്ടര്‍ പുത്തൂര്‍വയല്‍ പൊലീസ് എ.ആര്‍ ക്യാമ്പ് ഹെലിപാഡില്‍ ഇറക്കുന്നതിനിടെയുണ്ടായ കാറ്റിലാണ് വീടുകള്‍ക്ക് നാശം നേരിട്ടത്. ഹെലിപാഡിനോട് ചേര്‍ന്നുള്ള അമ്പലപ്പറമ്പില്‍ സുഭാഷിന്‍െറ വീടിന്‍െറ മേല്‍ക്കൂര തകര്‍ന്നു. സീലിങ് അടക്കം നിലം പതിച്ചു. ചുമരിന് വിള്ളല്‍ വീണു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി സുഭാഷ് പറഞ്ഞു. തൊട്ടടുത്ത് താമസിക്കുന്ന കുനിയില്‍ വീട്ടില്‍ മുജീബിന്‍െറ വീടിന്‍െറ ജനല്‍ച്ചില്ലുകള്‍ പൊട്ടിത്തെറിച്ചു. വീടിനകത്തേക്ക് കാറ്റടിച്ച് അലമാര ചരിഞ്ഞു. അമ്പതോളം ഓടുകള്‍ പൊട്ടിത്തരിപ്പണമായി. വൈദ്യുതി ബന്ധത്തിനും തടസ്സം നേരിട്ടു. ഉപ്പുണി നാസറിന്‍െറ വീടിന്‍െറ ഓടുകളും ചെടിച്ചട്ടികളും പച്ചക്കറി കൃഷിയും കാറ്റില്‍ തകര്‍ന്നു. വീടുകള്‍ക്കുള്ളില്‍ വ്യാപകമായി പൊടിനിറഞ്ഞത് ഏറെ ദുരിതമായി. വീട്ടുകാര്‍ ജില്ല കലക്ടര്‍, പൊലീസ്, മറ്റു ഉന്നതാധികാരികള്‍ എന്നിവര്‍ക്ക് പരാതി നല്‍കി. നരിവധി വീടുകളില്‍ ചെടിച്ചട്ടികളും മറ്റും നിലത്തുവീണ് പൊട്ടുകയും പൊടിപടലങ്ങള്‍ നിറയുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച 11.30ഓടെ എത്തിയ ഹെലികോപ്ടര്‍ ഏറെ നേരം ആകാശത്ത് വട്ടം ചുറ്റി. വയലുകള്‍ നിറഞ്ഞ പ്രദേശമായതിനാല്‍ ഹെലിപാഡ് സംബന്ധിച്ച ആശയക്കുഴപ്പമാണ് കൂടുതല്‍ സമയം നിലത്തിറങ്ങാനെടുത്തതെന്ന് കരുതുന്നു. എന്നാല്‍, ശനിയാഴ്ച ഹെലിപാഡിന് ചുറ്റും ഹെലികോപ്ടര്‍ ടെസ്റ്റ് ഡ്രൈവ് നടത്തിയിരുന്നു. രണ്ടുമണിയോടെ ഹെലികോപ്ടര്‍ തിരിച്ചുപോവുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.