ചുള്ളിയോട് കഞ്ചാവ് ലോബി പിടിമുറുക്കുന്നു

ചുള്ളിയോട്: അതിര്‍ത്തി ഗ്രാമമായ ചുള്ളിയോട്ടെ യുവതലമുറ കഞ്ചാവ് പുകയുടെ പിറകെ പായുന്നു. സ്കൂള്‍ വിദ്യാര്‍ഥികളടക്കം ഒരു ഗ്രാമത്തിലെ യുവത കഞ്ചാവിന് അടിമപ്പെടുന്നത് തടയാതെ പൊലീസും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കൈയും കെട്ടി നോക്കിനില്‍ക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. താളൂര്‍ ചെക്ക്പോസ്റ്റ് വഴിയും സമീപത്തുള്ള ഊടുവഴികളിലൂടെയും തമിഴ്നാട്ടില്‍നിന്നും ജില്ലയിലേക്ക് കോഴിക്കടത്ത് വ്യാപകമാണ്. 25 വയസ്സില്‍ താഴെയുള്ള യുവാക്കളെയാണ് കോഴിക്കടത്തിന് ഉപയോഗിക്കുന്നത്. ഈ സംഘത്തില്‍പെട്ടവരാണ് കഞ്ചാവ് വില്‍ക്കുന്നതില്‍ പ്രധാനികളെന്ന് നാട്ടുകാര്‍ പറയുന്നു. തമിഴ്നാട്ടില്‍നിന്ന് നികുതി വെട്ടിച്ച് ലോഡ് കണക്കിന് കോഴികളെയും കോഴിക്കുഞ്ഞുങ്ങളെയുമാണ് ജില്ലയിലത്തെിക്കുന്നത്. താളൂരില്‍ പേരിനൊരു ചെക്ക്പോസ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. പരിശോധനകളൊന്നും ഇല്ലാതെയാണ് മിക്ക ലോറികളും കടത്തിവിടുന്നത്. കോഴിയുമായി വരുന്ന പല വാഹനങ്ങളിലും ഇതര സംസ്ഥാനത്തുനിന്നും കഞ്ചാവ് എത്തുന്നുണ്ടെന്നാണ് സൂചന. രാത്രി ഉദ്യോഗസ്ഥര്‍ കിടന്നുറങ്ങുന്നതോടെ ചെക്ക്പോസ്റ്റിന്‍െറ ബാരിക്കേഡ് ഡ്രൈവര്‍മാര്‍തന്നെയാണ് തുറക്കുന്നതും അടക്കുന്നതുമെല്ലാം. ആറു മാസത്തിനിടെ ചുള്ളിയോടും സമീപത്തുമായി നിരവധി വാഹനാപകടങ്ങള്‍ നടന്നു. കഞ്ചാവിന്‍െറ ലഹരിയില്‍ അമിത വേഗത്തില്‍ ഓടിച്ച വാഹനങ്ങളാണ് അപകടത്തില്‍പെട്ടവയില്‍ ഏറെയും. ഇങ്ങനെയുണ്ടായ വാഹനാപകടങ്ങളില്‍ പരിക്കേറ്റ് കിടപ്പിലായവര്‍ നിരവധിയാണ്. ബൈക്ക്, കാറ് എന്നീ വാഹനങ്ങള്‍ ഉപയോഗിച്ച് മത്സര ഓട്ടവും നടത്താറുണ്ട്. ആദിവാസികളും സാധാരണക്കാരുമാണ് ചുള്ളിയോട് നിവാസികളില്‍ ഏറെയും. കഞ്ചാവിന്‍െറയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപയോഗം ആശങ്കജനകമായ രീതിയില്‍ വര്‍ധിച്ചതോടെ നാട്ടുകാര്‍ അമ്പലവയല്‍ പൊലീസിലും ഉന്നതാധികാരികള്‍ക്കും പരാതി നല്‍കി. എന്നാല്‍, നടപടിയൊന്നുമുണ്ടായില്ല. പ്രതികളെ തൊണ്ടിയുമായി പിടിച്ചശേഷം അറിയിച്ചാല്‍ കസ്റ്റഡിയിലെടുക്കാമെന്നാണ് അമ്പലവയല്‍ പൊലീസ് പറഞ്ഞതെന്ന് നാട്ടുകാര്‍ പറഞ്ഞു. കോഴിക്കടത്ത് സംഘങ്ങള്‍ തമ്മില്‍ ഇവിടെ സ്ഥിരമായി സംഘട്ടനങ്ങളും ഉണ്ടാകാറുണ്ട്. കോഴിക്കടത്തും കഞ്ചാവ് ഉപയോഗവും നിയന്ത്രിച്ചില്ളെങ്കില്‍ ചുള്ളിയോടും സമീപപ്രദേശത്തുമുള്ള യുവതലമുറ പൂര്‍ണമായും ലഹരിക്കടിമപ്പെടുന്ന സ്ഥിതിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.