‘വിദ്യാഭ്യാസ വായ്പ: ബാങ്കുകാര്‍ വീടുകളിലത്തെി ഭീഷണിപ്പെടുത്തുന്നു’

കല്‍പറ്റ: വിദ്യാഭ്യാസ വായ്പയെടുത്ത കുടുംബങ്ങളെ ബാങ്ക് അധികൃതര്‍ പീഡിപ്പിക്കുന്ന നടപടിയില്‍ എജുക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. വായ്പയെടുത്തവരെ വീടുകളിലത്തെി ഭീഷണിപ്പെടുത്തുന്ന ബാങ്കുകള്‍ ഏകപക്ഷീയമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാനന്തവാടിയില്‍ മാത്രം 30ലധികം പേര്‍ കോടതിയില്‍ നടപടികള്‍ നേരിടുകയാണ്. 2013 വരെ കണക്കനുസരിച്ച് ജില്ലയില്‍ ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍നിന്ന് 13,240 പേരാണ് വിദ്യാഭ്യാസ വായ്പയെടുത്തത്. ഇവരുടെ വായ്പാതുക 248.52 കോടി വരും. സഹകരണ ബാങ്കുകളില്‍നിന്നുമെടുത്ത വായ്പ വേറെയുമുണ്ട്. നിലവില്‍ ജോലിയില്ലാത്തവരും ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവരുമായ വിദ്യാര്‍ഥികള്‍ എടുത്ത വായ്പകളാണ് തിരിച്ചടവ് മുടങ്ങിയിരിക്കുന്നത്. വിദ്യാഭ്യാസ വായ്പയെടുത്തവര്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അനുവദിക്കുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ മടികാട്ടുകയാണ്. യു.പി.എ സര്‍ക്കാര്‍ വിദ്യാഭ്യാസ വായ്പയെടുത്തവരെ സഹായിക്കാനായി 2600 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും പദ്ധതി അട്ടിമറിക്കപ്പെട്ടു. തുടര്‍ന്ന് അധികാരത്തിലത്തെിയ എന്‍.ഡി.എ സര്‍ക്കാര്‍ ഒരു വിദ്യാഭ്യാസ വായ്പാ കടനിധി രൂപവത്കരിച്ചിരുന്നു. ഈ പദ്ധതിയും മരവിപ്പിച്ചിരിക്കയാണ്. ജില്ലയിലെ വിദ്യാര്‍ഥികളെടുത്ത വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള പ്രത്യേക പാക്കേജുകള്‍ അനുവദിക്കണമെന്നും നഴ്സിങ് മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള പരിഷ്കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ 20ന് രാവിലെ 10.30ന് കല്‍പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്‍റ് എം.കെ. രാധാകൃഷ്ണന്‍, ജന. സെക്രട്ടറി പി.പി. നിര്‍മലന്‍, ജോയി കോലാടന്‍, ഫ്രാന്‍സീസ് പുന്നോലില്‍, എം.ഡി പ്രഭാകരന്‍, ജോസ് കടുപ്പില്‍ എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്‍റ് ടി.ഡി. മാത്യു, ശ്രീധരന്‍ ഇരുപുത്ര, എം.വി. പ്രഭാകരന്‍, ഉസ്മാന്‍ തലപ്പുഴ, കെ. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.