നാടിനെ ‘നാറ്റിച്ച്’ മാലിന്യ ലോറിയുടെ കറക്കം

കല്‍പറ്റ/പനമരം: രണ്ടുദിവസം മുമ്പ് മാലിന്യം കയറ്റി ജില്ലയിലത്തെിയ കര്‍ണാടക ലോറി ക്രമസമാധാന പ്രശ്നമായി മാറുന്നു. ലോറി ഇപ്പോള്‍ നാട്ടുകാര്‍ക്കും അധികൃതര്‍ക്കും വലിയ പൊല്ലാപ്പാവുകയാണ്. ഈ ലോറി കാരണം ബുധനാഴ്ച കല്‍പറ്റ-മാനന്തവാടി റോഡും ദേശീയപാതയും ജനം ഉപരോധിച്ചു. ദേശീയ പാതയില്‍ വൈകുന്നേരത്തോടെ നാലുമണിക്കൂറാണ് ഗതാഗതം തടസ്സപ്പെട്ടത്. ലോറിയില്‍ നിന്നുള്ള ദുര്‍ഗന്ധം ജനത്തെ വട്ടം കറക്കുകയാണ്. നാടിനെ ദുര്‍ഗന്ധത്തിലാറാടിച്ച് ലോറി ജില്ലയില്‍ ചുറ്റിയടിക്കുമ്പോഴും എന്തു നടപടിയെടുക്കണമെന്ന കാര്യത്തില്‍ കൃത്യമായ തീരുമാനമെടുക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. ഇതരജില്ലകളിലെ ആശുപത്രികളടക്കമുള്ള സ്ഥാപനങ്ങളിലെ മാലിന്യമാണ് ലോറിയിലുള്ളതെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. രണ്ടു ദിവസം മുമ്പ് പനമരം ടൗണില്‍ പാലത്തിനരികെയാണ് ലോറി പ്രത്യക്ഷപ്പെട്ടത്. പനമരത്ത് ജനം പ്രശ്മുണ്ടാക്കിയതോടെ പൊലീസിന് പൊല്ലാപ്പായി. ഒടുവില്‍ പിഴ ഈടാക്കി പുലര്‍ച്ചയോടെ തങ്ങളുടെ സ്റ്റേഷന്‍ പരിധിയില്‍നിന്ന് ഈ ‘തലവേദന’ ഒഴിവാക്കി പനമരം പൊലീസ് തടിയൂരി. പുലര്‍ച്ചയോടെ കമ്പളക്കാട് സ്റ്റേഷന്‍ പരിധിയിലുള്ള പച്ചിലക്കാട്ടാണ് ജനം തടഞ്ഞത്. ജനം പച്ചിലക്കാട് റോഡും ഉപരോധിച്ചു. ബുധനാഴ്ച ഉച്ചയോടെ കല്‍പറ്റ ഭാഗത്തേക്ക് തിരിച്ച മാലിന്യവണ്ടി പുളിയാര്‍മലയിലും നാട്ടുകാരുടെ പ്രതിഷേധച്ചൂടറിഞ്ഞു. ജില്ല ഭരണകൂടം ഇടപെട്ട് കല്‍പറ്റ വെള്ളാരംകുന്നിലെ പഴയ മാലിന്യ നിക്ഷേപകേന്ദ്രത്തിലേക്ക് ലോറി എത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. പൊലീസ് കാവലില്‍ വാഹനം വെള്ളാരംകുന്നിലത്തെിയപ്പോള്‍ കല്‍പറ്റ ഗവ. കോളജ് വിദ്യാര്‍ഥികളും നാട്ടുകാരും ഇടപെട്ടു തടഞ്ഞു. ഇപ്പോള്‍ കല്‍പറ്റ വെള്ളാരംകുന്നില്‍ ദേശീയപാതക്കരികെ നിര്‍ത്തിയിട്ടിരിക്കുകയാണ് മാലിന്യവണ്ടി. ഞായറാഴ്ചയാണ് വാഹനം ജില്ലയില്‍ എത്തിയത്. തോല്‍പ്പെട്ടി വഴി കര്‍ണാടകയിലേക്ക് കടന്നുപോകാനായിരുന്നു ശ്രമം. അവിടെ നാട്ടുകാര്‍ തടഞ്ഞതോടെ തിരിച്ച് വിട്ടു. പനമരത്തത്തെിയ ലോറിയിലെ നാറ്റം സഹിക്കവയ്യാതെ ജനം ഡ്രൈവറെയും ക്ളീനറെയും കൈകാര്യം ചെയ്യുമെന്ന അവസ്ഥയിലത്തെിയിരുന്നു. ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. പച്ചിലക്കാട് കവലക്ക് സമീപം ‘ഉപേക്ഷിക്കപ്പെട്ട’ നിലയിലാണ് ബുധനാഴ്ച രാവിലെ ലോറി കണ്ടത്. ദുര്‍ഗന്ധം പരിസരത്തൊക്കെ വ്യാപിച്ചതോടെയാണ് ലോറിയില്‍ പരിശോധന നടത്തിയത്. കോഴി അവശിഷ്ടങ്ങളാണെന്നാണ് ആദ്യം കരുതിയതെങ്കിലും നാട്ടുകാരുടെ വിശദമായ പരിശോധനയില്‍ ആശുപത്രി മാലിന്യത്തോട് സാദൃശ്യമുള്ള വസ്തുക്കളാണ് ലോറിയിലെ ചാക്കുകളില്‍ കണ്ടത്. കലക്ടര്‍ വന്ന് ലോറി കസ്റ്റഡിയിലെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് തടഞ്ഞതോടെ സംഘര്‍ഷ സാധ്യതയുണ്ടായി. കമ്പളക്കാട് പൊലീസ് ഇടപെട്ട് ലോറി കല്‍പറ്റയിലേക്ക് കൊണ്ടുപോകാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയായിരുന്നു. പച്ചിലക്കാടുനിന്ന് വെള്ളാരംകുന്നിലത്തെിയ ലോറിയിലെ മാലിന്യം അവിടെ നിക്ഷേപിക്കാനുള്ള നീക്കമാണെന്നു കണ്ട് ജനം പ്രതിഷേധം ശക്തമാക്കി. മാലിന്യ വാഹനം വെള്ളാരംകുന്നില്‍ സൂക്ഷിച്ചശേഷം വ്യാഴാഴ്ച തീരുമാനമെടുക്കാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയതോടെ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ നാട്ടുകാര്‍ തയാറാവുകയായിരുന്നു. തിങ്കളാഴ്ച പനമരത്ത് ലോറി എത്തിയപ്പോള്‍ ആരോഗ്യ വകുപ്പും പൊലീസും പ്രാഥമിക നടപടികള്‍ സ്വീകരിച്ചിരുന്നു. കര്‍ണാടക സ്വദേശികളായ ഉടമസ്ഥര്‍ എത്തി പനമരം പൊലീസില്‍ പിഴയടച്ചാണ് മാലിന്യവും ലോറിയും കൊണ്ടുപോയത്. പനമരം പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും മുത്തങ്ങ വഴി ലോറി കര്‍ണാടക അതിര്‍ത്തിയിലേക്ക് കയറ്റി വിടാന്‍ നടപടി എടുത്തിരുന്നു. ഇതനുസരിച്ച് പനമരം പഞ്ചായത്ത് സെക്രട്ടറിയും ആരോഗ്യ ജീവനക്കാരും ലോറിയെ അനുഗമിച്ചതായി പനമരം പഞ്ചായത്ത് പ്രസിഡന്‍റ് ലിസി തോമസ് പറഞ്ഞു. എന്നിട്ടും ലോറിയും മാലിന്യവും എങ്ങനെ പനമരം ഭാഗത്തേക്ക് തിരിച്ചുവന്നുവെന്നത് ദുരൂഹതയുണ്ടാക്കുന്നു. പനമരത്ത് ലോറി എത്തുമ്പോള്‍ മുക്കാല്‍ ലോഡ് മാലിന്യമാണ് ലോറിയില്‍ ഉണ്ടായിരുന്നതെങ്കില്‍ പച്ചിലക്കാട് എത്തിയപ്പോള്‍ അര ലോഡായി . പിഴയടക്കാനത്തെിയ ലോറി ഉടമക്കെതിരെ ദുര്‍ബല വകുപ്പുകള്‍ ചുമത്തിയ പൊലീസിനും ആരോഗ്യ വകുപ്പിനുമെതിരെയായിരുന്നു പച്ചിലക്കാട് ജനത്തിന്‍െറ രോഷം. കമ്പളക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.