ഡോക്ടറില്ല; ജില്ല ആശുപത്രിയില്‍ കുട്ടികളുടെ ഒ.പി മുടങ്ങി

മാനന്തവാടി: ഡോക്ടര്‍ അവധിയില്‍ പോയതിനെ തുടര്‍ന്ന് ജില്ല ആശുപത്രിയിലെ കുട്ടികളുടെ ഒ.പി മുടങ്ങി. നിരവധി കുട്ടികള്‍ ചികിത്സ ലഭിക്കാതെ സ്വകാര്യ ആശുപത്രികളെ അഭയം പ്രാപിച്ചു. ഡോക്ടര്‍ ലീവാണെന്നറിയാതെ ഒ.പി ടിക്കറ്റെടുത്ത് രാവിലെ ഒമ്പതു മണിയോടെ ഒ.പിക്ക് മുന്നില്‍ വരിനിന്നവര്‍ ഏറെനേരം കഴിഞ്ഞാണ് ഡോക്ടര്‍ ഇല്ളെന്ന വിവരം അറിയുന്നത്. ഇതോടെ ചിലര്‍ സ്വകാര്യ ആശുപത്രിയിലേക്ക് പോയി. മറ്റുള്ളവര്‍ ജനറല്‍ മെഡിസിന്‍ ഒ.പിയില്‍ കാണിച്ച് മടങ്ങി. നാല് ഡോക്ടര്‍മാരാണ് ഉണ്ടായിരുന്നത്. മാസങ്ങളായി രണ്ടുപേര്‍ മാത്രമാണുള്ളത്. ഇതില്‍ ഒരാള്‍ കുറച്ച് ദിവസമായി അവധിയിലാണ്. ആകെ ഉണ്ടായിരുന്ന ഡോക്ടര്‍ ശനിയാഴ്ച അവധി എടുത്തതാണ് ഒ.പി അടഞ്ഞുകിടക്കാന്‍ കാരണം. ദിനംപ്രതി ഇരുനൂറോളം കുട്ടികള്‍ ഒ.പിയില്‍ എത്തുന്നുണ്ട്. തണുപ്പുകാലമായതോടെ രോഗികളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ത്വഗ്രോഗ ഒ.പി ഉള്‍പ്പെടെയുള്ള ഏതാനും ഒ.പികളും പ്രവര്‍ത്തിച്ചില്ല. ഈ സ്ഥിതി തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ ചികിത്സ ലഭിക്കാത്തതിന്‍െറ പേരില്‍ ജില്ല ആശുപത്രി പരിസരം സമരകേന്ദ്രമായി മാറാനുള്ള സാധ്യതയും ഏറിയിരിക്കുകയാണ്. വയനാടിന് പുറമെ കൊട്ടിയൂര്‍, കേളകം, തൊട്ടില്‍പാലം, കുട്ട, ബൈരകുപ്പ, മച്ചൂര്‍, അക്കരെ ബാവലി എന്നിവിടങ്ങളില്‍ നിന്നെല്ലാം നൂറുകണക്കിന് രോഗികള്‍ എത്തുന്ന ആതുരാലയത്തിലാണ് ഒ.പികള്‍ അടഞ്ഞുകിടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.