ആദിവാസികള്‍ മാസംതികയാതെ പ്രസവിക്കുന്നത് അനാരോഗ്യം മൂലം

സുല്‍ത്താന്‍ ബത്തേരി: വാഹനങ്ങളിലും വീടുകളിലും ആദിവാസികള്‍ പ്രസവിക്കുന്നതിന് ആശുപത്രികളുടെ ഇല്ലായ്മയെ പഴിചാരുമ്പോള്‍ മൂലകാരണങ്ങളിലേക്ക് കടക്കാന്‍ മടിക്കുകയാണ് അധികൃതരും ഭരണാധികാരികളും. എട്ടു മാസത്തിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി അഞ്ചു പ്രസവങ്ങള്‍ നടന്നത് വാഹനങ്ങളിലാണ്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് പ്രസവങ്ങള്‍ നടക്കുന്നത്. കൂടാതെ, വീടുകളിലും നിരവധി പ്രസവങ്ങള്‍ നടക്കുന്നുണ്ട്. ആദിവാസിസ്ത്രീകളിലെ അനാരോഗ്യംതന്നെയാണ് പ്രധാനകാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. മതിയായ പോഷകാഹാരക്കുറവ് അമ്മയേയും കുഞ്ഞിനേയും കാര്യമായി ബാധിക്കുന്നുണ്ട്. 2015 സെപ്റ്റംബര്‍ രണ്ടിന് തവിഞ്ഞാല്‍ എടത്തന കോളനിയിലെ കൃഷ്ണന്‍െറ ഭാര്യ അനിത ആംബുലന്‍സില്‍ പ്രസവിച്ചു. മൂന്നു കുട്ടികള്‍ക്ക് ജന്മം നല്‍കിയെങ്കിലും മൂന്നു കുഞ്ഞുങ്ങളും മരിച്ചു. മാര്‍ച്ച് 28ന് പേര്യ കോളനിയിലെ ആദിവാസിയുവതി പേര്യ ആരോഗ്യ കേന്ദ്രത്തിലേക്കുള്ള യാത്രാമധ്യേ ജീപ്പില്‍ പ്രസവിച്ചു. മേയ് മൂന്നിന് മീനങ്ങാടി കോട്ടക്കുന്ന് മണങ്ങുവയല്‍ കോളനിയിലെ അനിലിന്‍െറ ഭാര്യ ബബിത ഓട്ടോയില്‍ പ്രസവിച്ചു. മീനങ്ങാടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ബത്തേരി താലൂക്കാശുപത്രിയിലേക്ക് പോകുമ്പോഴാണ് പ്രസവം. മേയ് 10ന് മുട്ടില്‍ നെന്മേനി നാലുസെന്‍റ് കോളനിയിലെ സോമന്‍െറ ഭാര്യ ബിന്ദുവും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഓട്ടോയില്‍ പ്രസവിച്ചു. തോട്ടാമൂല നായ്ക്ക കോളനിയിലെ രാജുവിന്‍െറ ഭാര്യ രുക്മിണി മേയ് 24ന് തൊഴിലുറപ്പുപണിക്ക് പോയപ്പോള്‍ അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് വീട്ടിലേക്ക് തിരിച്ചുപോരുകയും വീട്ടില്‍ പ്രസവിക്കുകയും ചെയ്തു. ഈ പ്രസവങ്ങളെല്ലാംതന്നെ മാസം തികയാതെയാണ് സംഭവിച്ചത്. ആരോഗ്യക്കുറവും കുട്ടികളുടെ ഭാരക്കുറവും കാരണം വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ പ്രസവം നടക്കുന്നു. ഇതിനാല്‍ പ്രസവം പലപ്പോഴും വീടുകളിലും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും സംഭവിക്കുന്നു. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് രക്തത്തിലെ ഹീമോഗ്ളോബിന്‍െറ അളവ് 10 ഗ്രാമാണ് വേണ്ടത്. എന്നാല്‍, ആറും ഏഴും ഗ്രാം മാത്രമാണ് ഗോത്രവര്‍ഗ സ്ത്രീകളില്‍ ഉണ്ടാകാറുള്ളത്. പുകയില, മദ്യം എന്നിവയുടെ ഉപയോഗവും ഗര്‍ഭിണികളെ സാരമായി ബാധിക്കുന്നുണ്ട്. പ്രമോട്ടര്‍മാരും ആശാവര്‍ക്കര്‍മാരും ഗര്‍ഭിണികള്‍ക്കാവശ്യമായ നിര്‍ദേശങ്ങളും മറ്റും നല്‍കുന്നുണ്ടെങ്കിലും ഫലപ്രാപ്തിയിലത്തെുന്നില്ല. ചില പഞ്ചായത്തുകള്‍ പ്രത്യേക പദ്ധതിയിലുള്‍പ്പെടുത്തി പോഷകാഹാരം നല്‍കുന്നുണ്ടെങ്കിലും ഫണ്ട് നിലക്കുന്നതോടെ ഇത് മുടങ്ങാറാണ് പതിവ്. മാറിയ ജീവിതരീതിയും ഭക്ഷണക്രമങ്ങളും ആദിവാസിവിഭാഗക്കാരുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ആദിവാസികളായ നവജാതശിശുക്കളില്‍ ഏറെയും മതിയായ തൂക്കവും ആരോഗ്യവുമില്ലാത്തവയുമാണ്. 2015-16 വര്‍ഷത്തില്‍ 63 നവജാത ആദിവാസിക്കുട്ടികള്‍ മരിച്ചതില്‍ 13ഉം വളര്‍ച്ചയത്തൊത്തതാണ്. ആദിവാസിവിഭാഗത്തിന്‍െറതന്നെ നിലനില്‍പിനെ ചോദ്യംചെയ്യുന്ന തരത്തിലേക്കാണ് ഇത്തരം പ്രസവങ്ങള്‍ വിരല്‍ചൂണ്ടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.