സ്നേഹതീരത്തുനിന്ന് അവര്‍ മടങ്ങി; നിറമുള്ള ഓര്‍മകളുമായി

കല്‍പറ്റ: ചില്‍ഡ്രന്‍സ് ഹോമിന്‍െറ ഇടനാഴിയില്‍ ജീവിതം തള്ളിനീക്കുന്ന അനാഥ ബാല്യങ്ങള്‍ക്ക് സനാഥത്വത്തിന്‍െറയും അവധിക്കാലത്തിന്‍െറയും മാധുര്യം നല്‍കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഒരുക്കിയ ’സ്നേഹതീരം’ പദ്ധതിയില്‍ വര്‍ണാഭമായ ഓര്‍മകള്‍ കൂട്ടുകിട്ടിയത് 17 കുട്ടികള്‍ക്ക്. രണ്ടുമാസത്തേക്ക് അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും നേടിയെടുത്ത കളിചിരികളുടെ ഓര്‍മകള്‍ ഇനിയുള്ള അവരുടെ ജീവിതത്തിന് കൂടുതല്‍ നിറച്ചാര്‍ത്ത് പകരും.വീടിന്‍െറ സ്നേഹവും ലാളനയും ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത കുട്ടികളാണ് കുടുംബത്തിന്‍െറ ഭാഗമായി മാറിയത്. ഏപ്രില്‍ രണ്ടിനാണ് ഇവര്‍ വീടുകളിലേക്ക് പോയത്. അപരിചിതമായ വീട് സ്വന്തമായിതന്നെ അവര്‍ കണ്ടു. കുഞ്ഞുങ്ങളെ ചേര്‍ത്തുനിര്‍ത്താന്‍ കുടുംബങ്ങളും തയാറായി. ഒരുമാസത്തോളം തങ്ങളുടെ കുടുംബത്തിലെ അംഗമായി മാറിയ കുട്ടിയെ തിരികെ വിടാന്‍ ഏറ്റെടുത്തവര്‍ ഏറെ പ്രയാസപ്പെട്ടു. വൈകാരികമായ നിരവധി മുഹൂര്‍ത്തങ്ങള്‍ക്കാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കണിയാമ്പറ്റയിലെ ഓഫിസ് വേദിയായത്. കണ്ണീരോടെയാണ് ചിലര്‍ ജീവന്‍ജ്യോതിയുടെ പടിയിറങ്ങിയത്. മക്കളെ പിരിയേണ്ടിവന്നതിന്‍െറ വേദനയും സങ്കടവുമായിരുന്നു എല്ലാ രക്ഷാകര്‍ത്താക്കള്‍ക്കും. വേര്‍പിരിയുമ്പോള്‍ പല അമ്മമാരും കുട്ടികളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. രണ്ടു മാസത്തോളം വീടുകളുടെ സ്നേഹം നുകര്‍ന്ന ഇവര്‍ 25നാണ് തിരിച്ചത്തെിയത്. കുട്ടികളെ കൊണ്ടുപോയ രക്ഷാകര്‍ത്താക്കള്‍ തൃപ്തരാണ്. കുരുന്നു ബാല്യങ്ങള്‍ക്ക് നഷ്ടപ്പെട്ട മാതൃസ്നേഹവും സഹോദരസ്നേഹവും അവധിക്കാലത്തിന്‍െറ സുഖശീതളിമയും ആവോളം നല്‍കിയാണ് അവരെ മടക്കി അയച്ചത്. കുഞ്ഞുടുപ്പുകളും ബാഗുകളും വിലപിടിപ്പുള്ള സ്വര്‍ണാഭരണങ്ങളുമടക്കം നിരവധി സമ്മാനങ്ങളും നല്‍കിയാണ് എല്ലാവരെയും തിരികെയത്തെിച്ചത്. തിരികെയത്തെിയവര്‍ സമ്മാനങ്ങളില്‍ നല്ല പങ്കും അവസരം ലഭിക്കാത്തവര്‍ക്ക് കൈമാറുകയും ചെയ്തു. ഏറ്റെടുത്തവരില്‍ മിക്കവരും നിത്യവും കുട്ടികളെ ഫോണ്‍ വിളിക്കും. വിവരങ്ങള്‍ തിരക്കും. അത് കേള്‍ക്കുമ്പോള്‍ കുട്ടികള്‍ക്കും ഏറെ സന്തോഷം. ഇനിയും കുട്ടികളെ കൂടെ താമസിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിന് അവസരം നല്‍കാനാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.