തനത് കാര്‍ഷികസംസ്കാരം വീണ്ടെടുക്കാന്‍ വിത്തുത്സവം

കല്‍പറ്റ: ജില്ലയില്‍ അന്യംനിന്നുപോയ കാര്‍ഷികസംസ്കാരം വീണ്ടെടുക്കുന്നതിന് പ്രകൃതിസൗഹൃദ കാര്‍ഷിക ആവാസവ്യവസ്ഥയുടെയും നാടന്‍ വിത്തിനങ്ങളുടെയും പ്രചാരണം ലക്ഷ്യമിട്ട് തിരുനെല്ലി ഗ്രാമപഞ്ചായത്ത് നടത്തുന്ന വിത്തുത്സവത്തിന് കാട്ടിക്കുളത്ത് തുടക്കമായി. പരിപാടി ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഒരു നാടിന്‍െറ സംസ്കാരം, ജീവിതശൈലി എന്നിവയുടെ അടിസ്ഥാനം കാര്‍ഷികമേഖലയാണെന്നും ജില്ലയിലെ തനത് കൃഷിരീതിയിലേക്ക് കര്‍ഷകരെ തിരിച്ചുകൊണ്ടുവരുന്നതിനും സംരക്ഷിക്കുന്നതിനും നടപടികള്‍ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സേവ് അവര്‍ റൈസ് കാമ്പയിന്‍െറ ഭാഗമായി തയാറാക്കിയ ‘വിത്തും കൈക്കോട്ടും’ പത്രിക പ്രകാശനം ജില്ലാപഞ്ചായത്തംഗം എ.എന്‍. പ്രഭാകരന് നല്‍കി ഒ.ആര്‍. കേളു നിര്‍വഹിച്ചു. ജൈവകൃഷിയിലൂടെ കര്‍ഷകരക്ഷ എന്ന വിഷയത്തില്‍ തണല്‍ ട്രസ്റ്റി സി. ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഒറ്റല്‍ മുണ്ടേന്‍, മുള്ളന്‍ ചെന്താടി, ഗന്ധകശാല, നസര്‍ബത്ത്, മണ്ണു വെളിയന്‍, ബദുമ, വടക്കന്‍ ചിറ്റേനി, തൗവ്വല്‍, ഓക്ക കണ്ണി ചെന്നെല്ല്, കലജീര, ബ്ളാക്-വൈറ്റ് ജാസ്മിന്‍, ചേറ്റു ചോമാല തുടങ്ങി ഇരുനൂറോളം നാടന്‍ നെല്‍വിത്തിനങ്ങള്‍ പ്രദര്‍ശനത്തിനൊരുക്കിയിട്ടുണ്ട്. പനവല്ലി അഗ്രോ ഇക്കോളജി സെന്‍ററിന്‍െറ തണല്‍, പരമ്പരാഗത ഇന്ത്യന്‍ പരുത്തി തുണിത്തരങ്ങളുടെ സ്റ്റാള്‍, കാര്‍ഷിക അറിവുകള്‍ ഉള്‍ക്കൊള്ളുന്ന പുസ്തക സ്റ്റാള്‍, പാരമ്പര്യ ഭക്ഷണശാല തുടങ്ങി 27ഓളം സ്റ്റാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. നെല്‍വിത്തിനങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍, ചോളം തുടങ്ങി ചെറുധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറി വിത്തുകള്‍ എന്നിവയുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശനത്തോടൊപ്പം വിത്തു കൈമാറ്റത്തിനും വിപണനത്തിനും അവസരമുണ്ട്. തണല്‍, കുടുംബശ്രീ, ഭാരത് ഭീജ് സ്വരാജ് മഞ്ച്, പെസ്റ്റിസൈഡ് ആക്ഷന്‍ നെറ്റ്വര്‍ക്, ആത്മ വയനാട്, തിരുനെല്ലി സര്‍വിസ് സഹകരണ ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക്, ജി.വി.എച്ച്.എസ്.എസ് മാനന്തവാടി എന്‍.എസ്.എസ് യൂനിറ്റ്, പി.കെ. കാളന്‍ സ്മാരക സാംസ്കാരികവേദി, ഗ്രീന്‍ ലവേഴ്സ് മാനന്തവാടി, നിലം സ്വയംസഹായ സംഘം എന്നിവയുടെ സഹകരണത്തോടെയാണ് വിത്തുത്സവം സംഘടിപ്പിച്ചിരിക്കുന്നത്. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മായാദേവി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ സാലി വര്‍ഗീസ്, ഗ്രാമപഞ്ചായത്തംഗം കെ. സാജിത്ത്, ടി. ഉണ്ണികൃഷ്ണന്‍, സംഘാടകസമിതി കണ്‍വീനര്‍ കെ. ലെനീഷ്, വടക്കേ വയനാട് വനം ഡിവിഷന്‍ ഡി.എഫ്.ഒ നരേന്ദ്ര നാഥ് വേളൂരി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.