ജയലക്ഷ്മിയുടെ തോല്‍വി: വെള്ളമുണ്ടയിലെ ലീഗിന്‍െറ നിര്‍ജീവത ചര്‍ച്ചയാവുന്നു

വെള്ളമുണ്ട: യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ. ജയലക്ഷ്മിയുടെ തോല്‍വിയില്‍ വെള്ളമുണ്ട മുസ്ലിം ലീഗിന്‍െറ തെരഞ്ഞെടുപ്പ് സമയത്തെ നിര്‍ജീവത ചര്‍ച്ചയാവുന്നു. ലീഗിലെ വിഭാഗീയതക്കൊപ്പം കോണ്‍ഗ്രസിലെ ചില നേതാക്കളുടെ സമീപനവും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. സി.പി.എമ്മും ബി.ജെ.പിയും എട്ടേനാല്‍ ടൗണില്‍ നടത്തിയ ആവേശോജ്ജ്വല കലാശക്കൊട്ടിനിടയില്‍ നിറംമങ്ങിയ യു.ഡി.എഫ് കലാശക്കൊട്ട് ജനം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വിരലിലെണ്ണാവുന്ന കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകര്‍ മാത്രമാണ് കലാശക്കൊട്ടിനുണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് ദിവസവും യു.ഡി.എഫ് കേന്ദ്രത്തില്‍ ഒരുആവേശവും എവിടെയും കാണാനില്ലായിരുന്നു. ഇത് വോട്ടിനെ സ്വാധീനിച്ചുവെന്നാണ് നേതാക്കളുടെ പ്രാഥമിക വിലയിരുത്തല്‍. പഞ്ചായത്ത് ആസ്ഥാനത്തെ മൂന്ന് ബൂത്തുകളില്‍ ബൂത്ത് കമ്മിറ്റികള്‍ പോലും സജീവമായിരുന്നില്ല. പ്രവര്‍ത്തകര്‍ യു.ഡി.എഫിന് വോട്ട് ചെയ്തെങ്കിലും വോട്ട് സ്വാധീനിക്കാനുള്ള ശ്രമം കാര്യമായി നടന്നിട്ടില്ല എന്നാണ് വിലയിരുത്തല്‍. അതേസമയം, വോട്ട് ചോര്‍ച്ച വിമത പക്ഷത്തിന്‍െറ തലയില്‍ വെച്ച് ഒൗദ്യോഗികപക്ഷം ആശ്വാസം കണ്ടത്തെുന്നു. ലീഗിലെ വിമതപക്ഷത്തെ തെരഞ്ഞെടുപ്പിന്‍െറ തുടക്കംമുതലുള്ള പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്താനുള്ള ചിലരുടെ നീക്കവും പ്രവര്‍ത്തനത്തിന് തിരിച്ചടിയായി. എട്ടേനാല്‍, കട്ടയാട്, പഴഞ്ചന പ്രദേശങ്ങള്‍ വിമതപക്ഷത്തിന് സ്വാധീനമുള്ള മേഖലയാണ്. വിമതപക്ഷത്തെ പ്രവര്‍ത്തനത്തില്‍നിന്ന് അകറ്റിയതോടെ എങ്ങും നിര്‍ജീവത പ്രകടമായി. തെരഞ്ഞെടുപ്പ് ദിവസമടക്കം ഈ നിര്‍ജീവത മുഴച്ചുനിന്നത് യു.ഡി.എഫിന്‍െറ വോട്ട് ചോര്‍ച്ചക്കും ഇടവെച്ചു. എന്നാല്‍, ഒൗദ്യോഗികപക്ഷത്തും കാര്യമായ ആവേശം കാണാനില്ലായിരുന്നു. ലീഗ് കോട്ടയിലെ യു.ഡി.എഫിന്‍െറ പരാജയം മേല്‍കമ്മിറ്റികളില്‍ സജീവചര്‍ച്ചയാക്കാനാണ് വിമതപക്ഷത്തിന്‍െറ നീക്കം. പ്രവര്‍ത്തകരുടെ നിര്‍ജീവത ചര്‍ച്ചയാക്കി പാര്‍ട്ടിയുടെ നേതൃതലത്തില്‍ വീണ്ടും സജീവമാകാനുള്ള നീക്കം നടക്കുന്നുണ്ട്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമയത്താണ് പ്രസിഡന്‍റ് സ്ഥാനചൈാല്ലി ലീഗില്‍ തര്‍ക്കം ഉടലെടുക്കുന്നത്. പിന്നീട് നടന്ന നിരവധി ചര്‍ച്ചകള്‍ക്കൊടുവിലും പ്രശ്നംപരിഹരിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. അതേസമയം, വോട്ട് ചോര്‍ച്ച കോണ്‍ഗ്രസ്-ലീഗ് ബന്ധത്തിലും ഉലച്ചിലുണ്ടാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.