പുതിയ സര്‍ക്കാറില്‍ പ്രതീക്ഷ ; പാടികളിലെ ജീവിതം ശരിയാക്കുമോ

വൈത്തിരി: ഹാരിസണ്‍ മലയാളം പ്ളാന്‍േറഷന്‍ അടക്കമുള്ള എസ്റ്റേറ്റ് പാടികളില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്ക് ഈ കാലവര്‍ഷവും ദുരിതജീവിതം തന്നെ. ഭൂരിഭാഗം തോട്ടങ്ങളിലും ഏറെ കാലപ്പഴക്കമുള്ള പാടികളാണ്. പൊളിഞ്ഞുവീഴാറായ ഈ പാടികളിലാണ് തൊഴിലാളികള്‍ അന്തിയുറങ്ങുന്നത്. ജില്ലയിലെ പ്രധാന തോട്ടംമേഖലകളായ വൈത്തിരി, മുപ്പൈനാട്, പൊഴുതന, മേപ്പാടി പഞ്ചായത്തുകളിലെ വിവിധ ഡിവിഷനുകളില്‍ സ്ഥിതിചെയ്യുന്ന പാടികള്‍ പലതും ആദിവാസികളുടെ ദുരിതപൂര്‍ണമായ ചുറ്റുപാടുകളേക്കാള്‍ ജീര്‍ണാവസ്ഥയിലാണ്. 1950 കാലഘട്ടത്തിന് മുമ്പ് നിര്‍മിച്ചവയാണ് ഹാരിസണ്‍ മലയാളം പ്ളാന്‍േറഷന്‍ അടക്കമുള്ള കമ്പനികളുടെ കൈവശത്തിലുള്ള പാടികള്‍. കരിങ്കല്ലും മണ്ണും ചേര്‍ത്ത് നിര്‍മിച്ച അഞ്ച് മുതല്‍ ആറ് വരെ ഒറ്റ ലൈനുകളില്‍ ഓടുമേഞ്ഞ പാടികളിലാണ് കുടുംബങ്ങള്‍ താമസിക്കുന്നത്. ഇടുങ്ങിയ പാടിമുറികളില്‍ ചെറിയ വരാന്ത, ഒരുകിടപ്പ്മുറി, അടുക്കള, കക്കൂസ് തുടങ്ങിയവ ചേര്‍ന്നതാണ് പാടിയുടെ ഒരുഭാഗം. കാലാകാലങ്ങളില്‍ മാനേജ്മെന്‍റ് അറ്റകുറ്റപ്പണികള്‍ നടത്താതായതോടെ മിക്കവയും ദുര്‍ബലമായി. ഓടുമേഞ്ഞ മേല്‍ക്കൂരയും ചുവരുകളുടെ സ്ഥിതിയും ശോച്യമാണ്. എല്ലാ മഴക്കാലത്തും ചോര്‍ന്നൊലിക്കുന്ന പാടികള്‍ക്ക് മുകളില്‍ പ്ളാസ്റ്റിക് ഷീറ്റുകള്‍ വലിച്ച് കെട്ടിയും ഓടുകള്‍ക്ക് മുകളില്‍ കുമ്മായം വിതറിയുമാണ് മഴയെ പ്രതിരോധിക്കുന്നത്. പാടികള്‍ വാസയോഗ്യമാക്കേണ്ട ഉത്തരവാദിത്തം തോട്ടം മാനേജ്മെന്‍റിനാണ്. എന്നാല്‍, അറ്റകുറ്റപ്പണി നടത്തേണ്ട സമയമാകുമ്പോള്‍ തൊഴിലാളികളെ കൈയൊഴിയുകയാണ് പതിവ്. വീഴാറായ പാടികള്‍ പൊളിച്ച് പണിയുന്നതിനും തയാറാവുന്നില്ല. തൊഴിലാളി സംഘടനകള്‍ ഇത്തരം പ്രശ്നങ്ങള്‍ ന്യൂനപക്ഷ കമീഷനുകളടക്കവയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടി വൈകുകയാണ്. പാടികള്‍ തീര്‍ത്തും വാസയോഗ്യമല്ലാതായതോടെ തോട്ടം മേഖലയില്‍നിന്ന് തൊഴിലാളി കുടുംബങ്ങള്‍ ഒഴിഞ്ഞുപോവുന്നതും പതിവായി. കമ്പനികളുടെ കൈവശത്തിലുള്ള പാറക്കുന്ന്, കല്ലൂര്‍, ആനപ്പാറ, പുത്തുമല, ചുണ്ടേല്‍ തുടങ്ങിയ ഡിവിഷനുകളിലെ തൊഴിലാളികള്‍ ഒഴിഞ്ഞുപോയി. ഇവര്‍ താമസിച്ച പാടികള്‍ ഏതുസമയത്തും നിലംപൊത്താമെന്ന സ്ഥിതിയിലാണ്. തോട്ടം മാനേജ്മെന്‍റുകള്‍ ജില്ലയിലെ എസ്റ്റേറ്റുകളിലെ മുഴുവന്‍ ഡിവിഷനുകളിലും പരാതി പുസ്തകം വെച്ചിട്ടുണ്ട്. പാടികളുടെ ശോച്യാവസ്ഥയെക്കുറിച്ച് പുസ്തകളില്‍ എഴുതിയാലും ഫലം ഉണ്ടാകാറില്ളെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു. തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുതിയ സര്‍ക്കാര്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ തോട്ടംതൊഴിലാളികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.