സുല്‍ത്താന്‍ ബത്തേരി: ചെട്ട്യാലത്തൂര്‍ വനഗ്രാമവാസികള്‍ വൈദ്യുതി വരുന്നതും കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഒടുവില്‍ വൈദ്യുതി ലൈന്‍ വലിക്കുന്നതിന് 1.1 കോടി രൂപ പാസായി. ദീന്‍ദയാല്‍ ഉപാധ്യായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിക്ക് ഭരണാനുമതിയും ലഭിച്ചു. എന്നാല്‍, ഈ വനഗ്രാമത്തിലെ ആളുകള്‍ക്ക് ഇതുവരെ വൈദ്യുതി വെളിച്ചം കാണാനായിട്ടില്ല. പാട്ടവയല്‍ റോഡില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ വനത്തിലൂടെ സഞ്ചരിച്ചുവേണം ചെട്ട്യാലത്തൂരില്‍ എത്താന്‍. ഇവിടേക്കുള്ള റോഡിന്‍െറ അവസ്ഥയും പരിതാപകരമാണ്. നാലു വര്‍ഷം മുമ്പ് 35 ലക്ഷം രൂപ വകയിരുത്തി വൈദ്യുതി ലൈന്‍ വലിക്കാന്‍ പദ്ധതിയിട്ടു. വൈദ്യുതി പോസ്റ്റുകള്‍ സ്ഥാപിച്ച് ലൈന്‍ വലിക്കാനായിരുന്നു പദ്ധതി. വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് ആനയടക്കമുള്ള വന്യമൃഗങ്ങള്‍ ചാകാന്‍ സാധ്യതയുള്ളതിനാല്‍ വനം വകുപ്പ് അനുമതി നിഷേധിക്കുകയായിരുന്നു. ഇതോടെ ചെട്ട്യാലത്തൂരുകാരുടെ ഏറെ നാളത്തെ സ്വപ്നം പൊലിഞ്ഞു. പിന്നീട് മണ്ണിനടിയിലൂടെയുള്ള എ.ബി.സി കേബിള്‍ ഉപയോഗിച്ച് വൈദ്യുതി എത്തിക്കാനായി നീക്കം. ദീന്‍ദയാല്‍ ഉപാധ്യായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേബിള്‍ ഉപയോഗിച്ച് വൈദ്യുതി സ്ഥാപിക്കുന്നതിനായി 1.1 കോടി രൂപയും വകയിരുത്തി. എന്നാല്‍, ഇപ്പോഴും വനം വകുപ്പിന്‍െറ അനുമതിക്കായി കാത്തിരിക്കുകയാണ്. 150ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ചെട്ടിമാരും ആദിവാസികളുമാണ് ഏറെയും. ഒരു എല്‍.പി സ്കൂളും പ്രവര്‍ത്തിക്കുന്നുണ്ട്. വന്യമൃഗശല്യം രൂക്ഷമായ ഇവിടെ ആനയിറങ്ങുന്നത് പതിവാണ്. മതിയായ വെളിച്ചമില്ലാത്തതിനാല്‍ സന്ധ്യയായാല്‍ പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്. സോളാര്‍ ലൈറ്റുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഒരു ബള്‍ബു പോലും തെളിക്കാനാവശ്യമായ ഊര്‍ജം ലഭിക്കാറില്ല. സോളാര്‍ ഉപയോഗിച്ചാണ് മിക്ക വീടുകളിലും റോഡിയോ പ്രവര്‍ത്തിക്കുന്നതും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതുമെല്ലാം. സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ് ഈ പ്രദേശം. എന്നാല്‍ ചില ആളുകള്‍ സ്ഥലം വിട്ടുപോകാന്‍ തയാറാകാത്തതിനാല്‍ പുനരധിവാസവും അനിശ്ചിതത്വത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.