കല്‍പറ്റ: മഴക്കാലത്തിന്‍െറ ആരംഭത്തോടെ പകര്‍ച്ചവ്യാധികള്‍ പിടിപെടുവാന്‍ സാധ്യത കൂടുതലുള്ളതിനാല്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കം, കൊതുകുജന്യരോഗങ്ങളായ ഡെങ്കിപ്പനി, ചികുന്‍ഗുനിയ, എലിപ്പനി തുടങ്ങിയവക്കെതിരെ പ്രത്യേക മുന്‍കരുതല്‍ എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആശാദേവി അറിയിച്ചു. എല്ലാ പഞ്ചായത്തുകളിലും മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളും കൊതുക്, കൂത്താടി ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കണം. ജനപ്രതിനിധികളുടെയും ഇതരവകുപ്പുകളുടെയും സഹകരണത്തോടെ ഇക്കാര്യങ്ങള്‍ ഏകോപിക്കുവാന്‍ ബന്ധപ്പെട്ട എല്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുവാനും നിര്‍ദേശം നല്‍കി. ഇടവിട്ട് ലഭിക്കുന്ന മഴയുടെ പാശ്ചാത്തലത്തില്‍ കൊതുകുജന്യ രോഗങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. ആയതിനാല്‍ വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരങ്ങളിലുള്ള വെള്ളം കെട്ടിനില്‍ക്കുന്നതും കെട്ടിക്കിടക്കാന്‍ സാധ്യതയുള്ളതുമായ എല്ലാ പാഴ്വസ്തുക്കളും അടിയന്തരമായി നീക്കംചെയ്യണം. കൃഷിയിടങ്ങളുടെ പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കാനിടയാവുന്ന വസ്തുക്കള്‍ നീക്കം ചെയ്യണം. വീടുകളുടെ റൂഫിലും സണ്‍ഷെയ്ഡിലും വെള്ളം കെട്ടിനില്‍ക്കാത്ത വിധത്തില്‍ വൃത്തിയാക്കണം. ജലജന്യരോഗങ്ങളെ നേരിടാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കിണറുകള്‍ മഴക്കുമുമ്പേ വൃത്തിയാക്കുകയും ബ്ളീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ളോറിനേഷന്‍ നടത്തുകയും വേണം. കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ. വെള്ളം ശേഖരിക്കുന്ന ടാങ്കുകള്‍ അടച്ചുസൂക്ഷിക്കണം. ആഹാരം പാകംചെയ്യാനും മറ്റും ശുചിത്വമുള്ള വെള്ളംതന്നെ ഉപയോഗിക്കണം. വഴിവക്കിലുള്ള, വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പാകംചെയ്ത ഭക്ഷണങ്ങള്‍ കഴിക്കരുത്. രോഗമുണ്ടായാല്‍ സ്വയംചികിത്സ ചെയ്യാതെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.