യു.ഡി.എഫ് തോല്‍വി കൂടെനിന്നു ചതിച്ചതിന്‍െറ തുടര്‍ച്ച –കേരള കോണ്‍. എം

കല്‍പറ്റ: വയനാട്ടില്‍ യു.ഡി.എഫിനേറ്റ കനത്ത തിരിച്ചടിയുടെ കാരണം വ്യക്തമാക്കാന്‍ ജില്ലയില്‍ മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ്, ലീഗ് നേതൃത്വങ്ങള്‍ തയാറാകണമെന്ന് കേരള കോണ്‍ഗ്രസ്-എം ജില്ലാ സ്റ്റിയറിങ് കമ്മിറ്റി ആവശ്യപ്പെട്ടു. യു.ഡി.എഫ് കോട്ടയായിരുന്ന ജില്ലയില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ തോറ്റത് കാലുവാരലും കുതികാല്‍ വെട്ടലും കൊണ്ട് മാത്രമാണ്. കല്‍പറ്റയില്‍ സി. മമ്മൂട്ടിയും മാനന്തവാടിയില്‍ പി. ബാലനും കോണി ചിഹ്നത്തില്‍ മത്സരിച്ചപ്പോള്‍ തോല്‍പിച്ചത് മുന്നണിക്കുള്ളിലെ ആളുകളാണ്. എന്‍.ഡി. അപ്പച്ചന്‍, കെ.സി. റോസക്കുട്ടി ടീച്ചര്‍, കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ മത്സരിച്ചപ്പോഴും ഇന്നത്തെ ജില്ലാ നേതാക്കള്‍ കാലുവാരി എതിര്‍പക്ഷത്തെ വിജയിപ്പിച്ചത് വയനാട്ടുകാര്‍ക്ക് ബോധ്യമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പുകളിലും നിരവധിതവണ മുന്നണി സ്ഥാനാര്‍ഥികളെ കുതികാല്‍വെട്ടി പരാജയപ്പെടുത്തി. സ്വന്തം സ്ഥാനാര്‍ഥികളെ കൂടെ നിന്നും മാറിനിന്നും ചതിച്ചതിന്‍െറ തുടര്‍ച്ചയാണ് ഇത്തവണ കല്‍പറ്റയിലും മാനന്തവാടിയിലും സംഭവിച്ചതെന്നും യോഗം ചൂണ്ടിക്കാട്ടി. ത്രിതല തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് നേതൃത്വം കാലുവാരി തോല്‍പിച്ചു. തുടര്‍ന്ന് ബത്തേരി നഗരസഭയില്‍ തുല്യം വന്നപ്പോള്‍ നറുക്കെടുപ്പില്‍ യു.ഡി.എഫിനൊപ്പം നിന്നില്ല എന്ന കാരണം പറഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിനെ അകറ്റിനിര്‍ത്തി, തരിയോട് പഞ്ചായത്തില്‍ സി.പി.എമ്മിന് വോട്ടുചെയ്ത് അവരെ പ്രസിഡന്‍റാക്കി. ജെ.ഡി.യു കല്‍പറ്റ സഹകരണബാങ്കില്‍ സി.പി.എം മുന്നണിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ്-ലീഗ് സഖ്യത്തെ പരാജയപ്പെടുത്തി. ഇപ്രകാരമെല്ലാം ജില്ലയില്‍തന്നെ മുന്നണിയില്‍ നിരവധി അപസ്വരങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍, കേരള കോണ്‍ഗ്രസ് പാര്‍ട്ടിയോട് മാത്രം ശത്രുതകാട്ടി കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ പാര്‍ട്ടിയെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കല്‍പറ്റയിലെ തോല്‍വിക്ക് കാരണമായത് പ്രവാചകനിന്ദയും കേരളത്തിലെ മൊത്തം തോല്‍വിയുടെ ഭാഗമായി വന്നതാണെന്നും പറഞ്ഞ് നിസ്സാരവത്കരിക്കുന്നത് ശരിയല്ല. മുന്നണി സ്ഥാനാര്‍ഥികളെ പോയകാലത്ത് ലീഗ് കാലുവാരാറില്ലായിരുന്നു. എന്നാല്‍, ഇക്കുറി പടിഞ്ഞാറത്തറ, കണിയാമ്പറ്റ, മേപ്പാടി, വെള്ളമുണ്ട, മുട്ടില്‍, പനമരം, മൂപ്പൈനാട്, തൊണ്ടര്‍നാട് തുടങ്ങിയ മുസ്ലിം ഭൂരിപക്ഷ പഞ്ചായത്തുകളില്‍ ലീഗ് പിറകോട്ടുപോയി. കോണ്‍ഗ്രസ് എക്കാലത്തും കാലുവാരാറുണ്ട്. ‘ആങ്ങള ചത്താലും വേണ്ടില്ല, നാത്തൂന്‍െറ കണ്ണീര് കാണാമല്ളോ’ എന്നാഗ്രഹിക്കുന്ന പെങ്ങളെപോലെയാണ് ഒരു പറ്റം സ്ഥാനമോഹികളായ കോണ്‍ഗ്രസ് നേതാക്കള്‍. വിവിധ തെരഞ്ഞെടുപ്പുകളിലെടുത്ത സമീപനം തുടര്‍ന്നതിന്‍െറ ഫലമായാണ് മാനന്തവാടിയിലും കല്‍പറ്റയിലുമടക്കം തോറ്റത്. സഖ്യകക്ഷികളുടെ സീറ്റ് തോല്‍പിച്ചാല്‍ അടുത്തതവണ തങ്ങള്‍ക്ക് അവരില്‍നിന്ന് തോറ്റ സീറ്റെടുക്കാമെന്ന ‘വെടക്കാക്കി തനിക്കാക്കാമെന്ന’ ക്രൂരമായ കൗശലമാണ് കോണ്‍ഗ്രസിലെ സീറ്റ് മോഹികളുടെ തന്ത്രം. 18,000ല്‍ പരം വോട്ടിന് ജയിച്ച ജെ.ഡി.യു സ്ഥാനാര്‍ഥിയെ 13,000ല്‍ പരം വോട്ടിന് തോല്‍പിക്കാന്‍ ഉശിരുകാണിച്ച കോണ്‍ഗ്രസ്-ലീഗ് ഒത്തുകളി മാപ്പര്‍ഹിക്കുന്നില്ല. കൂടെനിന്നുള്ള ചതിയുടെ ഫലമായിരുന്നു ഡി.സി.സി സെക്രട്ടറി പി.വി. ജോണിന്‍െറ നിരാശപൂണ്ട ആത്മഹത്യ. സ്വന്തം സ്ഥാനാര്‍ഥികളെ തോല്‍പിക്കാന്‍ രാപ്പകല്‍ പാടുപെട്ട കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിലുള്ള ഒരുവിഭാഗം ഇരിക്കുന്ന കൊമ്പുതന്നെ മുറിച്ചിട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പുകളിലെ ഇവരുടെ ചതിപ്രയോഗങ്ങള്‍ക്ക് പൊതുസമൂഹം മറുപടിനല്‍കുമെന്നും യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്‍റ് കെ.ജെ. ദേവസ്യ അധ്യക്ഷത വഹിച്ചു. വി. ജോണ്‍ ജോര്‍ജ്, ടി.എസ്. ജോര്‍ജ്, രാജന്‍ പൂതാടി, എ.വി. മത്തായി മാസ്റ്റര്‍, കെ.വി. സണ്ണി, പി. അബ്ദുല്‍ സലാം, കെ.വി. മാത്യു, കെ.കെ. ബേബി, ജോസഫ് കളപ്പുര, സെബാസ്റ്റ്യന്‍ ചാമക്കാല, ടി.എല്‍. സാബു, മാത്യു കടുപ്പില്‍, ഐ.സി. ചാക്കോ, പി.ടി. മത്തായി, ജോണ്‍ സെബാസ്റ്റ്യന്‍, ജോസഫ് മാണിശ്ശേരി, അഡ്വ. ടി.ജെ. ആന്‍റണി, പി.കെ. മാധവന്‍ നായര്‍, റാണി വര്‍ക്കി, ടി.ജെ. ചിന്നമ്മ ടീച്ചര്‍, അഷ്റഫ് പൂക്കയില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.