ജില്ലയില്‍ പോളിങ് 78.22 ശതമാനം

കല്‍പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒടുവില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ തിട്ടപ്പെടുത്തിയപ്പോള്‍ ജില്ലയില്‍ 78.22 ശതമാനം പോളിങ്. ജില്ലയില്‍ ആകെ 4,65,941 വോട്ടുകളാണ് പോള്‍ ചെയ്തത്. ഇതില്‍ 2,28,240 പുരുഷ വോട്ടര്‍മാരും 2,27,701 സ്ത്രീ വോട്ടര്‍മാരുമാണ്. കല്‍പറ്റ നിയോജക മണ്ഡലത്തിലാണ് പോളിങ് ശതമാനം കൂടുതല്‍. കുറവ് മാനന്തവാടി നിയോജകമണ്ഡലത്തിലുമാണ്. ഇത്തവണ പോളിങ്ങില്‍ അഞ്ചു ശതമാനത്തോളം വര്‍ധനയുണ്ടായി. ജില്ലയില്‍ സ്വീപ് പദ്ധതിയും ഓര്‍മമരം പദ്ധതിയും കാര്യക്ഷമമായി നടപ്പാക്കിയത് വോട്ടിങ് ശതമാനം വര്‍ധിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പറ്റ എന്നീ മൂന്നു നിയമസഭാ മണ്ഡലങ്ങളിലായി 2,92,001 പുരുഷ വോട്ടര്‍മാരും 3,03,680 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 5,95,681 വോട്ടര്‍മാരാണുള്ളത്. ജില്ലയുടെ ആസ്ഥാന മണ്ഡലമായ കല്‍പറ്റയില്‍ 78.75ഉം സുല്‍ത്താന്‍ ബത്തേരിയില്‍ 78.55ഉം മാനന്തവാടിയില്‍ 77.3 ശതമാനവുമാണ് പോളിങ്. കല്‍പറ്റയില്‍ 1,90,643 വോട്ടര്‍മാരില്‍ 1,50,123 പേര്‍ വോട്ട് ചെയ്തു. 93,172 പുരുഷ വോട്ടര്‍മാരില്‍ 72,815 പേര്‍ വോട്ട് ചെയ്തു. (78.15) 97,471 സ്ത്രീ വോട്ടര്‍മാരില്‍ 77,308 പേര്‍ വോട്ട് ചെയ്തു (79.31). ബത്തേരി മണ്ഡലത്തില്‍ 2,17,661 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 10,66,48 പുരുഷ വോട്ടര്‍മാരില്‍ 83,782 പേര്‍ വോട്ട് രേഖപ്പെടുത്തി (78.56 ശതമാനം). 1,11,013 സ്ത്രീ വോട്ടര്‍മാരില്‍ 87,185 പേര്‍ വോട്ട് രേഖപ്പെടുത്തി (78.54 ശതമാനം). മാനന്തവാടിയില്‍ 1,87,377 വോട്ടര്‍മാരില്‍ 1,44,851 പേര്‍ വോട്ട് ചെയ്തു. 92,181 പുരുഷ വോട്ടര്‍മാരില്‍ 71,643 പേര്‍ വോട്ട് ചെയ്തു (77.72). 95,196 സ്ത്രീ വോട്ടര്‍മാരില്‍ 73,208 പേര്‍ വോട്ട് ചെയ്തു (76.9). 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ടര്‍മാരുടെ എണ്ണത്തിലും പോളിങ്ങിലും മൂന്നു മണ്ഡലങ്ങളിലും വര്‍ധനയുണ്ട്. കല്‍പറ്റയില്‍ 2011ല്‍ 74.19 ശതമാനമായിരുന്നു പോളിങ്. ഇത്തവണ 4.56 ശതമാനം വര്‍ധിച്ചു. മാനന്തവാടിയില്‍ 74.15 ആയിരുന്നു കഴിഞ്ഞതവണ പോളിങ് ശതമാനം. ഇത്തവണ 3.15 ശതമാനം ഉയര്‍ന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ 2011ല്‍ 73.18 ആയിരുന്നു പോളിങ് ശതമാനം. ഇത്തവണ 5.37 ശതമാനം കൂടി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ശരാശരി പോളിങ് ശതമാനം 72 ആയിരുന്നു. സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തില്‍ 71.32, കല്‍പറ്റ 72.53, മാനന്തവാടി 72.13 എന്നിങ്ങനെയാണ്. ജില്ലയില്‍ ഒരു ഓക്സിലയറി ബൂത്തടക്കം സുല്‍ത്താന്‍ ബത്തേരിയില്‍ 184ഉം കല്‍പറ്റയില്‍ 145ഉം മാനന്തവാടിയില്‍ 141ഉം ഉള്‍പ്പെടെ 471 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. ഇതില്‍ 47 ബൂത്തുകള്‍ മാതൃകാ ബൂത്തുകളായിരുന്നു. വനിതകള്‍മാത്രം പോളിങ് ഉദ്യോഗസ്ഥരായ എട്ട് വനിതാ ബൂത്തുകളും ഉണ്ടായിരുന്നു. 2,952 ഉദ്യോഗസ്ഥരെയാണ് പോളിങ്ങിനായി നിയോഗിച്ചത്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. 25 ബൂത്തുകളില്‍ സി.ആര്‍.പി.എഫും 32 ബൂത്തുകളില്‍ കര്‍ണാടക പൊലീസിനെയും നിയോഗിച്ചിരുന്നു. സി.ആര്‍.പി.എഫിന്‍െറ മൂന്ന് കമ്പനിയും കര്‍ണാടക പൊലീസിന്‍െറ രണ്ട് കമ്പനിയുമാണ് തെരഞ്ഞെടുപ്പ് സുരക്ഷക്കായി സംസ്ഥാന പൊലീസിന് പുറമെ ജില്ലയില്‍ കര്‍മനിരതരായത്. ഇതിനുപുറമെ ജില്ലാ പൊലീസ് മേധാവിയുടെ ഒരു സ്ട്രൈക് ഫോഴ്സും സുരക്ഷക്കുണ്ടായിരുന്നു. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 42 ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തി. 21 ബൂത്തുകളില്‍ വിഡിയോ ഗ്രാഫിയും 31 ബൂത്തുകളില്‍ മൈക്രോ ഒബ്സര്‍വര്‍മാരെയും ഏര്‍പ്പെടുത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.