കാലവര്‍ഷം: മുന്നൊരുക്കം വിലയിരുത്തി

കല്‍പറ്റ: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. എ.ഡി.എം സി.എം. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ഇത്തവണ 35 ശതമാനം മഴ കൂടുതല്‍ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍െറ പ്രവചനം. ഈ സാഹചര്യത്തില്‍ വയനാടിന്‍െറ സവിശേഷമായ ഭൂപ്രകൃതിയനുസരിച്ച് മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനുമുള്ള സാധ്യതകള്‍ മുന്‍നിര്‍ത്തിയുള്ള മുന്നൊരുക്കങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്തു. ഒരു ഡെപ്യൂട്ടി തഹസില്‍ദാറിന്‍െറ കീഴില്‍ താലൂക്ക് ഓഫിസുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. ദൈനംദിന റിപ്പോര്‍ട്ടിങ് നടത്തുന്ന രീതിയിലാവും ഇതിന്‍െറ പ്രവര്‍ത്തനം. കാര്‍ഷിക മേഖലയിലെ നാശനഷ്ടങ്ങള്‍ കൃഷിഭവനുകള്‍ മുഖേന അന്നന്ന് അറിയിക്കാന്‍ കൃഷിവകുപ്പിന്‍െറ സംവിധാനമുണ്ടാകും. പട്ടികവര്‍ഗ വകുപ്പിന്‍െറ നേതൃത്വത്തില്‍ ആദിവാസി കോളനികളില്‍ മഴക്ക് മുമ്പായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. കോളനികള്‍ സന്ദര്‍ശിക്കാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനുമുള്ള മുന്നൊരുക്കങ്ങള്‍ക്കും നിര്‍ദേശം നല്‍കി. മഴക്കാലത്തിന് മുമ്പായി റോഡിലെ വലിയ കുഴികളും മറ്റും നികത്തി അപകട സാധ്യതകള്‍ ഇല്ലാതാക്കാന്‍ എ.ഡി.എം പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി. ഇതിന്‍െറ ഭാഗമായി കെ.എസ്.ഇ.ബി വൈദ്യുതി ലൈനുകളിലെ മരക്കൊമ്പുകളും മറ്റും വൃത്തിയാക്കും. പഴയ പോസ്റ്റുകള്‍ മാറ്റാനും നിര്‍ദേശം നല്‍കി. ജല അതോറിറ്റി ശുദ്ധജല വിതരണം കാര്യക്ഷമമാക്കാനുള്ള പ്രവര്‍ത്തനം നടത്തും. അപായസാധ്യതകളുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ വെക്കും. പതിവുപോലെ അപകടസാധ്യതയുള്ള വിനോദ സഞ്ചാര കേന്ദ്രമായ കുറുവ മഴക്കാലത്ത് അടച്ചിടും. ജില്ലയിലെ ഫയര്‍ഫോഴ്സില്‍ മഴക്കാലത്തിന് മുമ്പായി ഒഴിവുകള്‍ നികത്താന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ എ.ഡി.എം നിര്‍ദേശം നല്‍കി. വയനാടിന്‍െറ സവിശേഷമായ ഭൂപ്രകൃതി പരിഗണിച്ച് ക്വാറി ഖനനാനുമതി നല്‍കുന്നതിന് മുമ്പായി പാരിസ്ഥിതികാഘാതം, ജനവാസ കേന്ദ്രങ്ങള്‍ക്കുള്ള ഭീഷണി എന്നിവ കണക്കിലെടുക്കണമെന്ന് ജിയോളജി വകുപ്പിന് എ.ഡി.എം നിര്‍ദേശം നല്‍കി. പുതിയ ഖനനാനുമതി നല്‍കുന്നതിന് മുമ്പ് ഉപേക്ഷിക്കപ്പെട്ട ക്വാറികള്‍ മൂലമുള്ള അപായസാധ്യതകള്‍ ഇല്ലാതാക്കാന്‍ വേണ്ട സുരക്ഷ ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചു. യോഗത്തില്‍ ജില്ലാ ഫിനാന്‍സ് ഓഫിസര്‍ കെ.എം. രാജന്‍, ജില്ലാ ലോ ഓഫിസര്‍ എന്‍. ജീവന്‍, വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ധനേഷ്കുമാര്‍, ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസര്‍ പി.യു. ദാസ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.